പള്ളി പൊളിക്കാൻ മുൻപന്തിയിലുണ്ടായിരുന്ന ഹിന്ദുത്വ ഭീകരവാദി മനുഷ്യനായി മാറിയ കഥ ഇങ്ങനെ, പള്ളി പൊളിച്ച് രാമരാജ്യം പണിയുന്നവർ അറിയാൻ… അന്ന് ബാബരി പള്ളിക്ക് മുകളിൽ കയറി മഴുകൊണ്ട് പള്ളി കുത്തി പൊളിച്ചു ; ഇന്ന് മുസ്ലീമായി നൂറോളം പള്ളികൾ നിർമ്മിച്ച് പ്രായശ്ചിത്തം നടത്തി ജീവിക്കുന്നു ; അറിയണം ബൽബീർ സിങ് മുഹമ്മദ് അമീറായ വിചത്രമായ കഥ. ബാബ്റി മസ്ജിദിന്റെ മുകളിൽ ആദ്യം കയറി പള്ളി പൊളിക്കാൻ നേതൃത്വം നൽകി ഹീറോയായ കർസേവകൻ ബൽബീർ സിങ് പിന്നീട് മുഹമ്മദ് ആമീർ ആയി മാറി പ്രായശ്ചിത്തമായി നിർമ്മിച്ച് നൽകിയത് നൂറിലധികം പള്ളികൾ.
1992 ഡിസംബർ 6 നു ബാബരി മസ്ജിദിന്റെ മധ്യത്തിലെ ഏറ്റവും ഉയർന്ന
ഗോപുരത്തിൽ മഴു കൊണ്ട് ആദ്യത്തെ ആക്രമണം നടത്തിയ കർസേവകരിൽ ഒരാളായിരുന്നു ബൽബീർ സിങ്. ഹരിയാനയിലെ പാനിപത്തിൽ ജനിച്ച ബൽബീർ ശിവസേസനയിലും, ആർഎസ്എസ്സിലും അംഗമായിരുന്നു.
ഡിസംബറിലെ ആദ്യ ദിവങ്ങളിൽ അയോധ്യയിലേക്ക് പോകാൻ തയ്യാറായ എന്നോട് “എന്തെങ്കിലും ചെയ്യാതെ തിരിച്ചുവരരുത്” എന്നായിരുന്നു സുഹൃത്തുക്കൾ പറഞ്ഞത് എന്ന് ബൽബീർ സിങ് എന്ന മുഹമ്മദ് ആമീർ ഓർക്കുന്നു
പള്ളി പൊളിച്ച ശേഷം തിരികെ ജനസസ്ഥലമായ പാനിപ്പത്തിൽ എത്തിയപ്പോൾ വീര പരിവേഷമാണ് ബൽബീറിനും, സുഹൃത്ത് യോഗേന്ദ്ര പാലിനും ലഭിച്ചത്. അയോധ്യയിലെ പള്ളി പൊളിച്ച ശേഷം അവിടെ നിന്നും കൊണ്ടുവന്ന പള്ളിയുടെ അവശിഷ്ടമായ ഇഷ്ടികകൾ വീരോചിതമായി അന്നത്തെ ശിവസേന ഓഫീസിൽ സൂക്ഷിച്ചതും ബൽബീർ ഓർക്കുന്നു.
തുടർന്ന് രാജ്യം മുഴുവൻ കലാപങ്ങളും, അക്രമസംഭവങ്ങളും അരങ്ങേറി ബൽബീർ ഭാര്യയോടൊപ്പം മുസ്ലീങ്ങൾ തിരിച്ചറിയാത്ത പാടത്തും, കൃഷിയിടങ്ങളിലും, പഴയ കെട്ടിടങ്ങളിലും, പാലങ്ങളുടെ അടിയിലുമെല്ലാം അഭയാർത്ഥിയായി ഒളിവിൽ കഴിയാൻ തുടങ്ങി. താടിയുള്ള ആളുകളെ കാണുന്നതുവരെ അക്കാലത്ത് പേടിയായിരുന്നു എന്ന് ബൽബീർ ഓർക്കുന്നു.
