വീടുകൾ തോറും കയറിയിറങ്ങിയും പിന്നീട് ഉന്തുവണ്ടിയിലും മുറവും കൊട്ടയും വിറ്റിരുന്ന ആല്യാപ്പുവിന്റെ മകൻ..
ഉപ്പയുടെ മരണ ശേഷം അനാഥത്വത്തിന്റെ കണ്ണുനീർ കുടിച്ച് അനാഥാലയത്തിൽ സ്‌കൂൾ പഠനം നടത്തേണ്ടി വന്ന കുരുന്ന് ബാലൻ..
പത്താം ക്ലാസ് പഠനത്തിന് ശേഷം കല്ലുവെട്ടു ക്വാറിയിലും മറ്റും കൂലി പണി ചെയ്ത് ഉപജീവനം കണ്ടെത്തിയ ബാല്യ കാലം..
വീണ്ടും അനാഥാലയത്തിന് കീഴിൽ തന്നെ പ്രീ-ഡിഗ്രിയും ടി.ടി.സിയും പഠിച്ചതിന് ശേഷം വളവന്നൂർ ബാഫഖി തങ്ങൾ യത്തീംഖാനയിൽ അദ്ധ്യാപകവൃത്തിയിലേക്ക്..
ജോലിയിൽ സ്ഥിരതയില്ലാത്തത് കൊണ്ട് സർക്കാർ ജോലിയിലേക്കുള്ള എത്തിനോട്ടം പി.എസ്.സി പരീക്ഷകളിലേക്കുള്ള തയ്യാറെടുപ്പുകളാക്കി മാറ്റി. അതിനിടയിൽ തന്നെ സിവിൽ സർവ്വീസ് മോഹവുമുദിച്ചു. പക്ഷെ സിവിൽ സർവ്വീസ് നേടാൻ ഡിഗ്രി നിർബന്ധമായതിനാൽ പ്രാരാബ്ദങ്ങളുടെ നിറവിൽ പടപൊരുതാൻ വിധിക്കപ്പെട്ട ജീവിതത്തിനിടയിൽ കിട്ടിയ ജോലിയിൽ നിന്ന് കൊണ്ട് തന്നെ ബി.എ.ഹിസ്റ്ററിക്ക് പ്രൈവറ്റായി രജിസ്റ്റർ ചെയ്യാൻ തീരുമാനിച്ചു.
ജോലിക്കും പഠനത്തിനുമിടയിൽ മത്സര പരീക്ഷകളോട് അങ്കം വെട്ടി ലാസ്റ്റ് ഗ്രേഡ്, റെയിൽവേ ടിക്കറ്റ് കലക്ടർ, ഫോറസ്റ്റ് ഗാർഡ്, യു.പി.എസ്.എ, എൽ.പി.എസ്.എ തുടങ്ങിയവയിലൊക്കെയും നിയമനം നേടുന്നു..
റെഗുലർ കോളേജിന്റെ അകം കാണാതെ 22–ാം വയസ്സിൽ ഉദിച്ച മോഹം ആദ്യശ്രമത്തിൽ തന്നെ സഫലീകരിച്ച് 226–ാം റാങ്ക് നേടി സിവിൽ സർവ്വീസ് ജേതാവാകുക,
അചിന്ത്യമായ ഈ ഇതിഹാസത്തിലെ നായകൻ, ഇപ്പോൾ നാഗാലാൻഡിലെ കിഫിർ ജില്ലയുടെ കളക്ടറായ മലപ്പുറം എടവണ്ണപ്പാറ ചെറുവായൂർ കോറോത്ത് മുഹമ്മദ് അലി ശിഹാബ് ഐ.എ.എസ് ആണ്..
