സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ ഇടം നേടിയ കെഞ്ചിരയിലൂടെ വയനാട്ടിലെ ഗോത്ര സമൂഹത്തിനും ആദരം . യഥാർത്ഥജീവിതത്തെ വിട്ടുവീഴ്ചയില്ലാതെ പകർത്തിയെടുത്തതിനാണ് മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് മനോജ് കാനയെയും കെഞ്ചിരയെയും തേടിയെത്തിയത്. മനോജ് കാന തന്നെ നിർമ്മാണവും സംവിധാനവും നിർവഹിച്ച ചിത്രം ആദിവാസി സമൂഹം ഇന്ന് നേരിടുന്ന സ്വത്വപ്രതിസന്ധികളെയും സാമൂഹികപ്രശ്നങ്ങളെയും സമഗ്രമായി ആവിഷ്കരിക്കുന്നുവെന്ന് പുരസ്‌കാര ജൂറി വിലയിരുത്തി. ആദിവാസി ഊരുകളിൽ ആരംഭിക്കുന്ന സിനിമ ‘കെഞ്ചിര’ എന്ന കേന്ദ്ര കഥാപാത്രത്തിലൂടെ സഞ്ചരിച്ച് ഊരുകളിലെ പ്രശ്‌നങ്ങളിലൂടെ നീങ്ങുന്നു. . പണിയ ഭാഷയിലാണ് സിനിമ. വയനാട്ടിലെ ആദിവാസി ഊരുകളിൽനിന്നുള്ളവരാണ് കെഞ്ചിരയിലെ അഭിനേതാക്കൾ. മികച്ച രണ്ടാമത്തെ ചിത്രം, മികച്ച ഛായാഗ്രഹണം, വസ്ത്രാലങ്കാരം എന്നീ അവാർഡുകളാണ് കെഞ്ചിര നേടിയത്. തെരുവുനാടകങ്ങളിലൂടെ രംഗത്തെത്തിയ മനോജ് കാന ഒട്ടേറെ നാടകങ്ങളിൽ അഭിനേതാവായും സംവിധായകനായും പ്രവർത്തിച്ചു. ഉറാട്ടിയെന്ന നാടകം ഒട്ടേറെ അവാർഡുകൾക്കർഹമായി. ദേവക്കൂത്ത് എന്ന സ്ത്രീ തെയ്യത്തെ പ്രമേയമാക്കി രചനയും സംവിധാനവും നിർവഹിച്ച ‘ചായില്യ’മായിരുന്നു ആദ്യ സിനിമ. എൻഡോസൾഫാൻ ദുരിതബാധിതരുടെ വേദനകൾ ഒപ്പിയെടുത്ത രണ്ടാമത്തെ ചിത്രമായ ‘അമീബ’യും ഏറെ ശ്രദ്ധിക്കപ്പെട്ടു. ആദ്യ രണ്ടു ചിത്രങ്ങളും ഒട്ടേറെ പുരസ്കാരങ്ങൾ സ്വന്തമാക്കിയിരുന്നു. പെരിങ്ങോം സ്വദേശിയാണ് മനോജ് കാന. ഭാര്യ: മിനി. മക്കൾ: സിത്താർനാഥ്, സരോവർനാഥ്