കോവിഡ് ബാധിച്ച് മരിച്ച 200 പേരുടെ മൃതദേഹം സംസ്കരിക്കാന്‍ കൊണ്ടുപോയത് ഈ ആംബുലന്‍സ് ഡ്രൈവറാണ്. ഒടുവില്‍ അതേ രോഗം അദ്ദേഹത്തെയും കൊണ്ടുപോയി

National

ആറ് മാസമായി ആംബുലന്‍സില്‍ തന്നെ അന്തിയുറങ്ങി കോവിഡ് ബാധിതര്‍ക്കും അവരുടെ ബന്ധുക്കള്‍ക്കും വേണ്ടി ഓടുകയായിരുന്നു ആരിഫ് ഖാന്‍. ഡല്‍ഹിയില്‍ കോവിഡ് ബാധിച്ച് മരിച്ച 200 പേരുടെ മൃതദേഹം സംസ്കരിക്കാന്‍ കൊണ്ടുപോയത് ഈ ആംബുലന്‍സ് ഡ്രൈവറാണ്. ഒടുവില്‍ അതേ രോഗം ആരിഫിനെയും പിടികൂടി ജീവനെടുത്തു. വടക്കു കിഴക്കന്‍ ഡല്‍ഹിയിലെ സീലംപുര്‍ സ്വദേശിയാണ് 48കാരനായ ആരിഫ് ഖാന്‍.
ഡല്‍ഹിയില്‍ കോവിഡ് വ്യാപനം രൂക്ഷമായ മാര്‍ച്ച് മുതല്‍ ആംബുലന്‍സിലായിരുന്നു ആരിഫിന്റെ ജീവിതം. ഭാര്യയെയും നാല് മക്കളെയും കാണാതെ, വീട്ടില്‍ നിന്നും 28 കിലോമീറ്റര്‍ അകലെ പാര്‍ക്ക് ചെയ്തിരുന്ന ആംബുലന്‍സില്‍ 24 മണിക്കൂറും സേവന സന്നദ്ധനായി ആരിഫുണ്ടായിരുന്നു.ഷഹീദ് ഭഗത് സിങ് സേവാദള്‍ ആംബുലന്‍സ് ഡ്രൈവറായിരുന്നു ആരിഫ്. കോവിഡ് ബാധിച്ച് മരിച്ചവരുടെ അന്ത്യകര്‍മങ്ങള്‍ക്ക് പണമില്ലാതെ വലഞ്ഞ ബന്ധുക്കള്‍ക്ക് ആരിഫ് സ്വന്തം തുച്ഛമായ ശമ്പളത്തില്‍ നിന്നുള്ള പണം നല്‍കി. ഏറ്റെടുക്കാന്‍ ആളില്ലാതിരുന്ന മൃതദേഹങ്ങള്‍ സ്വന്തം നിലയ്ക്ക് ഏറ്റെടുത്ത് സംസ്കരിച്ചു.”എല്ലാവര്‍ക്കും മാന്യമായ വിട നല്‍കണമെന്ന് ആരിഫ് ആഗ്രഹിച്ചിരുന്നു. പക്ഷേ ആരിഫിന് അങ്ങനെയൊരു വിട ചൊല്ലാന്‍ കുടുംബത്തിനായില്ല. അവര്‍ക്ക് ദൂരെ നിന്ന് മാത്രമേ ആരിഫിനെ കാണാന്‍ കഴിഞ്ഞുള്ളൂ”- സഹപ്രവര്‍ത്തകനായ ജിതേന്ദ്ര കുമാര്‍ പറഞ്ഞു.ഒക്‌ടോബര്‍ മൂന്നിനാണ് ആരിഫിന് കോവിഡ് സ്ഥിരീകരിച്ചത്. മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ ഇല്ലായിരുന്നുവെങ്കിലും കോവിഡ് ബാധിച്ചതോടെ ശ്വസിക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ടു. ചികിത്സയിലിരിക്കെ ഹിന്ദു റാവു ആശുപത്രിയില്‍ വെച്ച് ഇന്നലെയായിരുന്നു മരണം.പിതാവിനെ ഓര്‍ത്ത് ആശങ്കയുണ്ടായിരുന്നുവെന്ന് മകന്‍ ആദില്‍ പറഞ്ഞു. പക്ഷേ പിതാവ് കോവിഡിനെ ഭയന്നില്ല. ജോലി ഭംഗിയായി ചെയ്യണം എന്നത് മാത്രമായിരുന്നു അദ്ദേഹത്തിന്‍റെ ചിന്ത. പിതാവില്ലാതെ കുടുംബം എങ്ങനെ അതിജീവിക്കുമെന്ന് അറിയില്ലെന്നും മകന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *