വെള്ളമുണ്ട: നിറയെ ചിത്രങ്ങളാണ്. ചുമരുകളില്‍ മനോഹരങ്ങളായ വാള്‍ പെയിന്റുകള്‍, വാതിലുകളും മനോഹര ചിത്രങ്ങള്‍ കൊണ്ട് അലങ്കരിക്കപ്പെട്ടിരിക്കുന്നു. കൂടാതെ ഗ്ലാസ് പെയിന്റിംഗിലും അറബിക് കാലിഗ്രഫിയിലും സൃഷ്ടിച്ചെടുത്ത മനോഹരമായ കളക്ഷനകുള്‍. കൊവിഡ് മഹാമാരിയെ പ്രതിരോധിക്കാന്‍ രാജ്യം ലോക്ക്ഡൗണിലേക്ക് പോകുന്നത് വരെ മറ്റ് വീടുകള്‍ പോലെ സാധാരണ നിലയിലായിരുന്നു ആലാന്‍ വീടും. എന്നാല്‍ ലോക്ക്ഡൗണ്‍ കടുത്തതോടെ ആലാന്‍ വീട്ടിലെ മുനീറിന്റെയും റുഖിയയുടെയും ഏക സന്തതി മുന്‍സിയ ബ്രഷും പെന്നും കളറുമെടുത്തതോടെ വീടിന്റെ കാഴ്ചകളൊക്കെ മാറി. മുട്ടില്‍ ഡബ്ല്യു.എം.ഒ കോളജില്‍ ബി.എ അറബിക് രണ്ടാംവര്‍ഷ വിദ്യാര്‍ഥിനിയായ മുന്‍സിയ ചിത്രരചനയില്‍ തനിക്ക് മുന്‍പേയുള്ള താല്‍പര്യത്തെ കൂട്ടുപിടിച്ച് സ്വപ്രയത്‌നത്താല്‍ വാള്‍ ആര്‍ട്ടിലൂടെയും ഗ്ലാസ് പെയിന്റിംഗിലൂടെയും അറബിക് കാലിഗ്രഫിയിലൂടെയും മനോഹരങ്ങളായ സൃഷ്ടികളാണ് വരച്ചെടുത്തത്. മുന്‍സിയയുടെ അറബിക് കാലിഗ്രഫിയുടെ പ്രത്യേകത മുളയില്‍ സ്വന്തം നിര്‍മ്മിച്ചെടുത്ത പേനയാണ് ഇതിന് ഉപയോഗിച്ചിരിക്കുന്നതെന്നതാണ്. കാപ്പിപ്പൊടി ഉപയോഗിച്ചും മുന്‍സിയ ചിത്രങ്ങളില്‍ പരീക്ഷണം നടത്തുന്നുണ്ട്. ഇവയെല്ലാം വിജയിപ്പിക്കാനും ഈ മിടുക്കിക്ക് സാധിക്കുന്നു. തരുവണ ഏഴാംമൈലിലെ പള്ളിയാലില്‍ നിസാമുദ്ധീന്റെ ഭാര്യയായ മുന്‍സിയ കോളജ് തലത്തില്‍ ചിത്രരചനയില്‍ നിരവധി സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്. ലോക്ക്ഡൗണ്‍ കാലത്ത് സ്വായത്തമാക്കിയ തന്റെ കഴിവുകള്‍ കൂടുതല്‍ മികവുറ്റതാക്കാനുള്ള വിവിധ പരീക്ഷണങ്ങളിലാണ് മുൻസിയ.