കൽപ്പറ്റഃ രാഹുൽഗാന്ധി എംപിയുടെ വയനാട് സന്ദർശനം ആഘോഷമാക്കി മാറ്റുന്നത് പരിഹാസ്യവും ജനാധിപത്യ വിരുദ്ധവുമാണെന്ന് സിപിഐ എം ജില്ല സെക്രട്ടറിയറ്റ് അഭിപ്രായപ്പെട്ടു. മുഴുവൻ സമയവും മണ്ഡലത്തിൽ നിറഞ്ഞ് നിന്ന് പ്രവർത്തിക്കേണ്ടവരാണ് എംപിമാർ. നാടിന്റെ പ്രശ്‌നങ്ങൾ പാർലമെണ്ടിൽ ഉന്നയിച്ച് പരിഹാരം കാണേണ്ട ഉത്തരവാദിത്വവും എംപിമാർക്കുണ്ട്. അങ്ങനെയിരിക്കേ രാജഭരണകാലത്തെ അനുസ്‌മരിപ്പിക്കും വിധം വർഷത്തിലൊരിക്കൽ ‘പ്രജ’കളെ കാണാനെത്തുന്നതും അത് വലിയൊരു സംഭവമായി കൊട്ടിഘോഷിക്കുന്നതും ജനാധിപത്യസംവിധാനത്തിൽ അങ്ങേയറ്റം ലജ്ജാകരമാണ്. എംപി എന്ന നിലയിൽ രാഹുൽ തീർത്തും പരാജയപ്പെട്ടതായി സിപിഐ എം ആരോപിച്ചു. നാലരലക്ഷത്തിൽപ്പരം വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് രാഹുൽ ഗാന്ധി വയനാട്ടിൽ നിന്നും വിജയിച്ചത്. രാജ്യത്തിന്റെ വടക്കേ അറ്റത്ത് നിന്നും ഒരാൾ ജനപ്രതിനിധിയായാൽ വയനാടിന്റെ വികസനം മുരടിക്കുമെന്ന്
അന്ന് തന്നെ വിമർശനമുയർന്നിരുന്നു. ആ ആശങ്ക ശരിവെക്കുന്നതാണ് രാഹുലിന്റെ നിലപാടുകൾ. വയനാടൻ ജനതയെ ദോഷകരമായി ബാധിക്കുന്ന നിരവധി നിയമങ്ങൾ പാർലമെണ്ടിൽ മോഡി സർകാർ പാസാക്കി. വയനാടിന് വേണ്ടി ശബ്‌ദിക്കേണ്ട എംപി അപ്പോളെല്ലാം നിശബ്‌ദനായിരുന്നു. കോഴിക്കോട് കൊല്ലഗൽ ദേശീയ പാത പൂർണമായി അടച്ചിടാനുള്ളകേന്ദ്ര സർകാർ നീക്കത്തിനെതിരെ എം പി പ്രതികരിച്ചില്ല. ജനവാസമേഖലകളെ പരിസ്ഥിതിലോല മേഖല കളാക്കി മാറ്റാനുള്ള നീക്കത്തിലും എംപിയുടെ നിശബ്‌ദത തുടർന്നു. മണ്ഡലത്തിലെ ഭൂരിഭാഗം വരുന്ന ന്യുനപക്ഷങ്ങൾക്കെതിരായ മുത്തലാഖ് നിയമത്തിലും കാശ്‌മിർ പ്രശ്‌നത്തിലും രാഹുൽ നിസംഗനായിരുന്നു. ഏറ്റവും ഒടുവിൽ കോവിഡിന്റെ മറവിൽ എംപിമാരുടെ ഫണ്ട് വെട്ടിക്കുറച്ച കേന്ദ്ര സർകാർ നിലപാടിനെതിരെയും എംപിക്ക് അനക്കമുണ്ടായില്ല.ആദിവാസികളും തോട്ടം തൊഴിലാളികളും കർഷകതൊഴിലാളികളും നിർധന കർഷകരുമാണ് മണ്ഡലത്തില വോട്ടർമാരിൽ ഭൂരിഭാഗവും.അവർക്ക് കിട്ടേണ്ട അവകാശങ്ങൾ പോലും കേന്ദ്ര സർകാർ കവർന്നെടുത്തപ്പോൾ പോലും നിശബ്‌ദത പാലിച്ച ഈ എംപിയെക്കാണ്ട് വയനാടിന് എന്ത് നേട്ടമുണ്ടായെന്ന് ജനങ്ങൾക്ക് മുമ്പിൽ തുറന്ന് പറയാൻ കോൺഗ്രസുകാർക്ക് ബാധ്യതയുണ്ട്. അതേ സമയം എംപിയുടെ നേരിട്ടുളള നിയന്ത്രണമില്ലാത്ത എം പി ഓഫീസ് കേന്ദ്രീകരിച്ച് അഴിമതിയും കൊള്ളയും നടക്കുന്നതായി കോൺഗ്രസ് പ്രവർത്തകരും ഒരു വിഭാഗം നേതാക്കൾ തന്നെയും ആരോപിക്കുന്നു. ബിജെപി നേതാക്കളുടെ കുട്ടികൾക്ക് എം പി ക്വാട്ടയിൽ കേന്ദ്രീയ വിദ്യാലയത്തിൽ പ്രവേശനം നൽകിയതും വിവാദമായി.
സാധാരണ ജനപ്രതിനിധി യെന്നതിൽ കവിഞ്ഞ് യാതൊരു പ്രാധാന്യവും എംപിയുടെ സന്ദർശനത്തിന് ഇല്ലെന്നിരിക്കേ അതിന്റെ മറവിൽ കോൺഗ്രസും കൂട്ടരും നടത്തുന്ന പ്രചാരണകോലാഹലങ്ങൾ അവസാനിപ്പിക്കണമെന്ന് സിപിഐ എം ആവശ്യപ്പെട്ടു.