”താങ്കളുടെ സ്ഥിരം പ്രവർത്തന കേന്ദ്രമായ ഡൽഹിയിലാണ് പാർലമെന്റ് സമ്മേളനം നടക്കുന്നത്. മണ്ഡലത്തിലെ താങ്കളുടെ അസാന്നിധ്യത്തെക്കാൾ ലോക്സഭയിലെ താങ്കളുടെ അസാന്നിധ്യമാണ് ഏറെ ഗൗരവകരമായി കാണേണ്ടത്.”രാഹുൽ ഗാന്ധി എം.പിക്ക് ഡി.വൈ.എഫ്.ഐ നേതാവിന്റെ തുറന്ന കത്ത്

General

കൽപ്പറ്റഃ ഡി.വൈ.എഫ്.ഐ നേതാവ് കെ.റഫീഖ് രാഹുൽ ഗാന്ധി എം.പിക്ക് എഴുതിയ തുറന്ന കത്ത് ചർച്ചയാവുന്നു. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കത്തിന്റെ പൂർണ്ണ രൂപം..

”ബഹുമാനപ്പെട്ട വയനാട് പാർലമെന്റ് അംഗത്തിന് ഒരു തുറന്ന കത്ത്,

2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ വയനാട് ലോക്സഭാ മണ്ഡലത്തിൽ നിന്നും എന്തുകൊണ്ട് താങ്കൾ തിരഞ്ഞെടുക്കപ്പെടരുത് എന്ന് രാഷ്ട്രീയ പ്രചരണം നടത്തിയ പൊതുപ്രവർത്തകനാണ് ഞാൻ. ദൗർഭാഗ്യവശാൽ നരേന്ദ്രമോദിക്ക്പകരക്കാരനായ ഭാവി പ്രധാനമന്ത്രി എന്ന നിലയിൽ താങ്കളെ ഉയർത്തിക്കാണിച്ച് നടത്തിയ രാഷ്ട്രീയ പ്രചരണങ്ങളാണ് ജനങ്ങൾ അംഗീകരിച്ചത്. അത്തരത്തിൽ വലിയ പ്രതീക്ഷയോടെയാണ് താങ്കളെ ജനങ്ങൾ ലോക്സഭയിലേയ്ക്ക് തിരഞ്ഞെടുത്തത്. ഇപ്പോൾ ഞാനടക്കമുള്ള മണ്ഡലത്തിലെ എല്ലാവരുടെയും പ്രതിനിധിയെന്ന നിലയിൽ മണ്ഡലത്തിന്റെ ജനങ്ങളുടെ ലോക്സഭയിലെ പ്രതിപുരുഷനാണ് താങ്കൾ.

ഏറ്റവും കടുത്ത പ്രതിസന്ധികളിലൂടെ നമ്മുടെ നാട് കടന്ന് പോകുമ്പോൾ രാജ്യത്തിന്റെ നിയമനിർമ്മാണ സഭയിൽ വയനാട് മണ്ഡലത്തിന്റെ പ്രതിനിധിയെന്ന നിലയിൽ താങ്കൾ ഉത്തരവാദിത്വം നിർവ്വഹിക്കുന്നുണ്ടോ? താങ്കളുടെ മണ്ഡലത്തിലെ ബഹുഭൂരിപക്ഷം വരുന്ന കർഷക ജനതയെ ബാധിക്കുന്ന കർഷകവിരുദ്ധ ബില്ലുകൾ പാർലമെന്റിന്റെ പരിഗണനയിൽ വന്നത് താങ്കൾ അറിഞ്ഞിരിക്കുമല്ലോ? കാലാകാലങ്ങളായി കേന്ദ്രസർക്കാരുകൾ സ്വീകരിച്ച നയപരിപാടികളിലൂടെ പ്രതിസന്ധിയിലായ വലിയ വിഭാഗം കർഷക ജനതയെ കൂടിയാണ് ലോക്സഭയിൽ പ്രതിനിധീകരിക്കുന്നതെന്നും താങ്കൾക്ക് ഓർമ്മ കാണുമല്ലോ? എന്നിട്ടും പാർലമെന്റിന്റെ നിർണ്ണായകവും ഗൗരവമുള്ളതുമായ ഒരു സെഷനിൽ പങ്കെടുക്കാതെ താങ്കൾ വിട്ടുനിന്നത് ഏത് കാരണത്താലായാലും നീതികരിക്കപ്പെടുന്നതല്ല. ഈ ലോക്സഭ നിലവിൽ വന്നതിന് ശേഷം ഗൗരവസ്വഭാവമുള്ള നിരവധി നിയമനിർമ്മാണ പ്രക്രിയകളും അവയുടെ ചർച്ചകളും പാർലമെന്റിൽ നടന്നിരുന്നു. അപ്പോൾ പലപ്പോഴും അസാന്നിധ്യം കൊണ്ടാണ് താങ്കൾ ശ്രദ്ധേയനായത്. ഒരു ജനപ്രതിനിധിയെന്ന നിലയിൽ നിയമനിർമ്മാണ സഭയിൽ ജനങ്ങളുടെ ശബ്ദമാകുക എന്നതാണ് ഒരു ജനപ്രതിനിധിയുടെ പ്രാഥമികവും പ്രധാനവുമായ കടമ എന്നത് താങ്കൾ പലപ്പോഴും വിസ്മരിക്കുന്നത് ഖേദകരമാണ്. ഇനിയെങ്കിലും ജനങ്ങൾ ഏൽപ്പിച്ച ഉത്തരവാദിത്വത്തിൽ നിന്നും ലാഘവബുദ്ധിയോടെ തെന്നിമാറുന്ന ‘കുട്ടിത്തം’ താങ്കൾ ഉപേക്ഷിക്കുമെന്ന് കരുതുന്നു.

