ഐ.പി.എല്‍ 13ാം സീസണ്‍ പ്രവചനങ്ങളെ എല്ലാം കാറ്റില്‍ പറത്തുകയാണ്

Sports

ഐ.പി.എല്‍ 13ാം സീസണ്‍ പ്രവചനങ്ങളെ എല്ലാം കാറ്റില്‍ പറത്തുകയാണ്. കരുത്തരെന്നു പറഞ്ഞ് പുകഴ്ത്തിയ ചെന്നൈ പ്ലേ ഓഫിലെത്താതെ അവസാന സ്ഥാനക്കാരായി പുറത്താകലിന്റെ വക്കില്‍, ടൂര്‍ണമെന്റില്‍ തോല്‍വിയാകുമെന്ന് വിധിയെഴുതിയ പഞ്ചാബ് ശക്തമായി പോരാടുന്നു. സീസണിന്റെ തുടക്കത്തില്‍ തുടര്‍പരാജയങ്ങളാല്‍ പുറത്താകലിന്റെ വക്കിലെത്തിയ പഞ്ചാബിന് എന്താണ് പിടിവള്ളിയായത്. ഒരുത്തരം ‘യൂണിവേഴ്‌സ് ബോസ്’ ക്രിസ് ഗെയ്ല്‍. ബോസിന്റെ വരവോടെയാണ് പഞ്ചാബിന് പുതുഊര്‍ജ്ജം ലഭിച്ചിരിക്കുന്നത്. ഗെയ്‌ലെത്തിയ ശേഷം ഒരു മത്സരം പോലും പഞ്ചാബ് തോറ്റട്ടില്ല.

ഇന്നലെ സണ്‍റൈസേഴ്‌സ് ഹൈരദാബാദിനെതിരായുള്ള പഞ്ചാബിന്റെ പോരാട്ടത്തെ അവിശ്വസനീയം എന്നു തന്നെ വേണം പറയാന്‍. കാരണം, കൈയിലിരിക്കുന്ന കളി കളഞ്ഞു കുളിക്കാന്‍ അറിയാവുന്ന തങ്ങള്‍ക്ക് തോല്‍ക്കുമെന്ന് ഉറപ്പിച്ച കളി തിരിച്ചുപിടിക്കാനും അറിയാമെന്ന് പഞ്ചാബ് തെളിയിച്ചു. വിജയം ഉറപ്പിച്ച നിലയില്‍ ഹൈദരാബാദ് നില്‍ക്കവേ, പഞ്ചാബ് സൈലന്റായി എത്തി സണ്‍റൈസേഴ്‌സിന്റെ വിജയ മോഹത്തെ കാര്‍ന്നു തിന്നു
മൂന്നു വിക്കറ്റ് മാത്രം നഷ്ടത്തില്‍ 100 പിന്നിട്ട ഹൈദരാബാദിന് പിന്നീട് 24 പന്തില്‍ 27 റണ്‍സ് മാത്രമാണ് ജയിക്കാന്‍ തുടര്‍ന്നു വേണ്ടിയിരുന്നത്. എന്നാല്‍ അവിടെ നിന്നുതൊട്ട് പഞ്ചാബ് സീന്‍ തിരുത്തികുറിച്ചു തുടങ്ങി. പയ്യെ പയ്യെ ഹൈദരാബാദ് ബാറ്റിംഗ് നിരയെ ഒരു സൈഡില്‍ നിന്ന് പഞ്ചാബ് പൊളിച്ചടുക്കി. 14 റണ്‍സിനിടെ ഏഴു വിക്കറ്റും പഞ്ചാബ് വീഴ്ത്തി. 127 റണ്‍സ് വിജയലക്ഷ്യം വെച്ചിറങ്ങിയ ഹൈദരാബാദ് 19.5 ഓവറില്‍ 114 റണ്‍സിന് ഓള്‍ഔട്ട്, പഞ്ചാബിന് 12 റണ്‍സിന്റെ ജയവും.
നാല് ഓവറില്‍ 17 റണ്‍സ് മാത്രം വഴങ്ങി മൂന്നു വിക്കറ്റ് പിഴുത ക്രിസ് ജോര്‍ദാനാണ് കളിയിലെ താരം. അര്‍ഷ്ദീപ് സിംഗും 3.5 ഓവറില്‍ 23 റണ്‍സ് വഴങ്ങിയും മൂന്ന് വിക്കറ്റ് പിഴുതു. ജയത്തോടെ 11 കളികളില്‍ നിന്ന് 5 ജയവുമായി പഞ്ചാബ് പോയിന്റ് പട്ടികയില്‍ അഞ്ചാമതെത്തി. അവസാന സ്ഥാനത്തു നിന്നുമുള്ള സ്വപ്‌നതുല്യമായ കുതിപ്പ്.

Leave a Reply

Your email address will not be published. Required fields are marked *