പയ്യന്നൂർ: ലോകം ഗാന്ധിജിയെ സ്മരിക്കുമ്പോൾ പയ്യന്നൂരിൽ മഹാത്മാവിന്റെ ഓർമകൾക്ക് ഒരു നാട്ടുമാവിന്റെ ഹരിത സുഗന്ധമുണ്ട്. ഗാന്ധിജി നട്ടുനനച്ച മാവാണ് 86ാം വയസിലും ചരിത്രത്തിന് സുഗന്ധശോഭ നൽകി പടർന്നു പന്തലിക്കുന്നത്. നിരവധി ചരിത്രമുഹൂർത്തങ്ങൾക്കും നവോഥാന പോരാട്ടങ്ങൾക്കും മൂകസാക്ഷിയായ പയ്യന്നൂരിലെ ഗാന്ധി മാവ് ചരിത്രവിദ്യാർത്ഥികൾക്ക് എന്നും വിജ്ഞാനത്തിെൻറയും ദീപ്തസ്മൃതിയുടെയും വൈകാരികതയുടെയും തണലാണ്.
പയ്യന്നൂർ ശ്രീനാരായണ വിദ്യാലയത്തിന്റെ അഗ്നികോണിൽ മഹാത്മാഗാന്ധി നട്ടു വെള്ളമൊഴിച്ച നാട്ടുമാവ് പ്രായത്തിന് വഴങ്ങാതെ ചരിത്ര സംഭവങ്ങളുടെ സ്മൃതിസാക്ഷ്യമായി ഇന്നും ഹരിതകാന്തി വിടർത്തി നിലനിൽക്കുന്നത് മറ്റൊരദ്ഭുതവും.1934 ജനുവരി 12നാണ് ഗാന്ധിജി പയ്യന്നൂരിലെത്തിയത്. പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ വണ്ടിയിറങ്ങിയ ഗാന്ധിജി ശ്രീനാരായണ വിദ്യാലയത്തിൽ എത്തിച്ചേരുകയായിരുന്നു.
ദലിത് കുടുംബങ്ങളിലെ കുട്ടികളെ താമസിപ്പിച്ച് വിദ്യാഭ്യാസം നൽകുന്നതിന് ശ്രീനാരായണ ഗുരുവിെൻറ അവസാന ശിഷ്യൻ സ്വാമി ആനന്ദ തീർത്ഥനാണ് ശ്രീനാരായണ വിദ്യാലയം സ്ഥാപിച്ചത്. ഇതറിഞ്ഞാണ് ഗാന്ധിജി പയ്യന്നൂരിലെത്തിയത്. സ്വാമിയുടെ പ്രവർത്തനത്തെ അഭിനന്ദിച്ച ഗാന്ധിജി അത് സന്ദർശക പുസ്തകത്തിൽ കുറിക്കുകയും ചെയ്തു.