തിരഞ്ഞെടുക്കപ്പെട്ട മണ്ഡലത്തിൽ പകരം ആളെവച്ച് സാന്നിധ്യമായാൽ മതിയെന്ന സമീപനമാണല്ലോ താങ്കൾ തുടക്കം മുതൽ സ്വീകരിച്ചിരിക്കുന്നത്. ദേശീയ നേതാവാണ്, ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കേണ്ടതുണ്ട്, രാജ്യത്തിന്റെ തെക്കേ അറ്റത്തുള്ള ഒരു പിന്നാക്ക മണ്ഡലത്തിൽ കേന്ദ്രീകരിച്ച് പ്രവർത്തിക്കാൻ ബുദ്ധിമുട്ടുണ്ട് എന്ന ന്യായങ്ങളെ ജനങ്ങളാണ് സ്വീകരിക്കേണ്ടതും നിരാകരിക്കേണ്ടതും. പക്ഷെ താങ്കളുടെ സ്ഥിരം പ്രവർത്തന കേന്ദ്രമായ ഡൽഹിയിലാണ് പാർലമെന്റ് സമ്മേളനം നടക്കുന്നത്. മണ്ഡലത്തിലെ താങ്കളുടെ അസാന്നിധ്യത്തെക്കാൾ ലോക്സഭയിലെ താങ്കളുടെ അസാന്നിധ്യമാണ് ഏറെ ഗൗരവകരമായി കാണേണ്ടത്. സാധാരണ കർഷകരുടെ താൽപ്പര്യങ്ങളെ രാജ്യത്തെ കോർപ്പറേറ്റുകളുടെ പണപ്പെട്ടിയിൽ പണയം വയ്ക്കുന്ന മുന്ന് സുപ്രധാനബില്ലുകൾ ലോക്സഭയിൽ അവതരിപ്പിക്കുമ്പോൾ അതിന്റെ മേൽ ചർച്ച നടക്കുമ്പോൾ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധിയായ താങ്കൾ രാജ്യത്തു പോലും ഉണ്ടായിരുന്നില്ല എന്നത് തികച്ചും ഖേദകരമാണ്. വയനാട് പാർലമെന്റ് മണ്ഡലത്തിലെ കർഷകജനത ഈ വിഷയത്തിൽ താങ്കളോട് പൊറുക്കില്ല എന്ന് തന്നെയാണ് വിശ്വാസം.

2019ൽ അഭിമാനപുരസരം താങ്കൾ അവതരിപ്പിച്ച കോൺഗ്രസ് മാനിഫെസ്റ്റോയിലെ ഒരു വാഗ്ദാനം പുതിയ കർഷക ബില്ലിൽ നരേന്ദ്രമോദി കടംകൊണ്ടതെങ്കിലും താങ്കൾ അറിഞ്ഞിരിക്കുമല്ലോ. താങ്കളുടെ ശ്രദ്ധയിലേയ്ക്ക് അതൊന്ന് ആവർത്തിക്കട്ടെ; “Congress will repeal the Agricultural Produce Market Committees Act and make trade in agricultural produce—including exports and inter-state trade—free from all restrictions.”

