മുംബൈയ്‌ക്കെതിരെ ഡല്‍ഹി പൊരുതുന്നു ; രണ്ട് വിക്കറ്റ് നഷ്ടം

Sports

ഐ.പി.എല്ലിലെ ഇന്നത്തെ രണ്ടാം മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് ഭേദപ്പെട്ട തുടക്കം. 9 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 67 റണ്‍സെന്ന നിലയിലാണ് ഡല്‍ഹി. 18 റണ്‍സുമായി നായകന്‍ ശ്രേയസ് അയ്യരും 28 റണ്‍സുമായി ശിഖര്‍ ധവാനുമാണ് ക്രീസില്‍. 15 റണ്‍സെടുന്ന രഹാനെയുടെയും 4 റണ്‍സെടുത്ത പൃഥ്വി ഷായുടെയും വിക്കറ്റാണ് ഡല്‍ഹിയ്ക്ക് നഷ്ടമായത്. ബോള്‍ട്ടിനും ക്രുണാല്‍ പാണ്ഡ്യയ്ക്കുമാണ് വിക്കറ്റ്.
അബുദാബി ഷെയ്ഖ് സായിദ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ഡല്‍ഹി ക്യാപിറ്റല്‍സ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഡല്‍ഹി നിരയില്‍ ഷമ്രോണ്‍ ഹെറ്റ്മയറിനു പകരം അലക്സി കാരിയും പരുക്കേറ്റ ഋഷഭ് പന്തിന് പകരും അജന്‍ക്യ രഹാനെയും കളിക്കും. പോയിന്റ് പട്ടികയില്‍ ഒന്നും രണ്ടും സ്ഥാനത്തു നില്‍ക്കുന്നവര്‍ നേര്‍ക്കുനേര്‍ വരുമ്പോള്‍ മത്സരം തീപാറും.
ആറ് മത്സരങ്ങളില്‍ നിന്ന് അഞ്ച് ജയവുമായി 10 പോയിന്റുമായി ഡല്‍ഹിയാണ് ഒന്നാം സ്ഥാനത്ത്. ഹൈദരാബാദിനോട് മാത്രമാണ് അവര്‍ അടിയറവു പറഞ്ഞത്. ടീമിലുള്ള എല്ലാവരും തരക്കേടില്ലാതെ ഫോം നിലനിര്‍ത്തുന്നതാണ് ഡല്‍ഹിയ്ക്ക് ആശ്വാസം നല്‍കുന്നത്. ധവാനും പൃഥ്വി ഷായും ശ്രേയസ് അയ്യരും സ്റ്റോയിനിസും സാഹചര്യത്തിനൊത്ത് ഉയരുന്നത് ടീമിന് ഏറെ ഗുണം ചെയ്യുന്നുണ്ട്. റബാഡ നയിക്കുന്ന ബോളിംഗ് നിരയും സുശക്തമാണ്.മുംബൈ നിര മികച്ച ഫോമിലാണുള്ളത്. ആറ് മത്സരങ്ങളില്‍ നിന്ന് നാല് ജയവും രണ്ട് തോല്‍വിയുമായി 8 പോയിന്റോടെ രണ്ടാം സ്ഥാനത്തുണ്ട് അവര്‍. മുംബൈ മുന്‍നിരയില്‍ രോഹിത്തും, ഡികോക്കും, സൂര്യകുമാര്‍ യാദവും, ഇഷാന്‍ കിഷനും സാഹചര്യത്തിനൊത്ത് ഉയരുന്നുണ്ട്. അവസാന ഓവറുകളില്‍ കൂറ്റനടികള്‍ കൊണ്ട് കളം നിറയുന്ന പൊള്ളാര്‍ഡും, പാണ്ഡ്യ സഹോദരമാരും മുംബൈയുടെ ശക്തി വര്‍ദ്ധിപ്പിക്കുന്നു. മികച്ച ഫോമിലുള്ള ജസ്പ്രീത് ബുംറയും ബോള്‍ട്ടും ഡല്‍ഹിയ്ക്ക് കനത്ത ഭീഷണിയാകും.

Leave a Reply

Your email address will not be published. Required fields are marked *