മഹേന്ദ്ര സിങ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനത്തിൽ തന്നെയാണ് ധോണി വിരമിക്കൽ പ്രഖ്യാപിച്ചത്. 2019 ലോകകപ്പിലാണ് ധോണി അവസാനമായി ഇന്ത്യക്ക് വേണ്ടി കളിച്ചത്. പിന്നീട് സജീവ ക്രിക്കറ്റിൽ നിന്ന് മാറിനിൽക്കുകയായിരുന്നു. 2007ലെ ടി20 ലോകകപ്പിലും 2011ലെ ഏകദിന ലോകകപ്പിലും ഇന്ത്യയെ കിരീട വിജയത്തിലേക്ക് നയിച്ചത് ധോണി. 15 വർഷത്തോളം നീണ്ട ക്രിക്കറ്റ് കരിയറിനാണ് അദ്ദേഹം വിരാമമിട്ടിരിക്കുന്നത്. 2014 ഡിസംബറിലാണ് ധോണി ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത്. ധോണിയുടെ പിൻഗാമിയായി പിന്നീട് വിരാട് കോലിയാണ് ടെസ്റ്റിൽ ഇന്ത്യയെ നയിച്ചിരുന്നത്. പിന്നീട് ലിമിറ്റഡ് ഓവർ ക്യാപ്റ്റൻ സ്ഥാനവും ധോണി ഒഴിഞ്ഞു. ഇൻസ്റ്റഗ്രാമിലൂടെയാണ് ധോണി വിരമിക്കൽ അറിയിച്ചത്.