കൽപ്പറ്റ: കൊറോണ വൈറസ് വ്യാപനമുണ്ടായ ഘട്ടത്തിൽ സർക്കാർ നിർദ്ദേശം വരുന്നതിന് മുൻപ് തന്നെ കോടികൾ മുടക്കി നവീകരിച്ച റൂമുകൾ ഉൾപ്പടെ വയനാട് ജില്ലയിലെ ഭൂരിഭാഗം ടൂറിസ്റ്റ് ഹോമുകളും റിസോർട്ടുകളും കോറൻ്റൈൻ പ്രവർത്തനങ്ങൾക്ക് വിട്ട് നൽകിയിരുന്നു.
എന്നാൽ പല സ്ഥാപനങ്ങളും കൃത്യമായ പരിചരണം ലഭിക്കാത്തതിനാൽ നാശമായി പോവുകയുണ്ടായി.കൂടാതെ വൻ തുക വൈദ്യുതി ബില്ലായി ഉടമകൾക്ക് KSEB നൽകുകയുമുണ്ടായി. ഈ ഘട്ടത്തിലാണ് സർക്കാർ ഇടപെട്ട് ഇത്തരം സ്ഥാപനങ്ങൾക്ക് ആശ്വാസധനസഹായം പ്രഖ്യാപിച്ചതും വൈദ്യുതി ബിൽ ഏറ്റെടുക്കുമെന്ന് അറിയിച്ചതും.
ബഹു: വയനാട് കളക്ടർ, MLA മാർ, DTPC എന്നിവരുടെ ശ്രമഫലമായി സർക്കാർ നടപടിക്രമങ്ങൾ വേഗതയിൽ തന്നെ നടപ്പാക്കുകയും തുക അതാത് തദ്ദേശ സ്ഥാപനങ്ങളുടെ എക്കൗണ്ടുകളിലേക്ക് 40% നൽകുകയും ചെയ്തു.എന്നാൽ ചില ഉദ്യോഗസ്ഥരുടെ കടുത്ത അനാസ്ഥ മൂലം മാസങ്ങൾ കഴിഞ്ഞിട്ടും ഉടമകൾക്ക് പണം നൽകാൻ തയ്യാറാകുന്നില്ല. നിരവധി സ്ഥാപനങ്ങൾ ഇപ്പോഴും ആരോഗ്യ വകുപ്പ് ജീവനക്കാർ ഉപയോഗിച്ച് കൊണ്ടിരിക്കുകയാണ്.KSEB ഉദ്യോഗസ്ഥർ സ്ഥാപനങ്ങൾക്ക് വൈദ്യുതി ബിൽ ഉടൻ അടച്ചില്ലെങ്കിൽ കണക്ഷൻ റദ്ദാക്കും എന്ന് കാണിച്ച് നോട്ടീസ് നൽകിയിരിക്കുകയാണ്.കൂടാതെ കോവിഡ്
പ്രോട്ടോകോൾ പാലിച്ച് മാത്രമേ റൂമുകളിൽ ആളുകളെ താമസിപ്പിക്കാവൂ എന്നും അല്ലെങ്കിൽ നടപടി എടുക്കുമെന്നും കാണിച്ച് അമ്പലവയൽ പോലീസ് പലസ്ഥാപനങ്ങൾക്കും നോട്ടീസ് നൽകിയിരിക്കുകയാണ്.എന്താണ് ഈ കാര്യത്തിലെ പ്രോട്ടോകോൾ എന്ന് പോലിസിനുമറിയില്ല. പൊതുവേ തകർന്ന് കിടക്കുന്ന ടൂറിസം മേഖലയിൽ ഇത്തരം പ്രവർത്തനങ്ങളുമായാണ് ഉദ്യോഗസ്ഥർ മുന്നോട്ട് പോകുന്നതെങ്കിൽ പ്രതിസന്ധി രൂക്ഷമാകുമെന്ന് അസോസിയേഷൻ അഭിപ്രായപ്പെട്ടു.
സർക്കാർ നൽകിയ തുക അടിയന്തിരമായി ഉടമകൾക്ക് നൽകുക, വൈദ്യുതി ഡിസ്കണക്ഷൻ നോട്ടീസ് പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ പരിഗണിക്കുന്നില്ല എങ്കിൽ ആരോഗ്യ വകുപ്പ് ജീവനക്കാർ ഉൾപ്പടെ താമസിക്കുന്ന റൂമുകൾ ഒഴിഞ്ഞ് നൽകണമെന്നും ഇനി നൽകാൻ കഴിയില്ലെന്നും വിഷയത്തിൽ ജില്ലാ ഭരണകൂടവും സർക്കാരും ഇടപെടണമെന്നും മനപ്പൂർവ്വം വൈകിപ്പിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നും വയനാട് ടൂറിസം അസോസിയേഷൻ (WTA) ഭാരവാഹികൾ അറിയിച്ചു.
ജില്ലാ പ്രസിഡണ്ട് അലി ബ്രാൻ ,ജില്ലാ ജനറൽ സെക്രട്ടറി അനിഷ് ബി നായർ, ഫൈസൽ, രമിത് രവി,സൈഫ് വൈത്തിരി, അനിഷ് വരദൂർ,നിധിൻ, അബ്ദുൾ റഹ്മാൻ, വർഗ്ഗീസ്, ആസാദ് തുടങ്ങിയവർ സംസാരിച്ചു.