പേര് മാറ്റി കോവിഡ് ടെസ്റ്റ് നടത്തിയ കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്തിനെതിരെ രൂക്ഷ വിമർശനവുമായി ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചർ. കേരളത്തിൽ കോവിഡ് വ്യാപനം രൂക്ഷമാവുമ്പോൾ ഏറ്റവും സങ്കടകരമായ കാര്യം കെ.എസ്.യു നേതാവ് പേര് മാറ്റി ടെസ്റ്റ് നടത്തി എന്നതാണെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.
എന്തിനാണ് എങ്ങനെ ചെയ്തതെന്നും ടെസ്റ്റ് റിസൾട്ട് പോസിറ്റീവായാൽ ഇത് മറിച്ച് വെക്കാനാണോ എന്നും ആരോഗ്യമന്ത്രി ചോദിച്ചു. രോഗവിവരം ഒരിക്കലും മറിച്ച് വെക്കരുത്. അങ്ങനെയുണ്ടായാൽ രോഗ വ്യാപനം കൂട്ടാനും മരണത്തിനും ഇത് കാരണമാവുമെന്ന് അവർ പറഞ്ഞു.
ഇതൊന്നും ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല. വിദ്യാഭ്യാസമുള്ള ചെറുപ്പക്കാരിൽ നിന്നും ആളുകളിൽ നിന്നും പ്രതീക്ഷിക്കാൻ പാടില്ലാത്ത കാര്യമാണ് നടന്നത്. ആരും ഇത് ആവർത്തികരുതെന്നും അനുകരിക്കരുതെന്നും മന്ത്രി പറഞ്ഞു.