ഇന്ത്യാ രാജ്യത്ത് വയോജനങ്ങൾക്ക് സാർവ്വത്രിക പെൻഷൻ എന്ന ആദർശം ഏതാണ്ട് സാക്ഷാത്കരിച്ച സംസ്ഥാനം കേരളം മാത്രമാണ്. കർഷക ബോർഡ് പെൻഷൻകൂടി നടപ്പാകുന്നതോടെ നാം ആ ലക്ഷ്യത്തിനു വളരെ അടുത്ത് എത്തിയിരിക്കും. കേരളത്തിൽ ഇടതുപക്ഷത്തിന് അവകാശപ്പെട്ടതാണ് ഈ നേട്ടമെന്നും ഡോ.തോമാസ് ഐസക് പറയുന്നു. 1400 രൂപ പ്രതിമാസം പെൻഷൻ നൽകുന്നതിൽ 1250 രൂപയും ഇടതുപക്ഷ സർക്കാരുകളുടെ സംഭാവനയാണ്. ഈ സർക്കാരിന്റെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്ന് 600 രൂപ പെൻഷൻ 1400 രൂപയായി വർദ്ധിപ്പിച്ചതാണ്. ഇതിനുള്ള ജനകീയ അംഗീകാരം സർക്കാരിനുണ്ട്. ഇത് എങ്ങനെ തകർക്കാം എന്നതിന് ആർഎസ്എസ് കേന്ദ്രങ്ങൾ കണ്ടുപിടിച്ച ഒരു തന്ത്രമാണ് വൺ ഇന്ത്യ വൺ പെൻഷൻ കാമ്പയിൻ.1400 രൂപ എന്ത്, 10000 രൂപയെങ്കിലും പെൻഷൻ വേണ്ടേ എന്നാണ് ചോദ്യം. രാഷ്ട്രീയമൊന്നും ഇല്ല. നല്ലൊരു കാര്യത്തിന് എല്ലാവരെയും യോജിപ്പിക്കുക എന്നതാണ് ലക്ഷ്യം. സ്വയം അവരോധിത നേതാക്കളും വക്താക്കളും ഉണ്ടായിട്ടുണ്ട്. ഫെയ്സ്ബുക്ക് കൂട്ടായ്മകളും കൺവെൻഷനുകളും ഒക്കെ നടന്നുവരുന്ന വേളയിലാണ് കർട്ടനു പിന്നിൽ ചരടു വലിക്കുന്നത് ആരെണെന്നു കൂടുതൽ വ്യക്തമായതെന്നും മന്ത്രി ഡോ.തോമസ് ഐസക് പറയുന്നു.