കോഴിക്കോട്ഃ വന്‍ ലാഭവിഹിതം വാഗ്ദാനം ചെയ്ത് നിക്ഷേപം സ്വീകരിച്ച മോറിസ് കോയിന്‍ മണി ചെയിന്‍ ശൃംഖല നിലച്ചു. നിക്ഷേപകര്‍ക്ക് ലാഭവിഹിതം അഥവാ റിട്ടേണ്‍ ഓഫ് ഇന്‍വെസ്റ്റ്‌മെന്റ് ലഭിച്ചിട്ട് ഇന്നേക്ക് രണ്ടാഴ്ച പിന്നിടുന്നു. ലാഭവിഹിതം ആവശ്യപ്പെടുന്ന നിക്ഷേപകരെ ആശ്വസിപ്പിച്ചും ഭീഷണിപ്പെടുത്തിയും പരാതി നല്‍കുന്നതില്‍ നിന്ന് പിന്‍തിരിപ്പിക്കുകയാണ് ഏജന്റുമാര്‍. ഇതോടെ 15,000 മുതല്‍ ലക്ഷങ്ങള്‍ വരെ നിക്ഷേപിച്ച നാട്ടിലും വിദേശത്തുമുള്ള നിക്ഷേപകര്‍ പരിഭ്രാന്തിയിലാണ്. അക്കൗണ്ടുകള്‍ മരവിപ്പിച്ച സാഹചര്യത്തില്‍ ലാഭവിഹിതം നല്‍കുവാനോ പുതിയ നിക്ഷേപം സ്വീകരിക്കുവാനോ കമ്പനിക്ക് സാധ്യമല്ലെന്നും നിക്ഷേപകര്‍ രേഖാമൂലം പരാതി നല്‍കിയാല്‍ നടപടി സ്വീകരിക്കുമെന്നും അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന മലപ്പുറം പൊലീസ് ചീഫ് അബ്ദുല്‍ കരീം പറഞ്ഞു. പ്രസ്തുത കമ്പനി രാജ്യത്തെവിടെയും രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും പൊലീസ് ആവശ്യപ്പെട്ടിട്ടും ഇതുവരെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ സാധിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
നിക്ഷേപതട്ടിപ്പ് വെളിപ്പെട്ടു വന്നതിനെ തുടര്‍ന്ന് മലപ്പുറം പൊലീസ് ചീഫിന്റെ നിര്‍ദേശപ്രകാരം പൂക്കോട്ടുംപാടം പൊലീസ് സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തതിനെ തുടര്‍ന്ന് നിക്ഷേപം വരാതായതോടെയാണ് നിലവിലുള്ള നിക്ഷേപകര്‍ക്ക് ആര്‍ഒഐ മുടങ്ങാന്‍ തുടങ്ങിയത്. അന്വേഷണത്തിന്റെ ഭാഗമായി മോറിസിന്റെ ഉടമകളായ എല്‍ആര്‍ ടെക്‌നോളജീസിന്റെയും അനുബന്ധ സ്ഥാപനങ്ങളുടെയും അഞ്ച് ബാങ്ക് അക്കൗണ്ടുകള്‍ പൊലീസ് മരവിപ്പിച്ചിട്ടുണ്ട്. ഈ അക്കൗണ്ടുകളില്‍ ഇതുവരെ 12 കോടി രൂപയുടെ ഇടപാടുകള്‍ നടന്നതായും ഒന്നരക്കോടി രൂപ മാത്രമേ ബാലന്‍സ് ഉള്ളതായും കണ്ടെത്തിയിരുന്നു. സാമ്പത്തിക കുറ്റകൃത്യത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പോലീസ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കോഴിക്കോട് ഡിവിഷന് നൽകിയിട്ടുണ്ട്