മാഡ്രിഡ്: ലോകമെമ്പാടും കോവിഡ് പ്രതിരോധത്തിനായി കോവിഡ് വാക്‌സിന്‍ വികസിപ്പിക്കുന്ന തിരിക്കിനിടെ കൊറോണയെ നേരിടാന്‍ പുത്തന്‍ ചികിത്സ രീതി കണ്ടെത്തി സ്‌പെയ്ന്‍. കോവിഡിനെ നേരിടാനുള്ള പുതിയ ചികിത്സയെ സ്പെയിനിലെ ഗവേഷകര്‍, 4-ഫിനൈല്‍ബുടിറിക് ആസിഡ്(4-പിബിഎ) എന്നാണ് പേരിട്ടിരിക്കുന്നത്.യൂണിവേഴ്സിറ്റി ഓഫ് മലാഗയിലെയും സ്പെയിനിലെ സ്വയംഭരണാവകാശമുള്ള പ്രവിശ്യയായ ആന്‍ഡുലേഷ്യയിലെ ആന്‍ഡുലേഷ്യന്‍ സെന്റര്‍ ഫോര്‍ നാനോമെഡിസിന്‍ ആന്‍ഡ് ബയോടെക്നോളജിയിലെയും ഗവേഷകരും ചേര്‍ന്ന് നടത്തിയ പഠനമാണ് കോവിഡ് ചികിത്സയില്‍ വഴിത്തിരിവാകാവുന്ന കണ്ടെത്തല്‍ നടത്തിയത്.ആന്‍ഡുലേഷ്യന്‍ സര്‍ക്കാരിന്റെ കോവിഡ് ഫണ്ട് ഉപയോഗിച്ചാണ് ഈ പഠനം നടത്തിയത്. ഇതിനായി 90,000 യൂറോ ഗവണ്മെന്റ് ചെലവഴിച്ചു. കോവിഡ് അണുബാധയോടുള്ള പ്രതികരണത്തിന്റെ ഭാഗമായി വലിയ അളവില്‍ നിയന്ത്രണമില്ലാതെ ശരീരത്തില്‍ പുറപ്പെടുവിക്കുന്ന സൈറ്റോകീനുകള്‍ നിരവധി പ്രത്യാഘാതങ്ങള്‍ ശരീരത്തിന് ഉണ്ടാക്കാറുണ്ട്. ഒരേ സമയം നിരവധി അവയവങ്ങള്‍ തകരാറിലാകാന് സൈറ്റോകീന്‍ സ്റ്റോം എന്നറിയപ്പെടുന്ന ഈ പ്രതിഭാസം കാരണമാകും.ശരീരത്തിലെ കോശങ്ങള്‍ സമ്മര്‍ദത്തിലാകുമ്പോഴാണ് സൈറ്റോകീനുകള്‍ പുറപ്പെടുവിക്കുന്നത്. സമ്മര്‍ദത്തിന്റെ തോത് ഉയരുന്നതോടെ സൈറ്റോകീന്‍ അളവും കൂടും. കോശങ്ങള്‍ക്കുണ്ടാകുന്ന ഈ സമ്മര്‍ദത്തെ ലഘൂകരിക്കുകയാണ് ഈ പുതിയ ചികിത്സയുടെ ലക്ഷ്യമെന്ന് ഗവേഷകര്‍ പറയുന്നു.ആന്റി സ്ട്രെസ് മരുന്നായ 4-പിബിഎ ഇത്തരത്തില്‍ കോശങ്ങളുടെ സമ്മര്‍ദം ലഘൂകരിക്കാന്‍ സഹായിക്കും. മറ്റ് രോഗങ്ങളുടെ ചികിത്സയ്ക്കായി ഉപയോഗത്തിനുള്ള ഈ മരുന്ന് കോവിഡിനും ഉപയോഗിക്കാമെന്ന് മൃഗങ്ങളില്‍ നടത്തിയ പഠനത്തില്‍ ഗവേഷകര്‍ കണ്ടെത്തി.കോശങ്ങളുടെ സമ്മര്‍ദത്തിന്റെ തോത് അളക്കാന്‍ രക്തത്തിലെ ബൈന്‍ഡിങ്ങ് ഇമ്മ്യൂണോഗ്ലോബുലിന് പ്രോട്ടീന്റെ സാന്നിധ്യം കൊണ്ട് അറിയാന്‍ സാധിക്കുമെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടി. 4-പിബിഎ ചികിത്സയുടെ ഫലപ്രാപ്തിയും ഇതേ പ്രോട്ടീന്റെ ശരീരത്തിലെ തോതിലൂടെ തിരിച്ചറിയാന്‍ സാധിക്കും.