ഒക്ടോബർ 28, നവംബർ 3, 7 തീയതികളിൽ വോട്ടെടുപ്പ് നടക്കും. ഒക്ടോബർ ഒന്നിന് വിജ്ഞാപനം പുറപ്പെടുവിക്കും. നവംബർ 10നാണ് വോട്ടെണ്ണൽ. ഒന്നാം ഘട്ടത്തിൽ 16 ജില്ലകളിലെ 71 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കുക. നവംബർ മൂന്നിനാണ് രണ്ടാം ഘട്ടം. മൂന്നാം ഘട്ടം നവംബർ ഏഴിന് നടക്കും.കോവിഡ് പശ്ചാത്തലത്തിൽ പോളിങ് സമയം ഒരു മണിക്കൂർ നീട്ടി. രാവിലെ ഏഴു മുതൽ വൈകിട്ട് ആറു വരെയാണ് പോളിങ്. നേരത്തെ രാവിലെ ഏഴു മുതൽ വൈകിട്ട് അഞ്ചു വരെയായിരുന്നു വോട്ടെടുപ്പ് നടന്നിരുന്നത്.
80 വയസ്സിന് മുകളിലുള്ളവർക്ക് തപാൽ ബാലറ്റ് ആയിരിക്കും. ക്വാറന്റീനിലുള്ളവർക്കും കോവിഡ് രോഗമുള്ളവർക്കും അവസാന ഒരു മണിക്കൂറിൽ വോട്ട് ചെയ്യാം.
നാമ നിർദ്ദേശ പത്രിക സമർപ്പിക്കേണ്ട അവസാന തിയതി ഒക്ടോബർ 20 ആണ്. ഓൺലൈനായി വേണം പത്രിക സമർപ്പിക്കേണ്ടത്. നവംബർ 29 ന് നിലവിലെ നിയമസഭയുടെ കാലാവധി അവസാനിക്കുന്ന പശ്ചാത്തലത്തിലാണ് തിരഞ്ഞെടുപ്പ് നടത്തുന്നത്.
കോവിഡിനെ നേരിടുന്നതിനൊപ്പം തന്നെ ജനാധിപത്യവും തന്നെ സംരക്ഷിക്കണമെന്ന് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ സുനിൽ അറോറ.
ഏഴ് ലക്ഷം യൂണിറ്റ് സാനിറ്റൈസർ, 46 ലക്ഷം മാസ്കുകൾ, ആറ് ലക്ഷം പിപിഇ കിറ്റുകൾ, 6.7 ലക്ഷം ഫേസ് ഷിൽഡുകൾ, 23 ലക്ഷം ഹാൻഡ് ഗ്ലൗസുകൾ എന്നിവ ഇതിനോടകം തയ്യാറാക്കിയിട്ടുണ്ട്.
ഇതോടൊപ്പം ഒറ്റത്തവണ ഉപയോഗിക്കുന്ന 7.2 കോടി ഹാൻഡ് ഗ്ലൗസുകളും വോട്ടർമാർക്കായി വിതരണം ചെയ്യുമെന്നും സുനിൽ അറോറ അറിയിച്ചു.