ബഹ്റൈന്‍ ഭരണാധികാരി കിങ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫ യു.എന്‍ പൊതുസഭയെ അഭിസംബോധന ചെയ്​തു.

General

മനാമ: ബഹ്റൈന്‍ ഭരണാധികാരി കിങ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫ യു.എന്‍ പൊതുസഭയെ അഭിസംബോധന ചെയ്​തു. ന്യൂയോര്‍ക്കില്‍ കഴിഞ്ഞ ദിവസം നടന്ന 75ാമത് ജനറല്‍ അസംബ്ലി യോഗത്തിലാണ്​ ഓണ്‍ലൈന്‍ വഴി ഹമദ് രാജാവ് സംസാരിച്ചത്. പുതുതായി തെരഞ്ഞെടുക്കപ്പെട്ട അധ്യക്ഷന് ആശംസകള്‍ നേര്‍ന്ന അദ്ദേഹം സ്ഥാനമൊഴിയുന്ന അധ്യക്ഷന്‍ നടത്തിയ ശ്രമങ്ങള്‍ പ്രശംസനീയമാണെന്ന്​ വിലയിരുത്തി.

യു.എന്‍ രൂപവത്കരണത്തി​െൻറ 75 വര്‍ഷം ആഘോഷിക്കുന്ന വേളയില്‍ അഭിമാനകരമായ ഒട്ടേറെ ഇടപെടലുകള്‍ ലോകരാജ്യങ്ങളില്‍ നടത്താന്‍ സാധിച്ചതായി അദ്ദേഹം അഭിപ്രായപ്പെട്ടു. യുദ്ധങ്ങളും സംഘട്ടനങ്ങളും സംഘര്‍ഷങ്ങളും ഒഴിവാക്കാന്‍ യു.എന്‍ നടത്തിയ ശ്രമങ്ങള്‍ ഫലപ്രാപ്​തിയിലെത്തിയതായും അദ്ദേഹം പറഞ്ഞു. മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും അതുമായി ബന്ധപ്പെട്ട അവബോധം ശക്തിപ്പെടുത്തുന്നതിനും യു.എന്നി​െൻറ ശ്രമങ്ങള്‍ വഴി സാധ്യമായിട്ടുണ്ട്.

യു.എന്നുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ച ചരിത്രമാണ് ബഹ്റൈനുള്ളത്. അന്താരാഷ്​ട്ര മാനദണ്ഡങ്ങളും നിയമങ്ങളും പാലിക്കുന്നതിന് ബഹ്റൈന്‍ കടപ്പെട്ടിരിക്കുന്നു. വെല്ലുവിളികള്‍ നേരിടാനും കൂട്ടായ പ്രവര്‍ത്തനത്തിലൂടെ ദൗത്യം നിര്‍വഹിക്കാനും കഴിഞ്ഞത് നിസ്സാര കാര്യമല്ല. മനുഷ്യസമൂഹം അഭിമുഖീകരിക്കുന്ന പ്രയാസകരമായ സാഹചര്യങ്ങള്‍ ദൂരീകരിക്കാനുള്ള ദൗത്യം കൂടുതല്‍ ഭംഗിയായി നിര്‍വഹിക്കപ്പെടേണ്ടതുണ്ട്. കോവിഡ് -19 മായി ബന്ധപ്പെട്ട് യു.എന്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ അഭിമാനകരമാണ്​.
മേഖലയുടെ സമാധാനം മുന്നില്‍ക്കണ്ട് ഇസ്രായേലുമായുണ്ടാക്കിയ കരാറി​െൻറ ഗുണഫലം സമീപ ഭാവിയില്‍ ലഭിക്കുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു. യു.എ.ഇ മുന്നോട്ടുവെച്ച ശക്തമായ നീക്കത്തിന് പിന്തുണ നല്‍കാന്‍ ബഹ്റൈന് സാധിച്ചു. ചരിത്രപരമായ സമാധാനത്തിലേക്കാണ് മേഖല നീങ്ങാന്‍ പോകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *