‘അതുകൊണ്ടാണ് കുടവയറുള്ളവർ കൂടുതലായി കാണുന്നത്’ ഡോ.ബി.ഇക്ബാല്‍ എഴുതുന്നു

Health Kerala

മലയാളിയുടെ പ്രിയപ്പെട്ട പ്രഭാതഭക്ഷണങ്ങളിലൊന്നാണ് പുട്ടും കടലയും. പുട്ടും കടലയുമെന്നത് കടലയും പുട്ടുമായി മാറ്റണമെന്ന് പൊതുജനാരോഗ്യവിദഗ്ധന്‍ ഡോ.ബി.ഇക്ബാല്‍.

പുട്ടിനോടൊപ്പം കഴിക്കാറുള്ള കടല മാംസ്യത്തിന്റെ ചെലവ് കുറഞ്ഞ മികച്ച സ്രോതസ്സാണ്. അത് കൊണ്ട് പുട്ടിനേക്കാല്‍ മാംസ്യം അടങ്ങിയ കടല കൂടുതല്‍ കഴിക്കുകയെന്ന നിര്‍ദേശമാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ ഡോ. ഇക്ബാല്‍ പങ്കുവയ്ക്കുന്നത്. എന്തുകൊണ്ട് പുട്ടിനെക്കാള്‍ കൂടുതല്‍ അളവില്‍ കടല കഴിക്കണമെന്നതും ഡോക്ടര്‍ വിശദീകരിക്കുന്നുണ്ട്.

ഡോ. ബി ഇക്ബാലിന്റെ ഫേസ്ബുക്ക് കുറിപ്പ്

മലയാളികളുടെ പ്രധാനപ്പെട്ട പ്രഭാതഭക്ഷണമായ “പുട്ടും കടലയും“ ആരോഗ്യകാരണങ്ങളാൽ “കടലയും പുട്ടുമായി“ മാറ്റേണ്ടതാണ്.

നമ്മുടെ ഭക്ഷശീലങ്ങളിലുള്ള ഒരു പ്രധാന പ്രശ്നം കാർബോഹൈഡ്രേറ്റിന് (അന്നജം) അതായത് അരിയാഹാരങ്ങൾക്ക് അമിത പ്രാധാന്യം നൽകുന്നു എന്നതാണ്. ഉച്ചക്ക് ചോറ് പലപ്പോഴും ഒരു ചെറുകൂനയായിട്ടാണ് കഴിക്കുക. വിവാഹ ചടങ്ങുകളിൽ ചോറ് ഒരു കൂമ്പാരമായി മാറാറുണ്ട്. അന്നജം ശരീരത്തിന് തീർച്ചയായും അവശ്യമാണ്. അതേപോലെ മാംസ്യവും (പ്രോട്ടീൻ) കൊഴുപ്പും (ഫാറ്റ്) വേണ്ടവയാണ്. നമ്മൾ പൊതുവേ അമിതമായി കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണമാണ് കഴിക്കാറ്. ഊർജ്ജാവശ്യത്തിനുള്ള കാർബോഹൈഡ്രേറ്റ് ശരീരം സ്വീകരിച്ച് കഴിഞ്ഞാൽ ബാക്കിവരുന്നത് കൊഴുപ്പാക്കി മാറ്റി പ്രധാനമായും വയറിലേക്ക് അടിയുന്നു. അതുകൊണ്ടാണ് കുടവയറുള്ളവർ കൂടുതലായി കാണുന്നത് ഇങ്ങനെ അടിഞ്ഞു കൂടുന്ന കൊഴുപ്പാണ് പിന്നീട് ഹൃദയാഘാതത്തിനും മറ്റും കാരണമാവുന്നത്. അത് കൊണ്ട് കാർബോഹൈർഡ്രേറ്റ് കഴിവതും കുറച്ച് ഭക്ഷണത്തിൽ മാംസ്യത്തിന്റെ അളവ് കൂട്ടാൻ ശ്രമിക്കേണ്ടതാണ്. പുട്ടിനോടൊപ്പം കഴിക്കാറുള്ള കടല മാംസ്യത്തിന്റെ ചെലവ് കുറഞ്ഞ മികച്ച സ്രോതസ്സാണ്. അത് കൊണ്ട് പുട്ടിനേക്കാൽ മാംസ്യം അടങ്ങിയ കടല കൂടുതൽ കഴിക്കുക.

അതേ പുട്ടും കടലയുടെയും സ്ഥാനത്ത് കടലയും പുട്ടുമാവട്ടെ നമ്മുടെ പ്രഭാതഭക്ഷണം.

Leave a Reply

Your email address will not be published. Required fields are marked *