തുടർന്ന് പിതാവ് മരിച്ചപ്പോഴാണ് തിരികെ പാനിപ്പത്തിലേക്ക് പോയത് എന്നാൽ പിതാവ് മരിക്കാൻ കാരണം ബൽബീർ ആണെന്ന് ആരോപിച്ച ബന്ധുക്കൾ ബൽബീറിനെ അംഗീകരിക്കാനോ തിരികെ വീട്ടിൽ കയറ്റാനോ തയാറായില്ല.
അങ്ങനെയിരിക്കെയാണ് ബൽബീർ ആ ഞെട്ടിക്കുന്ന വിവരം അറിയുന്നത് . ഡിസംബർ ആറിന് തന്നോടൊപ്പം ബാബരി മസ്ജിദ് പൊളിക്കാൻ വന്ന യോഗേന്ദ്ര പാൽ എന്ന സുഹൃത്ത് മുസ്ലിം മതം സ്വീകരിച്ച വിവരം ബൽബീർ അറിഞ്ഞു. അങ്ങനെ ബൽബീർ യോഗേന്ദ്രയെ കാണാൻ പോയി. തന്റെ ഭ്രാന്തൻ ചിന്തകളും, ഭയവുമെല്ലാം ഇല്ലാതാക്കിയത് ഇസ്ലാം മതത്തിൽ ചേർന്നപ്പോഴാണ് എന്നു യോഗേന്ദ്ര ബൽബീറിനോട് പറഞ്ഞു. യോഗേന്ദ്രയോടു സംസാരിക്കവെ തനിക്കും താൻ ചെയ്ത തെറ്റ് ഓർത്ത് ഭ്രാന്താകുമോ എന്ന് ബൽബീർ പരിഭ്രമിച്ചു. തുടർന്നാണ് പരിഭ്രമമല്ല ചെയ്ത തെറ്റോർത്ത തനിക്ക് ഭ്രാന്തുപിടിച്ചിരുന്നു എന്നത് ബൽബീർ മനസിലാകുന്നത്.
അയോധ്യയിലെ പള്ളി പൊളിച്ചതിനു കൃത്യം ആറു മാസങ്ങൾക്ക് ശേഷം 1993 ജൂണിൽ സുഹൃത്ത് യോഗേന്ദറിനൊപ്പം സോനിപ്പത്തിലെ മൗലാനാ കാലിം സിദ്ദിഖി എന്ന മത ആചാര്യനെ കാണാൻ ബൽബീറും യോഗീന്ദറും പോകുന്നത്. യോഗീന്ദറിനെ ഇസ്ലാം മതത്തിലേക്ക് മാറ്റിയത് മൗലാന സിദ്ധിഖിയായിരുന്നു.
ഉത്തരേന്ത്യയിൽ നിരവധി, സ്കൂളുകളും, മദ്രസ്സകളും നടത്തുന്ന മുസാഫർ നഗറിലെ ജമായത് ഇമാം വാലിയുള്ള ചാരിറ്റബിൾ ട്രസ്റ്റിന്റെ തലവനായിരുന്നു മൗലാന സിദ്ധിഖി.
ബൽബീറിനോടൊപ്പം മുസാഫാർനഗറിലെ ട്രസ്റ്റിലെത്തിയ യോഗീന്ദർ മൗലാനയോടു കാര്യം അറിയിക്കുകയും മദ്രസയിൽ താമസിക്കാൻ മൗലാന സിദ്ധിഖി ബൽബീറിനെ അനുവദിക്കുകയും ചെയ്തു. താൻ ബാബരി മസ്ജിദ് പൊളിക്കാൻ ഉണ്ടായിരുന്നു എന്ന് പറഞ് പൊട്ടിക്കരഞ്ഞുകൊണ്ടായിരുന്നു സിദ്ധിഖിയോട് സംസാരിച്ചതെന്ന് ബൽബീർ സിങ് ഓർക്കുന്നു. മാത്രവുമല്ല പ്രായശ്ചിത്തമായി പള്ളികൾ പണിയുന്നതിൽ പങ്കാളിയാകണം എന്നും ആഗ്രഹം ബൽബീർ പങ്കുവെച്ചു. തുടർന്ന് മദ്രസയിൽ താമസമാക്കിയ ബൽബീർ ഇസ്ലാം മതം സ്വീകരിക്കുകയും മുഹമ്മദ് ആമീർ എന്ന പേര് സ്വീകരിക്കുകയും ചെയ്തു.
