യു ഡി എഫ് കൺവീനറായി എം എം ഹസനെ തിരഞ്ഞെടുത്തു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് പ്രഖ്യാപനം നടത്തി. ബെന്നി ബെഹനാൻ രാജിവെച്ച ഒഴിവിലേക്കാണ് അദ്ദേഹത്തെ തിരഞ്ഞെടുത്തത്. ദീർഘനാളത്തെ പ്രവർത്തന പാരമ്പര്യമുള്ള എം എം ഹസൻ യുഡിഎഫ് വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ പൊതുപ്രവർത്തന രംഗത്ത് എത്തിയത്.
കെ എസ് യു രാഷ്ട്രീയത്തിലൂടെയായിരുന്നു തുടക്കം. കേരള സർവ്വകലാശാല സെനറ്റ് മെമ്പർ ചെയർമാൻ എന്നീ സ്ഥാനങ്ങൾ വഹിച്ചു. കെ എസ് യു സംസ്ഥാന പ്രസിഡന്റായും പ്രവർത്തിച്ചു. 1980 ൽ കഴക്കൂട്ടം നിയോജക മണ്ഡലത്തിൽ നിന്നും ആദ്യമായി നിയമസഭയിൽ എത്തി. 1982 ൽ ഏഴാം കേരള നിയമസഭയിലും അംഗമായി. 1987 ൽ തിരുവന്തപുരം വെസ്റ്റ് മണ്ഡലത്തിൽ നിന്നും വിജയിച്ചു. 2001 കായംകുളത്ത് നിന്നും തിരഞ്ഞെടുക്കപ്പെട്ട എം എം ഹസ്സൻ എ കെ ആന്റണി മന്ത്രിസഭയിൽ അംഗമായിരുന്നു.
തിരുവനന്തപുരം ഡി സി സി പ്രസിഡന്റ്, കെ പി സിസി വൈസ് പ്രസിഡന്റ്, ഔദ്യോഗിക വക്താവ് എന്നീ നിലകളില്‍ പ്രവർത്തിച്ച അദ്ദേഹം എ ഐ സി സി യിലും അംഗമായി. കെ പി സിസി വൈസ് പ്രസിഡന്റായിരിക്കെ 2017 ൽ കെ പി സി സിയുടെ അധ്യക്ഷനായി ചുമതലയേറ്റു.
യു ഡി എഫ് കൺവീനർ സ്ഥാനത്ത് ന്ബെന്നി ബെഹനാൻ രാജി വെച്ചതോടെ കോൺഗ്രസ് എ ഗ്രൂപ്പിലെ ഭിന്നത പുറത്ത് വന്നിരുന്നു. മുന്‍ ധാരണ പ്രകാരമാണ് ബെന്നി ബെഹനാന് മുന്നണി കണ്‍വീനര്‍ സ്ഥാനം രാജിവെച്ചതെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. മുല്ലപ്പള്ളിയുടെ വരവോടെ കെ പി സിസി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞ ഹസനെ ഈ സ്ഥാനത്തേക്ക് കൊണ്ടുവരാനായിരുന്നു എ ഗ്രൂപ്പിന്റെ തീരുമാനം. ഇക്കാര്യം നിര്‍ദേശിച്ചുകൊണ്ട് കെപിസിസി ഹൈക്കമാന്‍ഡിന് കത്തയക്കുകയും ചെയ്തിരുന്നു