ന്യൂഡൽഹി: ബാബരി മസ്ജിദ് തകർത്ത കേസിൽ എല്ലാ പ്രതികളെയും കുറ്റവിമുക്തരാക്കിയ സി.ബി.ഐ പ്രത്യേക കോടതി വിധി പൂർണ്ണഹൃദയത്തോടെ സ്വാഗതം ചെയ്യുന്നുവെന്ന് മുതിർന്ന ബി.ജെ.പി നേതാവും കേസിലെ പ്രതിയുമായിരുന്ന എൽ.കെ അദ്വാനി. രാം ജന്മഭൂമി പ്രസ്ഥാനത്തോടുള്ള വ്യക്തിപരമായ പ്രതിബദ്ധതയും ബി.ജെ.പിയുടെ വിശ്വാസവുമാണ് ഈ വിധി വ്യക്തമാക്കുന്നതെന്ന് എൽ.കെ അദ്വാനി പ്രതികരിച്ചു.
കോടതി വിധി ചരിത്രപരമായ തീരുമാനമാണെന്ന് കേസിൽ പ്രതിചേർക്കപ്പെട്ടിരുന്ന നേതാവ് മുരളി മനോഹർ ജോഷി പ്രതികരിച്ചു. ഡിസംബർ ആറിന് അയോധ്യയിൽ നടന്ന സംഭവത്തിൽ ഗൂഢാലോചന നടന്നിട്ടില്ലെന്ന് ഇൗ വിധി തെളിയിക്കുന്നു. ബി.ജെ.പിയുടെ പരിപാടികളും റാലികളും ഒരു ഗൂഢാലോചനയുടെയും ഭാഗമല്ല. വിധിയിൽ സന്തോഷമുണ്ട്. അയോധ്യയിൽ രാമക്ഷേത്രം ഉയരുന്നതിൽ എല്ലാവരും ആവേശഭരിതരാണെന്നും മുരളി മനോഹർ ജോഷി കൂട്ടിച്ചേർത്തു.