കേട്ടറിഞ്ഞും വായിച്ചറിഞ്ഞും മാത്രം പരിചയമുള്ള ആൾരൂപം കഴിഞ്ഞ ദിവസം നാഗാലാൻഡിലേക്കുള്ള യാത്രക്കായി കാലിക്കറ്റ് എയർപ്പോർട്ടിൽ പ്രത്യക്ഷപ്പെട്ടപ്പോൾ സംശയദൃഷ്ടിയോടെ ഞാൻ പേര് ചോദിച്ചു; മുഹമ്മദ് അലി ശിഹാബ് എന്ന് മറുപടി നൽകുകയും ചെയ്തു. സ്ഥാനമാനങ്ങൾ ‘EX’ ആയവർ പോലും പേരിനോടൊപ്പം സ്ഥാനപേര് പറയുന്ന കാലത്ത് ഞാൻ ഉദ്ദേശിച്ച മുഴുവൻ പേര് ലഭിക്കാത്തത് കൊണ്ട് വീണ്ടും ചോദിച്ചു; IAS മുഹമ്മദ് അലി ശിഹാബ് സാറല്ലേയെന്ന്.. ഉടനെ ചെറുപുഞ്ചിരിയിൽ മറുപടി തന്നു; അതെ..!
വല്ലാത്തെയൊരു അനുഭൂതി നിറഞ്ഞ നിമിഷമായിരുന്നു എന്നിൽ സമാഗതമായത്.
കാര്യങ്ങൾ ചോദിച്ചറിഞ്ഞ് പരിചയപ്പെടുകയും കൂടുതൽ അടുത്തിടപഴകുകയും ചെയ്യുന്ന ഒരു ഐ.എ.എസുകാരനെയാണ് പിന്നീട് എനിക്ക് കാണാൻ സാധിച്ചത്. സംസാരത്തിനിടയിൽ ഞാൻ അദ്ദേഹത്തോട് ചോദിച്ചു; എയർപോർട്ടിലേക്ക് വരുന്ന കാര്യം എയർപോർട്ട് മാനേജരുടെ ഓഫീസിൽ അറിയിക്കാമായിരുന്നില്ലേ, ഇവിടെ ലോഞ്ചിൽ ഇരിക്കാമായിരുന്നല്ലോ.. അപ്പോൾ അദ്ദേഹം പറഞ്ഞത്; “എനിക്ക് ഇങ്ങനെയൊക്കെ യാത്ര ചെയ്യാനാണിഷ്ടം.. ഇത് തന്നെ എന്നെ സംബന്ധിച്ച് ഏറ്റവും ഉന്നതമായതാണ്..” ഒന്നുമില്ലായ്മയില്‍ നിന്ന് എല്ലാം നേടിയപ്പോഴും സാധാരണക്കാരനായി തുടരാന്‍ ആഗ്രഹിക്കുന്ന ഒരു അസാധാരണ ജീവിതത്തെയാണ് അദ്ദേഹം ബോദ്ധ്യപ്പെടുത്തി തന്നത്. ജീവിച്ച് പോന്ന വഴികളെ മറക്കാൻ കഴിയില്ലെന്ന് ശപഥം ചെയ്ത ഒരു പച്ച മനുഷ്യന്റെ ജീവിത വിജയ രഹസ്യം ഇവിടം പ്രകടമായിരുന്നു.
മുഹമ്മദ് അലി ശിഹാബ്, ഇതൊരു പേരുമാത്രമല്ല അതിജീവനത്തിന്റെ പര്യായനാമം കൂടിയാണ്.
ഇല്ലായ്മകളിൽ നിന്ന് ആത്മധൈര്യം കൊണ്ട് മാത്രം ‘IAS’ കൈവരിച്ച ഒരു ‘അനാഥ ബാലന്റെ’ ജീവചരിത്രവുമാണ്. ജീവിതം ജീവിച്ച് തീർക്കുന്ന
ആ ജീവചരിത്രമാണ് ഡി.സി ബുക്സ് പ്രസിദ്ധീകരിച്ച മുഹമ്മദ് അലി ശിഹാബ് ഐ.എ.എസിന്റെ ‘വിരലറ്റം’ എന്ന ആത്മകൃതി. ഹൃസ്വമായ കാലം കൊണ്ട് തന്നെ പ്രസാധകർക്ക് അഞ്ച് പതിപ്പുകൾ പ്രസിദ്ധീകരിക്കേണ്ടി വരുമ്പോൾ ഇരുളടഞ്ഞ ഇടനാഴിയിലൊക്കെയും പ്രകാശം പരത്തുന്ന ജീവിത രേഖയായി യുവ ഐ.എ.എസുകാരന്റെ ജീവിതം മാറിയിട്ടുണ്ടെന്ന് അടയാളപ്പെടുത്തുന്നു.
✍ബുക്ക് റിവ്യൂ എഴുതിയത്ഃ വി.എ.വഹാബ്