മാനന്തവാടിഃ പരിസൺഎസ്റ്റേറ്റ് അനധികൃതമായി കൈവശം വെച്ചു വരുന്ന ഭൂമി ഭൂരഹിതർക്ക് വിട്ടു നൽകുക എന്ന ആവശ്യം ഉന്നയിച്ചു എസ്റ്റേറ്റിലെ ചിറക്കര ഗ്രൂപ്പ് ഓഫീസിലേക്ക് സെപ്റ്റംബർ 22ന് സിപിഐ മാനന്തവാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ബഹുജന മാർച്ച് നടത്തും. പരിസൺ എസ്റ്റേറ്റിന്റെ
കൈവശമുള്ള 649 ഏക്കർ ഭൂമി മിച്ചഭൂമിയായി ഏറ്റെടുക്കാൻ താലൂക്ക് ലാൻഡ് ബോർഡ് ഉത്തരവിട്ടിരുന്നു. ഈ ഉത്തരവിനെതിരെ എസ്റ്റേറ്റ് മാനേജ്മെന്റ് ബഹുമാനപ്പെട്ട സുപ്രീംകോടതി വരെ അപ്പീൽ പോയിരുന്നെങ്കിലും പരാജയപ്പെടുകയാണുണ്ടായത്. ഇതിനെ തുടർന്ന് എസ്റ്റേറ്റ് 649 ഏക്കർ ഭൂമി ഗവൺമെന്റ് ലേക്ക് സറണ്ടർ ചെയ്തിരുന്നു. ഇപ്രകാരം സറണ്ടർ ചെയ്ത ഭൂമി യഥാർത്ഥത്തിൽ എസ്റ്റേറ്റിന്റെ കൈവശമുള്ള ഭൂമി ആയിരുന്നില്ല. വർഷങ്ങളായി എസ്റ്റേറ്റ് തൊഴിലാളികളും മറ്റു ചെറുകിട കൃഷിക്കാരും കൈവശംവെച്ച വന്നിരുന്നതും നികുതി അടച്ചു വന്നിരുന്നതും പലർക്കും പട്ടയം ലഭിച്ചിരുന്ന തുമായ ഭൂമിയാണ് മിച്ചഭൂമിയായി ഏറ്റെടുക്കുവാൻ സർക്കാറിലേക്ക് കത്തു നൽകിയത്. തങ്ങളുടെ കൈവശമുള്ള ഭൂമി വിട്ടു കൊടുക്കാതെ മറ്റുള്ളവരുടെ കൈവശമുള്ള ഭൂമി ചൂണ്ടിക്കാണിച്ച ഗവൺമെന്റ് നെയും കൈവശ കാരായ തൊഴിലാളികളെയും കർഷകരെയും ഒരേപോലെ കബളിപ്പിക്കുകയാണ് എസ്റ്റേറ്റ് അധികൃതർ ചെയ്തത്. ഇതുകാരണം നിലവിലെ യഥാർത്ഥ കൈവശക്കാർക്ക് നികുതി അടയ്ക്കുന്നതിനോ ഭൂമി കൈമാറ്റം ചെയ്യുന്നതിനോ സാധിക്കുന്നില്ല. എസ്റ്റേറ്റിന്റെ ഇത്തരം പ്രവർത്തികൾക്ക് ചില സർക്കാർ ഉദ്യോഗസ്ഥരുടെയും ഒത്താശ ഉണ്ടായിട്ടുണ്ട്.
കേരള ഭൂപരിഷ്കരണ നിയമം അനുസരിച്ച് ആയിരക്കണക്കിന് ഏക്കർ ഭൂമിയാണ് എസ്റ്റേറ്റിന് മിച്ചഭൂമി ഏറ്റെടുക്കൽ പരിധിയിൽ നിന്നും ഒഴിവു ലഭിച്ചിരുന്നത്. ഇപ്രകാരം ലഭിച്ച ഭൂമിയിൽ അനധികൃതമായി എണ്ണപ്പന അടക്കമുള്ള മറ്റു കൃഷികൾ എസ്റ്റേറ്റ് അധികാരികൾ ചെയ്തുവരികയാണ്. കൂടാതെ എസ്റ്റേറ്റ് ഭൂമിയിൽ റിസോർട്ട് വ്യവസായവും നടത്തിവരുന്നു ഇതിന്റെ മറവിൽ വലിയതോതിലുള്ള നികുതിവെട്ടിപ്പും നടത്തിവരുന്നു. ഈ സാഹചര്യത്തിൽ തേയില കൃഷി ചെയ്തിട്ടില്ലാത്ത എസ്റ്റേറ്റിന്റെ കൈവശമുള്ള മുഴുവൻ ഭൂമിയും ഭൂരഹിതരായ കുടുംബങ്ങൾക്ക് ലഭ്യമാക്കുവാൻ സർക്കാർ ഏറ്റെടുക്കണമെന്ന് സിപിഐ ആവശ്യപ്പെടുന്നു. മണ്ഡലം കമ്മിറ്റി യോഗത്തിൽ രജിത്ത് കമ്മന അധ്യക്ഷത വഹിച്ചു, സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം പി പി സുനീർ, ജില്ലാ സെക്രട്ടറി വിജയൻ ചെറുകര, സംസ്ഥാന കൗൺസിൽ അംഗം പി കെ മൂർത്തി ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ഇ ജെ ബാബു, മണ്ഡലം സെക്രട്ടറി വി കെ ശശിധരൻ, വി വി ആന്റണി, കെ പി വിജയൻ, ദിനേശ് ബാബു, നിഖിൽ പത്മനാഭൻ, ശോഭ രാജൻ തുടങ്ങിയവർ സംസാരിച്ചു.