താങ്കളുടെ പാർട്ടി പുറത്തിറക്കിയ 2019ലെ പ്രകടനപത്രികയിൽ കർഷകർക്ക് നൽകിയ വാഗ്ദാനങ്ങളിൽ എന്തെങ്കിലും ആത്മാർത്ഥതയുണ്ടെങ്കിൽ മോദി സർക്കാർ അവതരിപ്പിച്ച കർഷക വിരുദ്ധ ബില്ലുകൾക്കെതിരെ താങ്കൾ ലോക് സഭയിൽ മുന്നിൽ നിന്ന് പോരാടുമായിരുന്നു. താങ്കൾക്ക് ഇത്തരം വിഷയങ്ങളോടുള്ള സമീപനം എത്രമാത്രം ആത്മാർത്ഥവും സത്യസന്ധവുമാണെന്ന് വിലയിരുത്താനുള്ള അവസരം കൂടിയാണ് ജനങ്ങൾക്ക് മുമ്പിലുള്ളത്. ഇത്തരം വിഷയങ്ങളിൽ നിയമനിർമ്മാണ സഭയിൽ ചർച്ചകൾ നടക്കുമ്പോൾ നിരന്തരം ഒളിച്ചോടുന്ന ജനപ്രതിനിധിയായി താങ്കൾ മാറുന്നത് നിരാശാജനകമാണ്. വാചാടോപങ്ങളുടെ രാഷ്ട്രീയ പ്രതിച്ഛായ കൊണ്ട് ജനങ്ങളുടെ മനസ്സിനെ എത്രനാൾ ആകർഷിച്ചു നിർത്താൻ സാധിക്കുമെന്ന് താങ്കൾ വിലയിരുത്തേണ്ട സമയമായി. സാധാരണക്കാരായ വയനാട്ടിലെ ജനത ഏറെ പ്രതീക്ഷകളോടെയാണ് താങ്കളെ ലോക് സഭയിലേയ്ക്ക് തിരഞ്ഞെടുത്തത്. താങ്കൾക്ക് വയനാട് കേവലം ഒരു എൻട്രി പോയിന്റ് മാത്രമായിരിക്കും. എന്നാൽ വയനാട് മണ്ഡലത്തിന് ആവശ്യം ലോക് സഭയിലടക്കം പ്രദേശത്തിന്റെ ജനഹിതം ആർജ്ജവത്തോടെ അവതരിപ്പിക്കുന്ന ഒരു ജനപ്രതിനിധിയെയാണ് എന്നത് താങ്കൾ മറക്കരുത് എന്ന് അപേക്ഷയുണ്ട്.

സന്ദർഭോചിതമായി ഒരു കാര്യംകൂടി സൂചിപ്പിക്കട്ടെ. വയനാട് മണ്ഡലത്തിലെ ചില പ്രദേശങ്ങൾ ബഫർസോണിലാക്കിയ കേന്ദ്രപരിസ്ഥിതി മന്ത്രാലയത്തിന്റെ കരട് ഡ്രാഫ്റ്റിനെതിരെ സംസ്ഥാനസർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്തി താങ്കളുടെ പാർട്ടിക്കാർ പ്രചരണത്തിലാണ്. ഇത്തരം വിഷയങ്ങളിൽ തരിമ്പെങ്കിലും ആത്മാർത്ഥത ഉണ്ടായിരുന്നെങ്കിൽ ഈ വിഷയത്തിൽ കേന്ദ്രനിലപാടിനെതിരെ വയനാടിന്റെ ജനപ്രതിനിധിയെന്ന നിലയിൽ പേരിനെങ്കിലും ഒരു പ്രതിഷേധസ്വരം പാർലമെന്റിൽ താങ്കൾക്ക് ഉയർത്താമായിരുന്നു. എന്തായാലും കേന്ദ്രം കൈക്കൊണ്ട ഒരു നടപടിയിലെ പ്രതിഷേധം ലോക് സഭയിൽ ഉയർത്താൻ താങ്കൾക്ക് ശേഷിയില്ലെങ്കിലും ആ വിഷയം സംസ്ഥാനസർക്കാരിനെതിരെ ഉപയോഗിക്കാൻ താങ്കളുടെ പാർട്ടിയിലെ കേരളത്തിലെ നേതാക്കൾ കൃത്യമായ ജാഗ്രത കാണിക്കുന്നുണ്ട്. പാർലമെന്റിൽ പറയേണ്ടി വരുമ്പോൾ പരിമിതി കാണും. കേരളത്തിൽ പറയാൻ അത്തരം പരിമിതികൾ കാണില്ലല്ലോ!!! അതും ജനങ്ങൾ വിലയിരുത്തട്ടെ.

ഇനി മറ്റൊരു കാര്യം.

താങ്കൾ വയനാട്ടിൽ നിന്നുള്ള ജനപ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം 2019ലെ പ്രളയവും ഇപ്പോഴത്തെ കോവിഡ് മഹാമാരിയും കേരളത്തെ മൊത്തത്തിൽ പ്രതിസന്ധിയിൽ ആക്കിയിരുന്നു. സുരക്ഷാ പ്രശ്നങ്ങൾ മൂലമുള്ള അസൗകര്യവും മണ്ഡലത്തിനും സംസ്ഥാനത്തിനും വെളിയിൽ നിന്നുള്ള ആൾ എന്ന നിലയിലുള്ള താങ്കളുടെ പരിമിതികളും മൂലമാവാം ഒരു ജനപ്രതിനിധിയെന്ന നിലയിൽ മറ്റു മണ്ഡലങ്ങളിലെ എം.പിമാർ ചെയ്തത് പോലെയെങ്കിലും ജനങ്ങളോട് ഒപ്പം നിന്ന് ഈ ദുരന്തകാലത്ത് പ്രവർത്തിക്കാൻ താങ്കൾക്ക് കഴിയാത്തത്. എന്തായാലും ഈ പ്രതിസന്ധികളെ മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വിഭിന്നമായി കേരളം എങ്ങനെയാണ് നേരിട്ടതെന്ന് താങ്കൾ വിലയിരുത്തിയിട്ടുണ്ടാകും. മണ്ഡലത്തിൽ ചിലയിടത്ത് താങ്കളുടെ പ്രതിപുരുഷന്മാർ വ്യക്തിയെന്ന നിലയിലുള്ള താങ്കളുടെ സഹായങ്ങൾ കൈമാറിയ വിവരം വാർത്താ മാധ്യമങ്ങളിലൂടെ മനസ്സിലാക്കിയിരുന്നു. ലക്ഷക്കണക്കിന് ജനങ്ങൾ അധിവസിക്കുന്ന ഈ വയനാട് മണ്ഡലത്തിൽ ഇത്തരം വ്യക്തിപരമായ സഹായങ്ങൾ വളരെ പരിമിതമായ ഇടപെൽ മാത്രമേ ആകുന്നുള്ളു എന്ന ബോധ്യം താങ്കൾക്കും കാണുമല്ലോ. അത്തരത്തിൽ താങ്കൾ നടത്തിയ വ്യക്തിപരമായ ഇടപെടലുകളെ മാനിക്കുന്നു. ഈയൊരു പ്രതിസന്ധി കാലത്ത് അണ്ണാറക്കണ്ണനും തന്നാലയത് പോലെ എന്ന നിലയിൽ സഹായങ്ങൾ നൽകാൻ കഴിഞ്ഞ ഒരു യുവജനപ്രസ്ഥാനത്തിന്റെ പ്രവർത്തകൻ എന്ന നിലയിൽ അത്തരം കൈത്താങ്ങുകളെ വിലകുറച്ച് കാണുകയുമില്ല. നാടിന്റെ ദുരിതകാലത്ത് എം.പി എന്ന നിലയിൽ ചെയ്ത എത്ര ചെറിയ കാര്യത്തെയും അതേ അർത്ഥത്തിൽ ഉൾക്കൊള്ളുകയും ചെയ്യുന്നു. പക്ഷെ ഈ പ്രതിസന്ധി കാലത്ത് താങ്കളുടെ പ്രതിപുരുഷന്മാരിലൂടെ വ്യക്തിപരമായി എന്തുചെയ്തു എന്നതിനെക്കാൾ പ്രസക്തമായ ചോദ്യം ഒരു ജനപ്രതിനിധി എന്ന നിലയിൽ താങ്കൾ എന്തു ചെയ്തു എന്നതാണെന്ന് തന്നെ വിശ്വസിക്കുന്നു. ഈ പ്രതിസന്ധികാലത്ത് ജനപക്ഷത്തു നിന്ന് അവർക്ക് ആശ്വാസമാകുന്ന നടപടികൾ സ്വീകരിച്ച ഒരു സർക്കാരാണ് കേരളം ഭരിക്കുന്നത് എന്നതിൽ താങ്കൾക്ക് എതിർപ്പ് കാണില്ല എന്ന് വിശ്വസിക്കുന്നു. പ്രളയദുരിതാശ്വാസ സഹായത്തിൽ, ജി.എസ്.ടി വിഹിതത്തിൽ അടക്കം സംസ്ഥാന സർക്കാരിനോട് കേന്ദ്രം ചിറ്റമ്മനയം സ്വീകരിക്കുന്ന ഒരു ഘട്ടത്തിലാണ് ഇത്തരം പ്രതിസന്ധികളോട് കേരള സർക്കാർ പൊരുതുന്നത്. കേന്ദ്രത്തിന്റെ ഇത്തരം സമീപനങ്ങൾക്കെതിരെ പോരാടി കേരളത്തിന് അർഹമായ കേന്ദ്രസഹായം നേടിയെടുക്കാൻ ജനപ്രതിനിധി എന്ന നിലയിൽ താങ്കൾ എന്തെല്ലാം ചെയ്തു എന്നത് ചോദിക്കുകയും വ്യക്തമാക്കപ്പെടുകയും ചെയ്യേണ്ടതുണ്ടെന്ന് തോന്നുന്നു.

ഒരു മണ്ഡലത്തിന്റെ അടിസ്ഥാന വികസനത്തിന് സഹായകമാകേണ്ട എം.പി ഫണ്ട് കോവിഡിന്റെ പേര് പറഞ്ഞ് കേന്ദ്രസർക്കാർ രണ്ട് വർഷത്തേക്ക് മരവിപ്പിച്ചിരിക്കുകയാണ്. താങ്കൾ അടക്കമുള്ള ജനപ്രതിനിധികൾക്ക് രണ്ട് വർഷത്തേയ്ക്ക് ഇത്തരത്തിൽ മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങളിൽ സ്വന്തം നിലയിൽ ഒരു സംഭാവനയും ചെയ്യാൻ കഴിയില്ല എന്നാണ് ഇതിന്റെ അർത്ഥം. ഈ പ്രതിസന്ധി കാലത്ത് മണ്ഡല വികസനത്തിൽ അമൂല്യമാകുമായിരുന്ന എം.പി ഫണ്ട് മരവിപ്പിച്ച തീരുമാനത്തിനെതിരെ ഒരു ജനപ്രതിനിധിയെന്ന നിലയിൽ താങ്കൾക്ക് എന്ത് ചെയ്യാൻ സാധിച്ചു എന്നറിയാൻ ആഗ്രഹമുണ്ട്.

ഈ പ്രതിസന്ധി കാലത്ത് താങ്കൾ ചെയ്ത വ്യക്തിഗത സഹായങ്ങൾ നല്ല രീതിയിൽ പ്രചരിക്കപ്പെടുന്നുണ്ട്. എന്നാൽ ഈ പ്രതിസന്ധി കാലത്ത് ജനങ്ങളെ ദുരിതത്തിന് വിട്ടുകൊടുക്കാതെ ചേർത്തു നിർത്തിയ ഒരു സർക്കാർ സംവിധാനം ഈ നാട്ടിലുണ്ട്. സൗജന്യറേഷൻ, ഭക്ഷ്യക്കിറ്റുകൾ, പെൻഷൻ, വിദ്യാർത്ഥികൾക്ക് സ്കൂളുകളിലൂടെ ഭക്ഷ്യക്കിറ്റ്, ലോക്ഡൗൺ കാലത്തെ സാമൂഹിക അടുക്കളകൾ തുടങ്ങി ജനപക്ഷ സമീപനങ്ങൾ സ്വീകരിക്കുന്ന ഒരു സർക്കാരാണ് കേരളത്തിൽ ഉള്ളത്. കോവിഡ് പ്രതിസന്ധി കാലത്ത് ദുരിതത്തിലായ സാധാരണ ജനങ്ങളെ ഇത്രയും ചേർത്തുപിടിച്ച ഏത് സർക്കാരാണ് രാജ്യത്തുള്ളത്. അത്തരം കാര്യങ്ങൾ താങ്കളുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടോ എന്നറിയില്ല. ഇല്ലെങ്കിൽ വളരെ സുദീർഘമായ ഈയൊരു പട്ടിക താങ്കൾക്ക് കൈമാറാൻ ഞാൻ ബാധ്യസ്ഥനാണ്. പറഞ്ഞ് വരുന്നത് താങ്കളുടെ വ്യക്തിഗത സഹായം താങ്കളുടെ പാർട്ടിക്കാർ ഏറ്റവും പരമമായി ആഘോഷിക്കുകയും സംസ്ഥാന സർക്കാർ ഈ നാട്ടിൽ സാധാരണക്കാർക്ക് വേണ്ടി നടത്തിയ ജനപക്ഷ ഇടപെടലുകളെ അവമതിക്കുകയുമാണ് ചെയ്യുന്നത്. അതുകൊണ്ട് കൂടിയാണ് ഒരു ജനപ്രതിനിധി പ്രതിസന്ധി കാലത്ത് എന്ത് ചെയ്തു എന്ന ഓഡിറ്റ് വേണ്ടതുണ്ട് എന്ന് ചിന്തിക്കുന്നത്. സംസ്ഥാന സർക്കാർ ഈ പ്രതിസന്ധി കാലത്ത് ജനങ്ങളുടെ ജീവിതദുരിതങ്ങളെ അകറ്റാൻ നടത്തിയ ഇടപെടലുകളിൽ സംസ്ഥാനത്തു നിന്നുള്ള ഒരു ജനപ്രതിനിധിയെന്ന നിലയിൽ താങ്കളുടെ അടയാളപ്പെടുത്തൽ എന്തായിരുന്നു എന്നത് വിലയിരുത്തപ്പെടേണ്ടതല്ലെ. ആ ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് ഈ വിവരങ്ങൾ കൂടി സൂചിപ്പിച്ച് പോയത്.

