തലച്ചോർ തിന്നുന്ന അമീബ മൂലം ബ്രസോറിയയിൽ ആറ് വയസ്സുകാരൻ മരിച്ചു. തുടർന്ന് ഗവർണർ ഗ്രെഗ് അബോട്ട് ടെക്‌സാസിൽ ആരോഗ്യ ജാഗ്രതാ മുന്നറിയിപ്പ് നൽകി. തലച്ചോർ തിന്നുന്ന അമീബയായ നെയ്‌ഗ്ലേറിയ ഫൗലേറി ബാധിച്ച് ഈ മാസം എട്ടിനാണ് ലേക് ജാക്‌സൺ നഗരത്തിൽ ജോസിയ മാക് ഇന്റർ എന്ന ആറ് വയസ്സുകാരൻ മരിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിൽ കുട്ടിയുടെ വീട്ടിലെ ഗാർഡൻ ഹോസിന്റെ പൈപ്പിൽ അമീബയുടെ സാന്നിധ്യം കണ്ടെത്തിയതായാണ് റിപ്പോർട്ടുകൾ.തടാകങ്ങളിലും നദികളും നീന്തൽക്കുളത്തിലും വളരുന്ന ഒരു സൂക്ഷ്മജീവിയാണിത്. മൂക്കിലൂടെ മനുഷ്യശരീരത്തിലേക്ക് പ്രവേശിക്കുന്ന അമീബ തലച്ചോറിലേക്ക് തുളച്ചുകയറുന്നു. ശക്തമായ തലവേദന, ഹൈപ്പർതെർമിയ, കഠനമായ കഴുത്ത് വേദന, ഛർദ്ദി തലക്കറക്കം, കടുത്ത ക്ഷീണം എന്നിവയാണ് ലക്ഷണങ്ങളെന്ന് യു എസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
നഗര കേന്ദ്രത്തിലെ ജലധാരയിലും പ്രധാന നഗരമായ ഹൂസ്റ്റണിനടുത്തുളള മറ്റൊരു നഗരത്തിലെ ഫയർ ഹൈഡ്രന്റിലും അമീബയുടെ സാന്നിധ്യം കണ്ടെത്തിയതായി നഗരസഭാ ഉദ്യോഗസ്ഥൻ മൊഡെസ്റ്റോ മുണ്ടോ അറിയിച്ചു. അസുഖം ബാധിക്കുന്നതിന് മുമ്പ് കുട്ടി ഒരു സ്പ്ലാഷ് പാര്‍ക്കില്‍ കളിച്ചിരുന്നു. ഇതിനിടയിൽ മലിനജലവുമായി കുട്ടിക്ക് സമ്പർക്കമുണ്ടായതായി കാണുമെന്ന് കുട്ടിയുടെ കുടുംബാംഗങ്ങൾ പറയുന്നു. സംഭവത്തിന് പിന്നാലെ സ്പ്ലാഷ് പാർക്ക് അടച്ചു.ലേക് ജാക്‌സൺ ഉൾപ്പെടുന്ന ബ്രസോറിയയിലെ നിരവധി നഗരങ്ങളിൽ താമസക്കാരോട് കുടിക്കുന്നതിനോ, കുളിക്കുന്നതിനോ, പാചകം ചെയ്യുന്നതിനോ പൈപ്പ് വെള്ളം ഉപയോഗിക്കരുതെന്ന് കർശന നിർദേശം നൽകിയിരുന്നു. പിന്നീട് ഈ നിർദേശം പിൻവലിച്ചെങ്കിലും വെള്ളം കുടിക്കാൻ ഉപയോഗിക്കുന്നതിന് മുമ്പ് തിളപ്പിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്