ലോകത്ത് ഓരോ 16 സെക്കഡിലും ഒരാൾ വീതം കോവിഡ് രോഗബാധ മൂലം മരണപ്പെടുന്നുവെന്ന് റിപ്പോർട്ട്. ലോകത്ത് കോവിഡ് മരണം പത്ത് ലക്ഷം കവിഞ്ഞ് ഉയരുന്ന സാഹചര്യത്തിലാണ് പുതിയ റിപ്പോർട്ട്.
ജനുവരി 9ന് ചൈനയിലെ വുഹാനിൽ മരിച്ച 61 കാരന്റെതാണ് ലോകത്തെ ആദ്യ കോവിഡ് മരണമെന്ന് കരുതുന്നത്. സെപ്റ്റംബർ അവസാനം ആകുമ്പോഴേക്കും ഇത് 10 ലക്ഷം കവിഞ്ഞ് ഉയരുകയാണ്.
ജനുവരി ആദ്യവാരം മുതൽ സെപ്റ്റംബർ അവസാനം വരെയുള്ള കണക്ക് പരിശോധിച്ചാൽ ഓരോ 24 മണിക്കൂറിലും ലോകത്ത് 5400 പേർ വീതമാണ് കോവിഡ് ബാധിച്ചു മരിച്ചത്. മണിക്കൂറിൽ 226 പേരും ഓരോ 16 സെക്കൻഡിലും ഒരാൾ വീതം മരിക്കുന്നെന്നുമാണ് കണക്ക്.
ഇതുവരെ ലോകത്തു പ്രതിവർഷം ഏറ്റവുമധികം പേർ മലേറിയ മൂലം മരിച്ചെന്നായിരുന്നു കണക്ക്. എന്നാൽ ഈ വർഷം ഇതുവരെയുള്ള കണക്കു പ്രകാരം മലേറിയ ബാധിച്ചു മരിച്ചവരേക്കാൾ ഇരട്ടിയാണ് കോവിഡ് മരണങ്ങളെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.