ഡൽഹിഃ രാജ്യത്ത് കോവിഡ് വൈറസ് രോഗബാധ അനുദിനം വർദ്ധിക്കുന്നു. തുടർച്ചയായി രണ്ടാം ദിവസവും കോവിഡ് രോഗബാധിതരുടെ എണ്ണം എൺപതിനായിരത്തിന് മുകളിലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 83,341 പേർക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം 40 ലക്ഷത്തിനോടുത്തു. ഇന്ത്യയിൽ ഇതുവരെ 39,36,747 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.രോഗബാധയ്ക്ക് പുറമേ മരണ സംഖ്യയും രാജ്യത്ത് ഉയരുകയാണ്. ദിനം പ്രതി ആയിരത്തിന് മുകളിൽ ആളുകളാണ് രാജ്യത്ത് കോവിഡ് മൂലം മരിക്കുന്നത്. ഇന്നലെ മാത്രം 1096 പേരാണ് ഇന്ത്യയിൽ കോവിഡ് മൂലം മരണപ്പെട്ടത്. ഇതോടെ മരണ സംഖ്യ 68,472 ആയിരിക്കുന്നു