സംസ്ഥാനം കടുത്ത നിയന്ത്രണങ്ങളിലേക്ക്. അഞ്ച് പേരിൽ കൂടുതൽ ഒത്തുചേരുന്നത് വിലക്കി സർക്കാർ.

Kerala

തിരുവനന്തപുരം: കോവിഡ് വ്യാപനം തീവ്രമായ സാഹചര്യത്തിൽ സംസ്ഥാനം കടുത്ത നിയന്ത്രണങ്ങളിലേക്ക്. അഞ്ച് പേരിൽ കൂടുതൽ ഒത്തുചേരുന്നത് വിലക്കി സർക്കാർ ഉത്തരവിട്ടു. വിവാഹത്തിനും മരണാനന്തര ചടങ്ങുകൾക്കും നിലവിൽ അനുവദിച്ച പ്രകാരമുള്ള ആളുകൾക്ക് പങ്കെടുക്കാം.

അഞ്ചുപേരില്‍ കൂടുതല്‍ പൊതുഇടങ്ങളില്‍ കൂട്ടം കൂടിയാല്‍ ക്രിമിനല്‍ നടപടിച്ചട്ടം (സി.ആര്‍പി.സി) 144 പ്രകാരം നടപടി സ്വീകരിക്കും. ദുരന്ത നിവാരണ നിയമപ്രകാരം ജില്ല മജിസ്‌ട്രേറ്റുമാര്‍ക്ക് ആവശ്യമായ ക്രിമിനല്‍ നടപടി സ്വീകരിക്കാമെന്നും ചീഫ് സെക്രട്ടറി ഇറക്കിയ ഉത്തരവിൽ പറയുന്നു.

ഒക്ടോബർ മൂന്ന് മുതൽ ഒക്ടോബർ 31 വരെ നിയന്ത്രണം തുടരുമെന്നാണ് ഉത്തരവിൽ പറയുന്നത്. നിലവിൽ വിവാഹത്തിന് 50 പേർക്കും മരണാനന്തര ചടങ്ങുകൾക്ക് 20 പേർക്കും പങ്കെടുക്കാൻ അനുമതിയുണ്ട്. അതാത് പ്രദേശത്തെ സാഹചര്യം വിലയിരുത്തി ഇതിൽ കൂടുതൽ നിയന്ത്രണം ഏർപ്പെടുത്താൻ ജില്ല കലക്ടർമാർക്ക് അധികാരമുണ്ട്. കണ്ടെയിൻമെന്‍റ് സോണുകളിലും രോഗവ്യാപനം കൂടിയ പ്രദേശങ്ങളിലും യാതൊരു ഇളവുകളും അനുവദിക്കില്ല.

സംസ്​ഥാനത്ത് ആകെ കോവിഡ് ബാധിതരുടെ എണ്ണം 2,03,391 ആയിരിക്കുകയാണ്.​ ആകെ മരണം 771 ആയും ഉയർന്നു. വ്യാഴാഴ്ച​ 8135 പേർക്കാണ്​ കോവിഡ്​ സ്​ഥിരീകരിച്ചത്. ഇതിൽ 7013 പേർക്ക്​ സമ്പർക്കത്തിലൂടെയാണ്​ രോഗം ബാധിച്ചത്​. 730 ​പേരുടെ രോഗ ഉറവിടം വ്യക്​തമല്ല. 29 മരണമാണ് വ്യാഴാഴ്ച റിപ്പോർട്ട് ചെയ്തത്. 

Leave a Reply

Your email address will not be published. Required fields are marked *