വാട്സ് ആപ്പ് സ്റ്റാറ്റസിലൂടെ ദിവസവും 500 രൂപവരെ സമ്പാദിക്കാമെന്ന രീതിയിൽ പ്രചരിക്കുന്ന ഓൺലൈൻ തട്ടിപ്പിന്റെ പുതുവഴികളാണെന്ന് പൊലീസിന്റെ മുന്നറിയിപ്പ്. കേരളാ പൊലീസിന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെയാണ് മുന്നറിയിപ്പ് നൽകിയത്.
ഫെയ്സ്ബുക്ക് കുറിപ്പ്ഃ
തട്ടിപ്പിൻ്റെ പുതുവഴികൾ:
സ്റ്റാറ്റസിലൂടെ പണമുണ്ടാക്കാം
എന്ന രീതിയിൽ ഓൺലൈൻ തട്ടിപ്പിന് ശ്രമം
സ്റ്റാറ്റാസിലൂടെ ദിവസവും 500 രൂപ വരെ സമ്പാദിക്കാൻ അവസരം എന്ന രീതിയിൽ വാട്സ് ആപ്പിലൂടെ ധാരാളം സന്ദേശങ്ങൾ ഷെയർ ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. സ്റ്റാറ്റസിനൊപ്പം നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ ഒറ്റ പേജുള്ള ഒരു വെബ്സൈറ്റിലേക്കാണ് പോവുക. അതിൽ നിങ്ങൾ വാട്സ്ആപ്പിൽ ഷെയർ ചെയ്യുന്ന സ്റ്റാറ്റസുകൾ 30 ൽ കൂടുതൽ ആളുകൾ കാണാറുണ്ടോ ? എങ്കിൽ നിങ്ങൾക്കും ഉണ്ടാക്കാം ദിവസേന 500 രൂപ വരെ നേടാം എന്നാണ് നൽകിയിരിക്കുന്നത്. പ്രമുഖ ബ്രാൻഡുകളുടെ പരസ്യങ്ങൾ വാട്സ്ആപ്പിൽ സ്റ്റാറ്റസായി പോസ്റ്റ് ചെയ്താൽ , ഒരു സ്റ്റാറ്റസിന് 10 മുതൽ 30 രൂപവരെ ലഭിക്കുമെന്നും വാട്സ്ആപ്പിലൂടെ മാത്രം 500 രൂപ നേടാമെന്നുമാണ് വെബ്സൈറ്റിൽ അറിയിച്ചിരിക്കുന്നത്. ഇതിൽ രജിസ്റ്റർ ചെയ്യുന്നവരുടെ വിവരങ്ങൾ ആവശ്യപ്പെടുകയും തുടർന്ന് ബാങ്കിങ് വിവരങ്ങൾ ശേഖരിച്ചു ബാങ്കിംഗ് തട്ടിപ്പുകൾക്കായി ഉപയോഗിക്കാനുമാണ് സാധ്യത. ഇത്തരം തട്ടിപ്പുകൾക്കെതിരെ ജാഗ്രത പാലിക്കുക.