എന്റെ ജീവിതം വീണ്ടും ചലിച്ചു തുടങ്ങി “Aur meri zindagi phir se chal padi (my life got back on the rails again ) ” ബൽബീർ ഓർക്കുന്നു . തുടർന്ന് അറബി പഠിക്കുകയും ഖുറാൻ വായിക്കുകയും പഠിക്കുകയും ചെയ്ത ബൽബീർ മദ്രസയിൽ അധ്യാപകനായി. ഇംഗ്ലീഷിലുള്ള പ്രഗൽഭ്യവും അദ്ദേഹത്തിന് അധ്യാപനത്തിൽ സഹായകരമായി. അതേസമയം തന്നെ ബൽബീറിന്റെ ഭാര്യ തിരികെ വരികയും സ്വമേധയാ ഇസ്ലാം മതം സ്വീകരിച്ച ശേഷം ബൽബീറിനോടൊപ്പം മദ്രസയിൽ ഒരുമിച്ച് ജീവിക്കാനും തുടങ്ങി. അവിടെവെച്ചാണ് ബൽബീറിന് നാല് മക്കൾ ഉണ്ടായത്. 1993 മുതൽ 2017 വരെ ഉത്തർപ്രദേശിലും, ഹരിയാനയിലും, ഉത്തരേന്ത്യയിലെ വിവിധ പ്രദേശങ്ങളിലുമായി വാലിയുള്ള ട്രസ്റ്റുമായി സഹകരിച്ച് നൂറോളം പള്ളികൾ പുനഃസ്ഥാപിക്കുകയും, നിർമ്മിക്കുകയും, കയ്യേറ്റങ്ങൾ ഒഴിപ്പിച്ച് നിസ്കാരത്തിന് തയ്യാറാക്കുകയും ചെയ്തു. ചില സ്ഥലങ്ങളിൽ മദ്രസകൾ സ്ഥാപിച്ചു. വിദ്യാഭ്യാസത്തിൽ പിന്നോക്കം നിൽക്കുന്ന മുസ്ലിം സമുദായത്തെ അക്കാര്യത്തിൽ പരിപോഷിപ്പിക്കാനും ബൽബീർ എന്ന മുഹമ്മദ് ആമീർ ശ്രമിച്ചു.
ഒരിക്കൽ ഹിന്ദുവായിരുന്ന ഞാൻ മുസ്ലീങ്ങളോട് പകയും വിദ്വേഷവും മനസിൽ കൊണ്ടുനടന്ന ആളായിരുന്നു. പക്ഷെ ഇപ്പോൾ എനിക്ക് സമാധാനമുണ്ട് മുഹമ്മദ് ആമീർ പറയുന്നു. ആരോഗ്യം തളർത്തുന്നുണ്ടെങ്കിലും സാമൂഹിക സേവനവും പള്ളി പൊളിച്ചതിനുള്ള പ്രായച്ഛിത്തവുമായി ബൽബീർ എന്ന മുഹമ്മദ് അമീർ ചരിത്രപരമായി ചെയ്ത തെറ്റ് തിരിച്ചറിഞ് എല്ലാ മതങ്ങളെയും ബഹുമാനിച്ചുകൊണ്ട് ഒരു മനുഷ്യനായി ഇപ്പോഴും ജീവിക്കുന്നു..
എഴുതിയത്ഃ
അഡ്വ ശ്രീജിത്ത് പെരുമന