മുന്നാക്കാക്കാരിലെ പിന്നാക്കകാർക്ക് സംവരണം; സര്‍ക്കാര്‍ നിലപാടിനോട് വിയോജിപ്പറിയിച്ച് കാന്തപുരം വിഭാഗം.

Kerala

മുന്നാക്കാക്കാരിലെ പിന്നാക്കകര്‍ക്ക് പത്ത് ശതമാനം സംവരണം ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ നിലപാടിനോട് വിയോജിപ്പറിയിച്ച് കാന്തപുരം വിഭാഗം. നടപടി രാഷ്ട്രീയ ലക്ഷ്യത്തോടെ നടപ്പാക്കിയ വന്‍ ചതിയാണെന്നുമാണ് മുഖപത്രമായ സിറാജിലൂടെ വിമര്‍ശിച്ചിരിക്കുന്നത്.

സര്‍ക്കാര്‍ നടപടി വഞ്ചനയാണെന്നും സവര്‍ണ്ണ താല്‍പര്യം കാത്ത് സൂക്ഷിക്കുന്നതാണെന്നും സിറാജിന്റെ മുഖപ്രസംഗത്തില്‍ ചൂണ്ടി കാണിക്കുന്നുണ്ട്. മുന്നാക്ക സംവരണം നടപ്പാക്കിയ സര്‍ക്കാര്‍ സംവരണത്തെ വെല്ലുവിളിക്കുകയാണെന്നും മുഖപ്രസംഗം പറയുന്നു.

‘രാജ്യത്തെ ജനസംഖ്യയുടെ നാലില്‍ മൂന്ന് ശതമാനം വരുന്ന ജനവിഭാഗത്തെ നിശബ്ദമാക്കിക്കൊണ്ടാണ് സാമ്പത്തിക പിന്നാക്കാവസ്ഥയുടെ പേരില്‍ സംവരണത്തിന്റെ അടിസ്ഥാന ആശയങ്ങളെ തന്നെ കുഴിച്ച് മൂടിയിരിക്കുന്നത്. സംവരണം സമ്പത്തിന്റെ അടിസ്ഥാനത്തിലാണെന്ന് പ്രചരിപ്പിക്കുന്നതിലൂടെ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ രാജ്യത്തിന്റെ ചരിത്രത്തെയാണ് വെല്ലുവിളിച്ചിരിക്കുന്നത്. അതേസമയം, സംവരണം അട്ടിമറിക്കാന്‍ സര്‍ക്കാരുകള്‍ നിരത്തിയ കാരണങ്ങളും അതിന് വെച്ച ഉപാധികളും ഏത് മാനദണ്ഡ പ്രകാരമാണെന്ന് ജനങ്ങളെ വിശ്വസിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല,’മുഖപ്രസഗത്തില്‍ ചൂണ്ടി കാണിക്കുന്നു.
മുന്നാക്ക സംവരണമായി പത്ത് ശതമാനമാണ് സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത് എന്തടിസ്ഥാനത്തിലാണ് ഇതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. എംബിബിഎസ്, മെഡിക്കല്‍ പിജി വിഭാഗങ്ങളിലുള്‍പ്പെടെ നിലവിലെ സംവരണ സമുദായങ്ങളെക്കാള്‍ മുന്നാക്ക സംവരണം വന്നത് ഏത് മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കിയാണ്. സംവരണ വിഭാഗങ്ങളുടെ അവസരങ്ങള്‍ കവര്‍ന്നെടുക്കില്ലെന്ന് പറയുന്ന സര്‍ക്കാര്‍ പൊതുവിഭാഗത്തിലെ പത്ത് ശതമാനത്തിന് പകരം മുഴുവന്‍ സീറ്റിലെയും പത്ത് ശതമാനം മുന്നാക്കക്കാര്‍ക്ക് നീക്കിവെക്കുന്നത് വഞ്ചനാപരമാണെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *