രാജമല സംഭവത്തിന്റെ പശ്ചാത്തലത്തിൽ നജീബ് വി.ആർ. എന്ന വയനാട്ടിലെ തോട്ടം തൊഴിലാളികൾക്കിടയിൽ ജനിച്ചു വളർന്ന യുവാവിന്റെ ഫെയിസ് ബുക്ക് കുറിപ്പ് ശ്രദ്ധേയമാകുന്നു.
കുറിപ്പിന്റെ പൂർണ്ണ രൂപം..
“ഉയരം കൂടുന്തോറും ചായയുടെ രുചികൂടുമെന്ന” പരസ്യവാചകവും കേട്ട് മൂന്നാറിലും വയനാട്ടിലും പ്രകൃതി ഭംഗിയും കണ്ട് മഴ കൊണ്ട് ആസ്വദിച്ച് വല്ലപ്പോഴും അടുത്ത ഹോം സ്റ്റേയിൽ താമസിച്ച് തൊഴിലാളികളോട് താത്കാലിക ഐക്യദാർഢ്യം കാണിക്കാൻ ഫോട്ടോ എടുത്ത് അവരുടെ ജീവിത സാഹചര്യങ്ങളിൽ ഒന്ന് സഹതപിച്ച് ഒരു “വാഹ്” ഫീലിങ്ങോടെയാവും ബഹു ഭൂരിപക്ഷം ജനങ്ങളും തോട്ടങ്ങളെ കാണുന്നത്. ജെനെറേഷനുകൾ വിദേശ-സ്വദേശ കുത്തകൾക്ക് വേണ്ടി പറഞ്ഞതിലധികം ചപ്പ് പറിച്ചിട്ടും ഒരു പൈസ പോലും കൂട്ടി കൊടുക്കാതെ സോഷ്യൽ മൊബിലിറ്റിയുടെ ഒരു തട്ടിലും മുന്നോട്ട് പോവാതെ പാടികളിലെ ഒറ്റമുറികളിൽ ജീവിതം തള്ളിനീക്കുന്നവരാണ് തൊഴിലാളികൾ. ഇനിയും തലമുറകളോളം തോട്ടത്തിൻ്റെ നിഴലിൽ മാത്രം ജീവിതം മുന്നോട്ട് പോവാൻ വിധിച്ചവർ. ബ്രീട്ടീഷുകാർ ബോണ്ടഡ് വർക്കേർസ് ആക്കി മാറ്റിയ മുൻ തലമുറയിലെ മുന്നോ നാലോ ജനറേഷനിൽ പ്പെട്ടവരാണ് ഇന്ന് മണ്ണിനടിയിലായ ചിലർ. സാമുഹിക പുരോഗതിയുടെ ഒരു അളവുകോലിലും കണ്ണി ചേർക്കാത്ത തോട്ടം തൊഴിലാളികൾ, മഴ പെയ്യുമ്പോൾ തകർന്ന് വീഴാറായ ബ്രിട്ടീഷുകാർ പണിത ലയങ്ങൾ മാത്രമാണ് ഇന്നും അഭയമെങ്കിൽ ചരിത്ര പരാമായ ഒരു നീതികേടിൻ്റെ നേർസാക്ഷ്യമാണത്.
രാജമലയിലെ പെട്ടിമുടിയിൽ മരിച്ച തോട്ടം തൊഴിലാളികൾക്ക് ആദരാജ്ഞലികൾ”