മുംബൈഃ ലൈംഗികത്തൊഴിൽ നിയമപ്രകാരം കുറ്റകരമല്ല എന്ന് ചൂണ്ടിക്കാട്ടി മൂന്ന് ലൈംഗിക തൊഴിലാളികളെ ഒരു വനിതാ ഹോസ്റ്റലിലെ തടവിൽ നിന്നും ബോംബെ ഹൈക്കോടതി മോചിപ്പിച്ചു. പ്രായപൂർത്തിയായ ഒരു സ്ത്രീക്ക് അവളുടെ തൊഴിൽ തിരഞ്ഞെടുക്കാൻ അവകാശമുണ്ട്, അവളുടെ സമ്മതമില്ലാതെ തടങ്കലിൽ വയ്ക്കാനാവില്ല എന്ന് കോടതി നിരീക്ഷിച്ചു.
1956 ലെ ഇമ്മോറൽ ട്രാഫിക് (പ്രിവൻഷൻ) ആക്ടിന്റെ ഉദ്ദേശ്യവും ലക്ഷ്യവും വേശ്യാവൃത്തി ഇല്ലാതാക്കുക എന്നല്ലെന്ന് ജസ്റ്റിസ് പൃഥ്വിരാജ് ചവാൻ പറഞ്ഞു. “വേശ്യാവൃത്തിയെ ക്രിമിനൽ കുറ്റമാക്കി മാറ്റുന്ന അല്ലെങ്കിൽ വേശ്യാവൃത്തിയിൽ ഏർപ്പെടുന്നതിനാൽ ഒരാളെ ശിക്ഷിക്കുന്ന വ്യവസ്ഥ നിയമപ്രകാരം ഇല്ല,” ജഡ്ജി പറഞ്ഞു.
നിയമപ്രകാരം ശിക്ഷാർഹമായത് വാണിജ്യാവശ്യങ്ങൾക്കായി ഒരാളെ ചൂഷണം ചെയ്യുകയോ ഉപദ്രവിക്കുകയോ ചെയ്യുന്നതോ പൊതുസ്ഥലങ്ങളിൽ ലൈംഗിക ആവശ്യങ്ങൾക്കായി ഒരാളെ നിർബന്ധിക്കുന്നതോ ആണെന്ന് വ്യക്തമാക്കിയ കോടതി, യഥാക്രമം 20, 22, 23 വയസ് പ്രായമുള്ള മൂന്ന് യുവതികളെ മോചിപ്പിച്ചു.