കല്‍പ്പറ്റ: ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ മണ്ണിടിച്ചിൽ ഭീഷണി നേരിടുന്ന വയനാട് ജില്ലയിലെ കുറിച്യാർമല പ്രദേശത്ത് താമസിക്കുന്ന ജനങ്ങളോട് തല്‍സ്ഥലത്തു നിന്നും മാറി താമസിക്കാൻ വില്ലേജ് ഓഫീസർ നിർദ്ദേശം നൽകി. കഴിഞ്ഞ രണ്ടു വർഷങ്ങളിൽ മണ്ണിടിച്ചിലും ഉരുൾപ്പൊട്ടലുമുണ്ടായ അച്ചൂരാനം വില്ലേജിൽ ഉള്‍പ്പെട്ട കുറിച്യാര്‍മല, വലിയപാറ, മേൽമുറി, സേട്ടുകുന്നു ഭാഗങ്ങളിലുള്ള ജനങ്ങളോടാണ് ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ ജാഗ്രത നിർദേശത്തെത്തുടർന്ന് ജനങ്ങളോട് മാറിത്താമസിക്കാൻ നിർദ്ദേശം നല്‍കിയിരിക്കുന്നത്. നിലവില്‍ ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ട് പൊഴുതന ഗ്രാമപഞ്ചായത്തില്‍ സര്‍വ്വകക്ഷി യോഗം ചേര്‍ന്നിരിക്കുകയാണ്. അതേസമയംപൊഴുതന ഗ്രാമപഞ്ചായത്തിലെ പത്തു വാർഡുകൾ കണ്ടൈൻമെൻറ് സോണായി പ്രഖ്യാപിച്ചതിനെ തുടർന്ന് ഈ പ്രദേശത്തുള്ളവരേയും മാറ്റിപ്പാര്‍പ്പിക്കുന്നത് ഭരണാധികളേയും ആശങ്കയിലാക്കുന്നുണ്ട്.