കോവിഡില്ലാത്ത നാട് സങ്കൽപ്പിക്കാൻ കഴിയാത്ത ഒന്നായി മാറികൊണ്ടിരിക്കുന്നു . അതും എല്ലാം സാധരണ പോലെ നടക്കുന്നൊരു സ്ഥലം .ഇന്ത്യയിൽ കോവിഡ് വരിഞ്ഞുമുറുക്കാൻ തുടങ്ങിയിട്ട് ഏകദേശം എട്ട് മാസമായി. എന്നാൽ ഇക്കാലമത്രയും അരോഗ്യ മന്ത്രാലയത്തിന്‍റെ കോവിഡ് കേസ് പട്ടികയില്‍ ഉള്‍പ്പെടാത്ത ഒരേയൊരു പ്രദേശമുണ്ട് ഇന്ത്യയിൽ. രാജ്യത്തെ ഏറ്റവും ചെറിയ കേന്ദ്ര ഭരണ പ്രദേശമായ ലക്ഷദ്വീപാണ് കൊറോണയെ പടിക്ക് പുറത്തു നിർത്തിയിരിക്കുന്ന പ്രദേശം.64000 പേരാണ് വിവിധ ദ്വീപുകളിലായി താമസിക്കുന്നത്. ദ്വീപിലേക്ക് പ്രവേശിക്കാൻ കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്. വരുന്നവർക്ക് ക്വാറൻ്റൈൻ കർശനമാക്കി. മാർച്ചിൽ ലോക് ഡൗൺ പ്രഖ്യാപിക്കും മുൻപ് തന്നെ വിനോദ സഞ്ചാരികളുടെ വരവ് വിലക്കിയിരുന്നു . കപ്പല്‍ യാത്രക്കാരുടെ പ്രീബോര്‍ഡിങ് പരിശോധന ഫെബ്രുവരി 1നും വിമാനയാത്രക്കാരുടേത് ഫെബ്രുവരി 9നും തുടങ്ങിയിരുന്നു. പിന്നീട് പ്രദേശവാസികളെ മാത്രമാണ് തിരികെ വരാൻ അനുവദിച്ചത്. ആശുപത്രി ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് കേരളത്തെ ആശ്രയിക്കുന്ന ലക്ഷദ്വീപ്, രോഗവ്യാപനത്തിന്‍റെ പ്രത്യാഘാതം എത്ര വലുതായിരിക്കുമെന്ന് നേരത്തെ തന്നെ തിരിച്ചറിഞ്ഞു.മൂന്ന് ആശുപത്രികള്‍ മാത്രമാണ് ലക്ഷദ്വീപിലുള്ളത്. സ്വന്തം പരിമിതികള്‍ തിരിച്ചറിഞ്ഞുള്ള തയ്യാറെടുപ്പുകളാണ് ലക്ഷദ്വീപ് നടത്തിയത്. വ്യക്തിശുചിത്വവും സമൂഹികാകലവും പാലിക്കാന്‍ കര്‍ശന നിര്‍ദേശം നല്‍കി. സാനിറ്റൈസര്‍, സോപ്പ് എന്നിവയുടെ ഉപയോഗവും നിര്‍ബന്ധമാക്കി. രാത്രി കര്‍ഫ്യു ഉള്‍പ്പെടെ നടപ്പാക്കി. ആരാധനാലയങ്ങളും കടകളുമൊക്കെകോവിഡ് പ്രോട്ടോകോള്‍ പാലിച്ച് മാത്രം തുറന്നു. വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയിട്ടായിരുന്നു ഇത്രയും കാലം ക്ലാസ്.
കോവിഡിന് പിടികൊടുക്കാത്ത ആത്മവിശ്വാസവുമായി സ്കൂളുകൾ തുറക്കാൻ ഒരുങ്ങുകയാണ് ലക്ഷദ്വീപ്. 10 ദ്വീപുകളിലായി 53 സ്കൂളുകളുണ്ട്. 11000 വിദ്യാർത്ഥികൾ വിവിധ സ്കൂളുകളിലായി പഠിക്കുന്നുണ്ട് .വിദ്യാഭ്യാസ മേഖലയിൽ യാതൊരു ഉത്കണ്ഠയും ഇല്ലാത്ത ശുഭവാർത്തയാകുകയാണ്.