കുവൈത്ത് സിറ്റി: അന്തരിച്ച കുവൈത്ത് അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന് ഇന്ത്യയുമായി ഉണ്ടായിരുന്നത് ഉൗഷ്മളമായ സ്നേഹബന്ധം. കുവൈത്ത് അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് 2006 ജൂൺ 14ന് നടത്തിയ ഇന്ത്യാ സന്ദർശനത്തിന് ശേഷം സാമ്പത്തിക രംഗത്തെ വിനിമയങ്ങൾ ശക്തി പ്രാപിച്ചിട്ടുണ്ട്. 2017ൽ സ്വകാര്യ സന്ദർശനത്തിനായി ഇന്ത്യ സന്ദർശിച്ച അമീർ പത്തുദിവസം അവിടെ തങ്ങി. ചികിത്സയും വിശ്രമവും ലക്ഷ്യം വെച്ചാണ് അദ്ദേഹം ഇന്ത്യ സന്ദർശിച്ചത്. ഇന്ത്യൻ സന്ദർശനത്തിനിടെ അമീർ കേരളവും സന്ദർശിക്കുമെന്ന് റിപ്പോർട്ടുണ്ടായിരുന്നുവെങ്കിലും അവസാന നിമിഷം കേരള സന്ദർശനം റദ്ദാക്കി മടങ്ങുകയായിരുന്നു.ഇന്ത്യൻ ഭരണാധികാരികൾ കുവൈത്തിലെത്തിയപ്പോളെല്ലാം അമീറിെൻറ നേതൃത്വത്തിൽ ആദരവോടെ സ്വീകരിച്ചു. ഇന്ത്യക്കാരുടെ വിവിധ പ്രശ്നങ്ങളിൽ അനുഭാവപൂർവം നിലപാടെടുക്കാൻ ബന്ധപ്പെട്ടവർക്ക് ഇൗ ഘട്ടങ്ങളിൽ നിർദേശം നൽകി. കഴിഞ്ഞ വർഷം ഇന്ത്യൻ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്‍റെ കുവൈത്ത് സന്ദർശന വേളയിൽ, ഇന്ത്യയും കുവൈത്തും തമ്മിലുള്ളത് ചരിത്രപരമായ ബന്ധമാണെന്നും കുവൈത്തിന്‍റെ വികസനത്തിൽ ഇന്ത്യൻ തൊഴിലാളികൾ ശ്രദ്ധേയമായ പങ്കുവഹിക്കുന്നുണ്ടെന്നും വ്യക്തമാക്കിയ അമീർ ഇന്ത്യ ചൂണ്ടിക്കാട്ടിയ പ്രശ്നങ്ങൾ അനുഭാവപൂർവം പഠിച്ച് നടപടിയെടുക്കാമെന്ന ഉറപ്പും നൽകി.