ഡി ജി പി, സൈബർ സെൽ, നെയ്യാറ്റിൻകര പോലീസ് സ്റ്റേഷൻ എന്നിവിടങ്ങളിൽ തെളിവുകൾ സഹിതം ശ്രീജ നെയ്യാറ്റിൻകര നൽകിയ പരാതിയുടെ പൂർണ്ണ രൂപം
പ്രേഷിത
ശ്രീജ നെയ്യാറ്റിൻകര
രാരീരം
നോർത്ത് ഫോർട്ട്
നെയ്യാറ്റിൻകര
സ്വീകർത്താവ്
ഡയറക്ടർ ജനറൽ ഓഫ് പോലീസ്
കേരളം
വിഷയം :- സൈബർ ആക്രമണം
സർ,
പൊതുപ്രവർത്തകയായ എനിക്ക് നേരെ തുടർച്ചയായി നടന്നുവരുന്ന സൈബർ ആക്രമണങ്ങൾ ഒരു തുടർക്കഥയായി മാറിയിരിക്കുകയാണ്. നിരന്തരമുള്ള പരാതികളിൽ സുശക്തമായ നടപടികൾ ഉണ്ടാകാത്തത് സാമൂഹ്യ വിരുദ്ധർക്ക് കൂടുതൽ ശക്തി പകരുന്ന വിധത്തിലാണ് കാര്യങ്ങളിൽ നീങ്ങിക്കൊണ്ടിരിക്കുന്നത്. ഇപ്പോൾ എന്റെ പേരുപയോഗിച്ച് ക്രിയേറ്റ് ചെയ്ത ടെലഗ്രാം ഐ ഡി യിൽ എന്റെ ഫോൺ നമ്പരും ചേർത്ത് ലൈംഗീകമായി ആവശ്യങ്ങൾക്ക് സമീപിക്കാം എന്ന പരസ്യം നൽകിയിരിക്കുകയാണ്. ഇത് വ്യാപകമായി പ്രചരിക്കുകയാണ് ഇന്ന് പുലർച്ചെ മുതൽ ഇതുവരെ 128 പേരെയാണ് ഇത്തരത്തിൽ വാട്സാപ്പിൽ ഞാൻ ബ്ളോക് ചെയ്തത്, ലിംഗങ്ങളുടെ ഫോട്ടോയിലൂടെയും ഫോൺ കാൾ, വാട്സ്ആപ് ഓഡിയോ – വീഡിയോ കാൾ തുടങ്ങിയവയിലൂടെയും തങ്ങളുടെ ലൈംഗികാവശ്യം എന്റെ വാട്സാപ്പിൽ അറിയിച്ചു കൊണ്ടിരിക്കുകയാണ്.
എന്റെ രാഷ്ട്രീയമായ അഭിപ്രായങ്ങൾ എന്റെ ഫേസ്ബുക് പേജിലൂടെ സ്വതന്ത്രമായി പ്രകടിപ്പിക്കുമ്പോൾ തന്നെ എതിരാളികൾ പറയുന്ന സഭ്യമായ വിമർശനങ്ങളെ ഞാൻ രാഷ്ട്രീയമായി തന്നെയാണ് മറുപടി പറയുന്നത്. എന്നാൽ രാഷ്ട്രീയമായ അഭിപ്രായം പറഞ്ഞതിന്റെ പേരിൽ രൂക്ഷമായ രീതിയിൽ സൈബർ മേഖലയിൽ എതിരാളികൾ ലൈംഗീകാക്രമണം നടത്തുകയാണ്.
ഒരു സ്ത്രീ എന്ന നിലയിൽ അന്തസായി ജീവിക്കാനും എന്റെ രാഷ്ട്രീയമായ അഭിപ്രായങ്ങൾ തുറന്നു പ്രകടിപ്പിക്കാനും ഉള്ള സ്വാതന്ത്ര്യം ഇന്ത്യൻ ഭരഘടന എനിക്ക് അനുവദിക്കുന്നതാണ്. എന്നാൽ ഒരു വ്യക്തി എന്ന നിലയിൽ ജീവിക്കാനുള്ള പരമമായ അവകാശം പോലും ഇല്ലാതാക്കുന്ന രീതിയിൽ എനിക്കെതിരെ ആക്രമണം തുടരുകയാണ്.
പ്രസ്തുത സാമൂഹ്യ വിരുദ്ധർക്കെതിരെ ശക്തമായ നടപടികൾ കൈക്കൊള്ളണമെന്ന് അഭ്യർഥിക്കുന്നു.
ശ്രീജ നെയ്യാറ്റിൻകര