ഉത്തര്‍പ്രദേശില്‍ കൂട്ടബലാത്സംഗത്തിന് ഇരയായി ദളിത് പെണ്‍കുട്ടി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധം ശക്തമാകുകയാണ്. കുടുംബത്തിന് നീതി ആവശ്യപ്പെട്ടുള്ള പോസ്റ്റുകള്‍ക്കൊപ്പം പെണ്‍കുട്ടിയുടേതെന്ന പേരില്‍ ഫോട്ടോ പ്രചരിപ്പിക്കുന്നുണ്ട്. ഇത് വ്യാജമാണെന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. പെണ്‍കുട്ടിയുടെ ഫോട്ടോയല്ലെന്ന് കുടുംബം അറിയിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
പുല്ല് പറയ്ക്കുന്നതിനായി പാടത്ത് പോയപ്പോഴാണ് 19 വയസ്സുള്ള ദളിത് പെണ്‍കുട്ടി ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ടത്. ഉയര്‍ന്ന ജാതിക്കാരായ നാല് പേരാണ് കേസിലെ പ്രതികള്‍. പെണ്‍കുട്ടിയുടെ നാവ് മുറിച്ചെടുത്ത നിലയിലായിരുന്നു. കൈയ്യും കാലും ഒടിഞ്ഞിരുന്നു. അതീവ ഗുരുതരാവസ്ഥയിലായിരുന്ന പെണ്‍കുട്ടി കഴിഞ്ഞ ദിവസമാണ് മരിച്ചത്. ഇതോടെ പ്രതിഷേധം ശക്തമായി. പിന്നാലെ വയലില്‍ നില്‍ക്കുന്ന പെണ്‍കുട്ടിയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു.
പ്രചരിക്കുന്ന ഫോട്ടോയിലെ പെണ്‍കുട്ടിയെ അറിയില്ലെന്നാണ് കുടുംബം പറയുന്നത്. ഇന്ത്യാടുഡേയുടെ ഹത്രാസ് ലേഖകന്‍ അയച്ച പെണ്‍കുട്ടിയുടെ വീഡിയോ ക്ലിപ്പുകളും ഫോട്ടോകളും വൈറല്‍ ഫോട്ടോയുമായി സാമ്യമുള്ളതല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഹത്രാസ് പെണ്‍കുട്ടിയുടെതെന്ന പേരില്‍ പ്രചരിക്കുന്നത് മറ്റൊരു പെണ്‍കുട്ടിയുടെ ഫോട്ടോയാണ്. 2018 ജൂലൈ 22ന് ഈ പെണ്‍കുട്ടി മരിച്ചു. ചണ്ഡീഗഡിലെ ആശുപത്രിയില്‍ ചികിത്സയിലിക്കെയാണ് മരണം. ചികിത്സാ പിഴവാണ് മരണ കാരണമെന്നാണ് പെണ്‍കുട്ടിയുടെ സഹോദരന്‍ പറയുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്. ചികിത്സാ പിഴവിനെതിരെ പൊലീസിനെ സമീപിച്ചെങ്കിലും കേസെടുക്കാന്‍ തയ്യാറായില്ല. ഇതിനെ തുടര്‍ന്ന് പെണ്‍കുട്ടിക്ക് നീതി ആവശ്യപ്പെട്ട് ജസ്റ്റിസ് ഫോര്‍ മനീഷ എന്ന പേരില് ക്യാമ്പെയില്‍ നടത്തിയിരുന്നുവെന്നും സഹോദരന്‍ അറിയിച്ചു