രാജ്യത്തുടനീളം ലോക്ക്ഡൗൺ പ്രഖ്യാപിച്ച മാർച്ച് മുതൽ അടച്ചിട്ട സ്കൂളുകൾക്കും കോളേജുകൾക്കും ഒക്ടോബർ 15 മുതൽ വീണ്ടും തുറക്കാൻ അനുവാദമുണ്ടെന്ന് കേന്ദ്രം. കൊറോണ വൈറസുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ നീക്കം ചെയ്യുന്നതിന്റെ അടുത്ത ഘട്ടം (അൺലോക്ക് 5) പ്രഖ്യാപിച്ചുകൊണ്ട് ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. എന്നിരുന്നാലും, അന്തിമ തീരുമാനം സംസ്ഥാനങ്ങൾക്കും ബന്ധപ്പെട്ട സ്ഥാപനങ്ങൾക്കും എടുക്കാമെന്ന് കേന്ദ്ര സർക്കാർ പറഞ്ഞു. ഓൺലൈൻ, വിദൂര പഠനം എന്നിവ മുൻഗണനയുള്ള അധ്യാപന രീതിയായി തുടരുമെന്നും പ്രോത്സാഹിപ്പിക്കപ്പെടുമെന്നും കേന്ദ്രം അറിയിച്ചു.
സിനിമാ ഹാളുകൾ, മൾട്ടിപ്ലക്സുകൾ, എക്സിബിഷൻ ഹാളുകൾ എന്നിവയ്ക്കും തുറക്കാനുള്ള അനുമതി സർക്കാർ നൽകിയിട്ടുണ്ട്, പക്ഷേ അവ വീണ്ടും തുറക്കുന്നത് ചില നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ടായിരിക്കണം. സിനിമാശാലകൾ, തിയറ്ററുകൾ, മൾട്ടിപ്ലക്‌സുകൾ എന്നിവ 50 ശതമാനം വരെ ഇരിക്കാനുള്ള ശേഷിയോടെ പ്രവർത്തിക്കേണ്ടിവരും, ഇതിനായി പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കുമെന്നും സർക്കാർ അറിയിച്ചു.
അന്താരാഷ്ട്ര വിമാന യാത്ര, വിനോദ പാർക്കുകൾ, സമാന സ്ഥലങ്ങൾ എന്നിവയ്ക്കുള്ള വിലക്ക് തുടരും. ഒക്ടോബർ 31 വരെ കണ്ടെയ്ൻമെന്റ് സോണുകളിൽ ലോക്ക്ഡൗൺ കർശനമായി നടപ്പാക്കുമെന്ന് സർക്കാർ അറിയിച്ചു.