യൂണിടാക് ഉടമ സന്തോഷ് ഈപ്പന്‍ നടത്തിയ പരാമര്‍ശത്തിനെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുംഃരമേശ് ചെന്നിത്തല.

Ernakulam Kerala

യു.എ.ഇ കോണ്‍സുലേറ്റില്‍ നിന്നും തനിക്ക് വ്യക്തിപരമായി ഐ-ഫോണ്‍ സമ്മാനിച്ചിട്ടില്ല എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യു.എ.ഇ. ദിനാഘോഷത്തില്‍ പങ്കെടുക്കണമെന്ന് കോണ്‍സുലേറ്റിന്റെ ഔദ്യോഗികമായ അഭ്യര്‍ത്ഥന മാനിച്ച് അവിടെ ചെല്ലുകയും, അവിടെ നടന്ന ലക്കി ഡിപ്പിന്റെ ഭാഗമായി ചില വിജയികള്‍ക്ക് സമ്മാനം നല്‍കി എന്നതും മാത്രമാണ് ഐ ഫോണ്‍ വിഷയത്തിലെ വസ്തുത എന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി.

രമേശ് ചെന്നിത്തലക്ക് സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ് വഴി ഐ ഫോൺ ഉപഹാരമായി നല്‍കിയെന്ന് യൂണിടാക് എം.ഡി സന്തോഷ് ഈപ്പൻ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വെളിപ്പെടുത്തിയിരുന്നു. എന്നാൽ താൻ ഉപയോഗിക്കുന്ന ഫോണ്‍ സ്വന്തം പോക്കറ്റിലെ കാശ് കൊടുത്ത് വാങ്ങിയതാണ്. മറിച്ചുള്ള വാര്‍ത്തകള്‍ അടിസ്ഥാനരഹിതവും, സമൂഹത്തില്‍ മാന്യമായി ജീവിക്കുന്നവരെ വഷളാക്കുക എന്ന ഉദ്ദേശത്തോടും കൂടി പ്രചരിപ്പിക്കുന്നതുമാണ് എന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഫോണുമായി ബന്ധപ്പെട്ട് യൂണിടാക് ഉടമ സന്തോഷ് ഈപ്പന്‍ നടത്തിയ പരാമര്‍ശത്തിനെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കും എന്നും രമേശ് ചെന്നിത്തല അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *