ബാബറി മസ്ജിദ് പൊളിച്ച കേസില്‍ എല്‍.കെ അദ്വാനിയും മുരളി മനോഹര്‍ ജോഷിയും ഉള്‍പ്പെടെ 32 പ്രതികളെയും വെറുതെ വിട്ടു. തെളിവുകളുടെ അഭാവത്തിലാണ് കേസിലെ എല്ലാ പ്രതികളേയും കോടതി വെറുതെവിട്ടത്. പ്രത്യേക ജഡ്ജി എസ് കെ യാദവാണ് വിധി പറഞ്ഞത്. ഗൂഢാലോചന തെളിയിക്കാൻ പ്രോസിക്യൂഷൻ ഹാജാരാക്കിയ ഫോട്ടോകൾ തെളിവായി സ്വീകരിക്കാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. ജനക്കൂട്ടത്തെ നിയന്ത്രിക്കാനാണ് അദ്വാനി ഉൾപ്പെടെയുള്ളവർ ശ്രമിച്ചതെന്ന് കോടതി പറഞ്ഞു.
പള്ളി തകര്‍ത്തത് പെട്ടെന്നുണ്ടായ വികാരത്തിന്റെ അടിസ്ഥാനത്തിലാണ്. അല്ലാതെ ആസത്രിതമല്ലെന്നായിരുന്നു കോടതിയുടെ കണ്ടെത്തല്‍. 1992 ഡിസംബര്‍ ആറിന് അയോധ്യ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത ക്രൈം നമ്പര്‍ 197 / 1992 , ക്രൈം നമ്പര്‍ 198/1992 എന്നീ കേസുകളിലെ വിധിയാണ് ഇന്ന് കോടതി വിധിപറഞ്ഞത്. 2000 ത്തോളം പേജുള്ളതായിരുന്നു വിധി ന്യായം.
അദ്വാനിയും മുരളിമനോഹർ ജോഷി എന്നിവർ വീഡീയോ കോൺഫറൻസ് വഴി കോടതി നടപടിയിൽ പങ്കെടുത്തു. കേസില്‍ അദ്വാനിയടക്കമുള്ള മുഴുവന്‍ പ്രതികളോടും കോടതിയില്‍ നേരിട്ട് ഹാജരാകാന്‍ ലക്‌നൗ കോടതി നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ അദ്വാനിയുള്‍പ്പെടെയുള്ളവര്‍ കോടതിയില്‍ ഹാജരായിരുന്നില്ല.
48 പേരായിരുന്നു കേസിലെ പ്രതികള്‍. 28 വര്‍ഷത്തിന് ശേഷം വിധി വരുമ്പോള്‍ ജീവിച്ചിരിക്കുന്ന 32 പ്രതികളില്‍ 26 പേരാണ് കോടതിയില്‍ ഹാജരായത്. വിനയ് കത്യാര്‍, ധരം ദാസ്, വേദാന്തി, ലല്ലു സിങ്, ചമ്പത്ത് റായ്, പവന്‍ പാണ്ഡേ തുടങ്ങിയവരാണ് കോടതിയില്‍ ഹാജരായത്. മഹന്ത് നിത്യ ഗോപാല്‍ ദാസ്, കല്യാണ്‍ സിങ് എന്നിവരെ നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് വിലക്കി. അദ്വാനിയും മുരളീ മനോഹര്‍ ജോഷിയും ഉമാഭാരതിയും ഉള്‍പ്പെടെ ആറ് പ്രതികള്‍ അനാരോഗ്യം ചൂണ്ടികാട്ടി കോടതിയില്‍ ഹാജരായില്ല. കല്യാണ്‍ സിങ്, ഉമാ ഭാരതി എന്നിവര്‍ കോവിഡ് ബാധിച്ച് ചികിത്സയിലാണ്.