“കുട്ടിയെ ഞങ്ങൾക്കിഷ്ടമായി, നിങ്ങളെന്ത് തരും?”

General

കയ്പമംഗലം: സ്ത്രീധനം മോഹിച്ചെത്തുന്ന അല്പൻമാരെ മുഖമടച്ച് ആട്ടുന്ന പോസ്റ്റ് വൈറലായതോടെ കുറിപ്പുകാരിക്ക് അഭിനന്ദന പ്രവാഹം. തൃശൂർ ചെന്ത്രാപ്പിന്നി സ്വദേശി ബിൻസി ബഷീറാണ് പെൺകുട്ടികൾക്ക് ആത്മവിശ്വാസം പകരുന്ന കുറിപ്പ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച് താരമായത്.

“കുട്ടിയെ ഞങ്ങൾക്കിഷ്ടമായി, നിങ്ങളെന്ത് തരും?” എന്ന ചോദ്യത്തിന് “വീട്ടീന്ന് ഇറങ്ങിപ്പോകാൻ അഞ്ചുമിനിറ്റ് തരും” എന്ന ചുട്ട മറുപടിയാണ് കുറിപ്പ്. വരികൾ താൻ പ്രതീക്ഷിച്ചതിലുമപ്പുറം വൈറലായതി​െൻറ ത്രില്ലിലാണ് ബിൻസി. ഒരു വലിയ സന്ദേശം സമൂഹം ഏറ്റെടുത്തതി​െൻറ സന്തോഷവും അവർ പങ്കുവെക്കുന്നു.

കൊടുങ്ങല്ലൂർ എം.ഇ.എസ് അസ്മാബി കോളജിൽനിന്ന് എം.കോം കഴിഞ്ഞ ശേഷം ലോക്ഡൗൺ കാലത്ത് സുഹൃത്തുമായി ചേർന്നാണ് ഇൻസ്റ്റയിൽ ‘നിഴൽമരങ്ങൾ’ എന്ന പേജ് തുടങ്ങിയത്. നേരത്തെ തന്നെ സ്ത്രീധന വിരുദ്ധ ആശയം പ്രചരിപ്പിക്കാൻ കുറച്ചു പോസ്റ്റുകൾ ഇട്ടിരുന്നു. അത് സുഹൃദ് വലയങ്ങളിൽ മാത്രമാണ് ചർച്ചയായത്. എന്നാൽ, ഈ കുറിപ്പ് സോഷ്യൽമീഡിയ ഏറ്റെടുക്കുകയായിരുന്നു.

സ്വന്തം പേജിൽ പങ്കുവെച്ച വരികൾ സെലിബ്രിറ്റികൾ അടക്കം പല പേജുകളിലായി ഷെയർ ചെയ്തതോടെയാണ് വൈറലായത്. നടി അഹാന കൃഷ്ണ, ജോസ് അന്നക്കുട്ടി ജോസ്, സംഗീത സംവിധായകൻ കൈലാസ് മേനോൻ അടക്കമുള്ളവർ ഇത് ഷെയർ ചെയ്തിട്ടുണ്ട്.

ഇൻസ്റ്റഗ്രാമിൽനിന്നും എഫ്.ബിയിലേക്കും തുടർന്ന് വാട്സപ്പിലേക്കും പോസ്​റ്റ്​ പ്രചരിക്കുകയായിരുന്നു. സ്വകാര്യ റേഡിയോയിൽനിന്നും അഭിമുഖത്തിനായി വിളിച്ചപ്പോഴാണ് പോസ്റ്റ് കത്തിപ്പിടിച്ച വിവരം ബിൻസി അറിയുന്നത്. കാലങ്ങളായി നിരവധി കുടുംബങ്ങളെ കണ്ണീരു കുടിപ്പിച്ചു കൊണ്ടിരിക്കുകയാണ് സ്തീധനം. ഇതി​െൻറ പേരിൽ ദാരുണമായ മരണങ്ങളും ആത്മഹത്യകളും നിത്യസംഭവങ്ങളാകുന്നു. എന്നിട്ടും യാതൊരു ഉളുപ്പുമില്ലാതെ പച്ചക്ക് സ്ത്രീധനം ചോദിക്കുന്നവർക്കു മുന്നിൽ അല്പം പോലും ആതിഥ്യമര്യാദ പാലിക്കേണ്ടതില്ല എന്നാണ് കുറിപ്പുകാരിയുടെ പക്ഷം. ഇത്തരക്കാരോട് ‘ഇറങ്ങിപ്പോകൂ’ എന്നു പറയാൻ പെൺകുട്ടികൾ എന്ന് ചങ്കൂറ്റം കാണിക്കുന്നുവോ, അന്നേ ഇതിന് അറുതിവരികയുള്ളൂ​വെന്നും ബിൻസി പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *