പടിഞ്ഞാറത്തറ പൂഴിത്തോട് ചുരം ബദൽ റോഡ്കേന്ദ്രാനുമതി ലഭിക്കുവാൻ രാഹുൽ ഗാന്ധി ഇടപെടണംഃ ബദൽ റോഡ് വികസന സമിതി

General

പടിഞ്ഞാറത്തറ പൂഴിത്തോട് ചുരം ബദൽ റോഡ്-കേന്ദ്രാനുമതി ലഭിക്കുവാൻ രാഹുൽ ഗാന്ധി ശക്തമായി ഇടപെടണം – ബദൽ റോഡ് വികസന സമിതി പടിഞ്ഞാറത്തറ – പൂഴിത്തോട് ബദൽ റോഡ് യഥാർത്ഥ്യമാക്കാൻ ആവശ്യമായ അപേക്ഷയും മറ്റ് രേഖകളും സംസ്ഥാന ഗവൺമെന്റ് കേന്ദ്രത്തിന് അടുത്ത കാലത്ത് സമർപ്പിച്ച സാഹചര്യത്തിൽ വനത്തിലൂടെ റോഡു നിർമ്മിക്കുന്നതിന് വനം പരിസ്ഥിതി മന്ത്രാലയ അനുമതി നേടിയെടുക്കുവാൻ എം പി രാഹുൽ ഗാന്ധി അതിശക്തമായി ഇടപെടണമെന്ന് പടിഞ്ഞാറത്തറ പൂഴിത്തോട് ബദൽ റോഡ് വികസന സമിതി യോഗം ആവശ്യപ്പെട്ടു.കഴിഞ്ഞ ഏതാനം വർഷങ്ങളായി വയനാട്ടിലെ മുഴുവൻ രാഷ്ട്രിയ പാർട്ടികളും ജനനേതാക്കളും സംസ്ഥാന ഗവൺമെന്റിൽ സമ്മർദ്ദം ചെലുത്തിയതിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ മാർച്ച് മാസം 9ന് സംസ്ഥാന ഗവൺമെന്റ് കേന്ദ്രത്തിന് അപേക്ഷ നൽകിയത് .1994 ൽ അന്നത്തെ മുഖ്യമന്ത്രി കെ.കരുണാകരൻ തറകല്ലിട്ട് ആവശ്യമായ ഫണ്ട് 9 കോടി 65 ലക്ഷം രൂപ അനുവദിച്ചു. 52 ഏക്കർ വനഭൂമിക്ക് പകരം 104 എക്കർ ഭൂമി വനംവകുപ്പിന് കൈമാറി,70% പണി പൂർത്തികരിച്ച, പദ്ധതിയുടെ വനത്തിലൂടെയുള്ള 8.25 കി.മീ ദൂരം റോഡ് നിർമ്മാണം കേന്ദ്രത്തിന്റെ സാങ്കേതിക അനുമതി ലഭിക്കാത്തതു മൂലം നിലച്ചുപോയി. 1991 മുതൽ 1994 വരെ നടന്ന സർവ്വേകളുടെയും ശാസ്ത്രീയ പഠനങ്ങളുടെയു വെളിച്ചത്തിൽ 5 നിർദ്ദിഷ്ട ബദൽപ്പാതകളിൽ പ്രഥമസ്ഥാനം ലഭിച്ച ഈ ബദൽ റോഡ് പദ്ധതിയെ ഇനിയും അവഗണിക്കുന്നത് വയനാട്ടിലെ ജനങ്ങളോട് കാണിക്കുന്ന കടുത്ത ജനവഞ്ചനയാണെന്ന് യോഗം കുറ്റപ്പെടുത്തി. വയനാടിന്റെ വികസന മുന്നേറ്റത്തിനും ദിനംപ്രതി താമരശ്ശേരി ചുരത്തിൽ അനുഭവപ്പെടുന്ന ഗതാഗത കുരുക്കിനും ശാശ്വത പരിഹാരമെന്ന നിലയിലും പ്രളയക്കാലത്ത് വയനാട് ഒറ്റപ്പെടുന്ന ദുരവസ്ഥ തടയുവാനും വയനാട്ടുകാർ കഴിഞ്ഞ 26 വർഷമായി കാത്തിരിക്കുന്ന ഈ സ്വപ്ന പദ്ധതി അനിവാര്യമാണ് .വളരെ ചുരുങ്ങിയ ചെലവിൽ 6 മാസം കൊണ്ട് 50 കോടി രൂപാ മുടക്കി പൂർത്തികരിക്കാവുന്ന റോഡാണിത്.ഈ പദ്ധതി പൂർത്തിയായാൽ വയനാടിന്റെ കാർഷിക – വാണിജ്യ- ടൂറിസം മേഖലകളിൽ വൻ കുതിച്ചു ചാട്ടത്തിന് കാരണമാകും. പരമ്പരാഗത കാർഷിക മേഖലകളിൽ തളർച്ച നേരിടുന്ന വയനാടിന്റെ മുഖഛായ മാറ്റുവാൻ ഈ പദ്ധതി അത്യന്താപേഷിതമാണ്. ചുരം റോഡിന്റെ നവീകരണത്തിന് 2 ഏക്കർ വനഭൂമി കേന്ദ്ര ഗവൺമെന്റ് സംസ്ഥാന ഗവൺമെന്റിനു കൈമാറിയതു പോലെ വനഭൂമിക്ക് പകരം 104 ഏക്കർ കൈമാറിയ സാഹചര്യത്തിൽ കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി ഉൾപ്പെടെയുള്ളവയനാട്ടിലെ സർവ്വരാഷ്ട്രീയ കക്ഷികളും രാഷ്ടീയത്തിന് അതീതമായി ഒരുമിച്ച് പോരാടുവാൻ തയ്യാറാകണമെന്ന്‌ യോഗം ആവശ്യപ്പെട്ടു. നാളെ തറക്കല്ലിട്ട് 26 വർഷം തികയുകയാണ്. നാളിതുവരെ അനുമതി നൽകാത്ത കേന്ദ്രനയത്തിൽ പ്രതിഷേധിച്ച് രാത്രി 9 മണിക്ക് ലൈറ്റ് അണച്ച് ഒരു മെഴുകുതിരി കത്തിച്ച് വഞ്ചനാദിനമായി ഈ പ്രദേശത്തെ ജനങ്ങൾ ആചരിക്കുന്നതാണെന്നം ഭാരവാഹികൾ അറിയിച്ചു. യോഗത്തിൽ വികസന സമിതി വൈസ് ചെയർമാൻ ജോസഫ് കാവാലം അദ്ധ്യക്ഷത വഹിച്ചു.ചെയർമാൻ കെ.എ ആന്റണി ഉത്ഘാടനം ചെയ്തു. ജോൺസൺ ഒഴക്കാനക്കുഴി,അഡ്വ.ജോർജ് വാതുപറമ്പിൽ,റ്റി.പി കുര്യാക്കോസ്, ടോമി മാത്യു, , റജി കെ.വി, ബിനോയ് ജോസഫ്‌, കെ.വി.സതിഷ് പോൾ, ജോയി പുതുപ്പള്ളി, ബിജു എ.ജെ , ജോസ്‌ ,ജോസഫ് പി.യു,പൗലോസ് കുരിശിങ്കൽ ,ചാക്കോ പി ജെ, വി ജെ ജോസഫ് എം ഒ ,മോനിച്ചൻ പി.വി,തോമസ് ഇ.റ്റി, ജോൺസൺ പി.യു, ജിനിഷ് എളമ്പാശ്ശേരി, സിബി ജോൺ,അനൂപ് തോമസ്, തുടങ്ങിയവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *