കൽപ്പറ്റ: കോവിഡ് കാലത്ത് ജില്ലയിൽ മികച്ച രക്തദാനം നടത്തിയ സംഘടനയ്ക്കുള്ള ഉപഹാരം ദേശീയ സന്നദ്ധ രക്തദാന ദിനത്തിന്റെ ഭാഗമായി മാനന്തവാടിയിൽ വെച്ച് നടന്ന ചടങ്ങിൽ വെച്ച് ജില്ലാ ആശുപതി ബ്ലഡ് ബേങ്ക് അധികൃതരിൽ നിന്നും ഡിവൈഎഫ്ഐ ഏറ്റുവാങ്ങി.കോവിഡ് 19 പശ്ചാത്തലത്തിൽ മാനന്തവാടി ജില്ലാ ആശുപത്രി ബ്ലഡ് ബാങ്കിൽ രക്തക്ഷാമമുണ്ടാകാതിരിക്കാൻ കരുതലോടെയാണ് ഡിവൈഎഫ്ഐ ഇടപെട്ടത്. ജില്ലാ ആശുപത്രി ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെ വിവിധ പ്രദേശങ്ങളിൽ കോവിഡ് കാലത്തും ഡിവൈഎഫ്ഐ രക്തദാനക്യാമ്പ് സംഘടിപ്പിച്ചു. നിരവധി യുവാക്കളാണ് ഇതിലൂടെ രക്തദാനത്തിൽ പങ്കാളിയായത്. അതോടൊപ്പം രക്തം ആവശ്യമായി വരുന്ന ഘട്ടങ്ങളിലൊക്കെയും ജില്ലാ ആശുപത്രി, ബത്തേരി താലൂക്ക് ആശുപത്രി തുടങ്ങിയവിടങ്ങളിലെല്ലാം ഡിവൈഎഫ്ഐ പ്രവർത്തകർ രക്തം നൽകി വന്നു. കോവിഡ് 19 പശ്ചാത്തലത്തിൽ ആശുപത്രികളിൽ രക്തക്ഷാമമുണ്ടാകാതിരിക്കാൻ അവശ്യഘട്ടങ്ങളിലെല്ലാം എല്ലാ ആശുപത്രികളിലും ഡിവൈഎഫ്ഐ പ്രവർത്തകർ രക്തം നൽകുന്ന പ്രവർത്തനം പ്രത്യേകം ശ്രദ്ധിച്ച് തുടർന്ന് വരുന്നുണ്ട്. മാനന്തവാടി ജില്ലാ ആശുപത്രി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഡിവൈഎഫ്ഐ രക്തദാനസേന രക്തദാനത്തിൽ പ്രത്യേകം ശ്രദ്ധിച്ച് വരുന്നുണ്ട്.
ജില്ലാ ആശുപത്രി ബ്ലഡ്ബേങ്ക് അധികൃതരിൽ നിന്ന് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി കെ.റഫീഖ് , ജില്ലാ ആശുപത്രി രക്തദാനസേനയുടെ ചുമതലക്കാരനും ഡിവൈഎഫ്ഐ ജില്ലാ ജോയിന്റ് സെക്രട്ടറിയുമായ ജിതിൻ കെ.ആർ എന്നിവർചേർന്ന് ഉപഹാരം ഏറ്റുവാങ്ങി.