ജനപ്രതിനിധികൾ/ജനപക്ഷ സർക്കാർ ജനങ്ങളോടൊപ്പം ഏത് പ്രതിസന്ധിയിലും നിൽക്കേണ്ടത് എങ്ങനെ ആണെന്നതിന് കേരളം മികച്ച മാതൃകയാണ്. അത് ഉൾക്കൊള്ളാനും സാംശീകരിക്കാനും പ്രാവർത്തികമാക്കാനും ശ്രമിച്ചാൽ ഒരു ജനപ്രതിനിധിയെന്ന നിലയിലുള്ള താങ്കളുടെ കാഴ്ചപ്പാടുകൾക്ക് കൂടുതൽ തെളിമ വരുമെന്ന് പ്രതീക്ഷിക്കുന്നു. ഈയൊരു അവസരം താങ്കൾ വേണ്ടവിധം ഉപയോഗിക്കുമെന്നും തിരഞ്ഞെടുത്ത ജനങ്ങളുടെ പ്രതീക്ഷ കാക്കുമെന്നും പ്രതീക്ഷിക്കുന്നു. ഉത്തർപ്രദേശിൽ നിന്നും കേരളത്തിൽ എത്തിയത് താങ്കളുടെ പാർലമെന്ററി ജീവിതത്തിലും ജനപക്ഷ ഇടപെടലിലും സഹായവും കരുത്തും ആകട്ടെയെന്ന് ആശംസിക്കുന്നു. പ്രതിപുരുഷന്മാർക്ക് യഥാർത്ഥ ജനപ്രതിനിധി ആകാൻ കഴിയില്ല എന്നത് കേരളത്തിന്റെ പശ്ചാത്തലത്തിൽ ഒരു നഗ്ന യാഥാർത്ഥ്യമാണ് എന്നതും താങ്കൾ തിരിച്ചറിയണമെന്ന് ആഭ്യർത്ഥിക്കുന്നു.

NB: താങ്കളുടെ ശുപാർശയിൽ ലഭിക്കേണ്ട ഒരു സീറ്റ് ബി.ജെ.പി നേതാവിന്റെ വേണ്ടപ്പെട്ടവർക്ക് കിട്ടിയെന്ന് വാർത്ത കണ്ടു. പ്രതിപുരുഷന്മാർ മണ്ഡലത്തിലെ ജനങ്ങളുടെ താൽപ്പര്യം താങ്കളുടെ താൽപ്പര്യാർത്ഥം സംരക്ഷിക്കുന്നവരാണോ സ്വന്തം താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നവരാണോ എന്ന് കൂടി താങ്കൾക്ക് വിലയിരുത്താൽ ഈയൊരു വിഷയം സഹായകമാകട്ടെ. better late than never എന്നത് മറക്കാതിരിക്കുമല്ലോ.

അഭിവാദനങ്ങളോടെ
കെ.റഫീഖ്

Leave a Reply

Your email address will not be published. Required fields are marked *