സംസ്ഥാനത്ത് ആരാധനാലയങ്ങളിൽ സന്ദർശനം അനുവദിച്ചുകൊണ്ടുള്ള മാർഗരേഖ പുറത്തുവിട്ടു. മാർഗ്ഗരേഖയിലെ നിർദേശങ്ങൾ പ്രകാരം ഒരു സമയം 20 പേരെ ആരാധനാലയങ്ങളിൽ പ്രവേശിപ്പിക്കാം. ഹിന്ദു ആരാധനാലയങ്ങളിൽ വിശേഷ പൂജ, പ്രത്യേക ആരാധന ചടങ്ങുകൾ എന്നിവ നടക്കുമ്പോൾ അതത് ആരാധനാലയങ്ങളുടെ സൗകര്യം അനുസരിച്ച് 40 പേരെ അനുവദിക്കും. മുസ്ലിം പള്ളികളിൽ വെള്ളിയാഴ്ച പ്രാർത്ഥനയ്ക്കും ക്രിസ്ത്യൻ പള്ളികളില്‍ ഞായറാഴ്ച കുർബാനയ്ക്കും 40 പേരെയാണ് അനുവദിക്കുക. കോവിഡ് പ്രോട്ടോകോൾ പ്രകാരമായിരിക്കും പ്രവേശനാനുമതി നൽകുക.
തുലാം മാസ പൂജക്ക് ശബരിമലയിൽ ഭക്തരെ പ്രവേശിപ്പിക്കുന്നതുമായി ബന്ധപ്പെട്ടും മാർഗരേഖ വ്യക്തമാക്കുന്നുണ്ട്. ഇത് പ്രകാരം ദിവസേന 250 പേർക്കാണ് പ്രവേശനമുണ്ടാകുക. ദർശനത്തിന് വരുന്നവർക്ക് കോവിഡ് നെഗറ്റീവ് പരിശോധനയും നിർബന്ധമാക്കിയിട്ടുണ്ട്. മാത്രമല്ല, നിലയ്ക്കലിൽ ആന്റിജൻ പരിശോധന നടത്തുന്നതിനുള്ള സൗകര്യമായൊരുക്കുകയും ചെയ്യുമെന്നാണ് വിവരം. ഇതിനോടനുബന്ധിച്ച് ശബരിമലയിൽ പ്രവേശനത്തിന് ട്രയൽ നടത്താനും തീരുമാനമായി.