വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ലാത്തവര്‍ക്ക് പേര് ചേര്‍ക്കുന്നതിന് ഒക്‌ടോബര്‍ 27 മുതല്‍ 31 വരെ വീണ്ടും അവസരം

Kerala Thiruvananthapuram

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ഒരു അവസരം കൂടി. ഒക്‌ടോബര്‍ 1ന് പ്രസിദ്ധീകരിച്ച അന്തിമ വോട്ടര്‍പട്ടികയില്‍ പേര് ഉള്‍പ്പെട്ടിട്ടില്ലാത്തവര്‍ക്ക് പേര് ചേര്‍ക്കുന്നതിന് ഒക്‌ടോബര്‍ 27 മുതല്‍ 31 വരെ വീണ്ടും അവസരമുണ്ടെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി.ഭാസ്‌കരന്‍ അറിയിച്ചു.

941 ഗ്രാമപഞ്ചായത്തുകള്‍, 86 മുനിസിപ്പാലിറ്റികള്‍, 6 കോര്‍പ്പറേഷനുകള്‍ എന്നീ സ്ഥാപനങ്ങളിലെ അന്തിമ വോട്ടര്‍പട്ടിക ഒക്‌ടോബര്‍ 1ന് പ്രസിദ്ധീകരിച്ചിരുന്നു. വോട്ടര്‍ പട്ടികയില്‍ നിന്നും പേരുകള്‍ ഒഴിവാക്കുന്നതിനും ഉള്‍ക്കുറിപ്പുകള്‍ തിരുത്തുന്നതിനുമുളള അപേക്ഷകളും 27 മുതല്‍ സമര്‍പ്പിക്കാം.

പേരുകള്‍ ചേര്‍ക്കുന്നതിനും തിരുത്തലുകള്‍ വരുത്തുന്നതിനും സ്ഥാനമാറ്റം നടത്തുന്നതിനും ‘lsgelection.kerala.gov.in’ എന്ന വെബ്‌സൈറ്റില്‍ ഓണ്‍ലൈന്‍ അപേക്ഷകളായാണ് നല്‍കേണ്ടത്. മരണപ്പെട്ടവരെയും സാധാരണ താമസക്കാരല്ലാത്തവരെയും പട്ടികയില്‍ നിന്ന് ഒഴിവാക്കുന്നതിനുളള ആക്ഷേപങ്ങള്‍ ഫാറം 5ലും ഫാറം 8ലും നേരിട്ടോ തപാലിലൂടെയോ അതാത് ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍ക്ക് സമര്‍പ്പിക്കാം.

ഒക്‌ടോബര്‍ 31 വരെ ലഭിക്കുന്ന അപേക്ഷകളും ആക്ഷേപങ്ങളും പരിശോധിച്ച് നവംബര്‍ 10ന് സപ്ലിമെന്ററി പട്ടികകള്‍ പ്രസിദ്ധീകരിക്കുന്നതിന് ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍ക്ക് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഒക്‌ടോബര്‍ ഒന്നിന് പ്രസിദ്ധീകരിച്ച അന്തിമ വോട്ടര്‍പട്ടികയില്‍ 1,29,25,766 പുരുഷന്മാര്‍, 1,41,94,775 സ്ത്രീകള്‍ 282 ട്രാന്‍സ്‌ജെന്റര്‍മാര്‍ എന്നിങ്ങനെ 2,71,20,823 വോട്ടര്‍മാരാണ് ഉള്‍പ്പെട്ടിട്ടുള്ളത്‌

Leave a Reply

Your email address will not be published. Required fields are marked *