മധുര പലഹാര വിൽപ്പനക്കാർ ഇനി എക്സ്പയറി ഡേറ്റ് ഉത്പന്നങ്ങളിൽ കാണിച്ചിരിയ്ക്കണം. പായ്ക്കറ്റ് പലഹാരങ്ങളിലും മിഠായികളിലും മാത്രമല്ല ബേക്കറികളിൽ ലൂസ് ആയി വിൽക്കുന്ന മധുരപദാര്‍ത്ഥങ്ങളും എത്ര നാളിനുള്ളിൽ ഉപയോഗിയ്ക്കണം എന്ന് വെളിപ്പെടുത്തിയിരിയ്ക്കണം.
ഫൂഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യയാണ് ഇത് സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചിരിയ്ക്കുന്നത്. രാജ്യത്തെ എല്ലാ മധുരപദാര്‍ത്ഥ ഷോപ്പ് ഉടമകൾക്കും ഇതു സംബന്ധിച്ച നിര്‍ദേശമുണ്ട്.
ഗുണമേൻമയുള്ള പുതിയ ഉത്പന്നങ്ങൾ ജനങ്ങളിൽ എത്തിയ്ക്കുന്നതിൻെറ ഭാഗമായാണ് നീക്കം. രാസപദാര്‍ത്ഥങ്ങൾ ചേര്‍ത്തുണ്ടാക്കുന്ന ചോക്ളേറ്റും മറ്റ് മധുര പാദാര്‍ത്ഥങ്ങളും കാലാവധി കഴിഞ്ഞ് ഉപയോഗിയ്ക്കുന്നത് മൂലമുള്ള ആരോഗ്യ പ്രശ്നങ്ങൾ ഒഴിവാക്കാനും ഇത് സഹായകരമാകും.
ലൂസ് ആയി വിൽക്കുന്ന ചോക്ക്ളേറ്റുകൾ ഉൾപ്പെടെ കാലാവധി കഴിഞ്ഞ് മാസങ്ങൾ പിന്നിട്ടാലും വിൽപ്പനയ്ക്ക് വയ്ക്കാറുണ്ട്. ഇത്തരം പ്രവണതകൾക്ക് തടയിടാനും ആരോഗ്യകരമായ ശീലങ്ങൾ വര്‍ധിപ്പിയ്ക്കാനും പുതിയ നടപടികൾക്ക് ആയേക്കും. സെപ്റ്റംബര്‍ 25ന് ആണ് രാജ്യത്തെ ഫൂഡ് സേഫ്റ്റി റെഗുലേറ്റര്‍ വിവിധ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും ഇതു സംബന്ധിച്ച നിര്‍ദേശം നൽകിയത്.
ചെറിയ ബോക്സുകളിലും പ്ലാസ്റ്റിക് കണ്ടെയ്നറുകളിലും മാത്രമല്ല ട്രേകളിൽ വിൽപ്പനയ്ക്ക് വച്ചിരിയ്ക്കുന്ന മധുരപലഹാരങ്ങൾക്കും ഇത് നിര്‍ബന്ധമാണ്. അതേസമയം ഉത്പന്നം നിര്‍മിച്ച തിയതി വെളിപ്പെടുത്താം എങ്കിലും ഇത് നിര്‍ബന്ധമല്ല.
ഫൂഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡാര്‍ഡ്സ് അതോറിറ്റിയുടെ വെബ്സൈറ്റ് പരിശോധിച്ചാൽ വിവിധ മധുരപദാര്‍ത്ഥങ്ങൾ പരമാവധി എത്ര ദിവസത്തിനുള്ളിൽ ഉപയോഗിയ്ക്കണം എന്ന് പരിശോധിയ്ക്കാൻ ആകും. ഇതിനു വിരുദ്ധമായി ഉത്പന്നങ്ങൾ വിൽപ്പനയ്ക്കുണ്ടെങ്കിൽ പരാതി നൽകാം.