പാതയോരത്തു നിന്ന് അന്യം നിന്നുപോകുന്ന നാട്ടുമാവുകൾക്കിടയിൽ ഇനിയും ചിലവ വസന്തത്തെ ഓർമ്മപ്പെടുത്തി പൂക്കുകയും കായ്ക്കുകയും ചെയ്യുന്നു. പക്ഷേ ഒരു വിപൽ സൂചന പോലെ മാമ്പഴക്കാലം മറന്ന ബാല്യം ഇന്നാ മാഞ്ചോട്ടിലില്ല. നാട്ടുമാമ്പഴത്തിന്റെ മധുരം കൊണ്ടടങ്ങുന്നതല്ല പുതു ബാല്യത്തിന്റെ രസനയിലെ മധുരത്തിനായുള്ള അത്യാർത്തി.
ഇത് ശ്രീ: മംഗലശ്ശേരിമാധവന്മാസ്റ്റർ
ഒരു ജില്ലയിലാകെയുള്ള ജനങ്ങളുടെ മനസ്സിൽ പാടിപ്പതിഞ്ഞ ഒരു പഴമ്പാട്ടിന്റെ ഈണമായി മനസ്സിലുള്ള പേരിന്നുടമ.
പെരുമയാർന്നതും ഒട്ടും സമ്പന്നമല്ലാത്തതുമായ ഒരു മധ്യവർഗ്ഗ നായർ തറവാട്ടിലാണ് മാസ്റ്ററുടെ ജനനം.
പ്രാഥമിക വിദ്യാഭ്യാസത്തിനൊപ്പം തന്നെ വായനയും എഴുത്തും അഭിയനവും എല്ലാം ഇടകലർന്ന ബാല്യം. പുതു സ്വപ്നങ്ങളുമായി സ്വാതന്ത്ര്യ യാനന്തര ഭാരതം ഗാന്ധി ചിന്തകളും നഹറുവിയൻ ആധുനികതയും അനുശീലനമാക്കിയ ബാല്യങ്ങൾക്കൊപ്പമയിരുന്നു ശ്രീമംഗലശേരിയുടെയും കുട്ടിക്കാലം. പത്താം ക്ലാസ് പഠനവും അധ്യാപക പരിശീലനവും പൂർത്തിയാക്കിയ ശേഷം ജന്മഗ്രാമമായ ചെറുകരക്ക് തൊട്ടടുത്തുള്ള വെള്ളമുണ്ട എ.യു.പി.സ്കൂളിൽ അധ്യാപകനായി ജീവിതവൃത്തിയിൽ പ്രവേശിക്കുന്നു. അക്കാലം ഗാന്ധിയൻ ദർശനവും ജനാധിപത്യ മതേതര മൂല്യങ്ങളുംകോൺഗ്രസ്സ് കാത്തുസൂക്ഷിച്ചിരുന്നു എന്നതിനാൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് പ്രതിനിധീകരിക്കുന്ന രാഷ്ട്രീയത്തോടായിരുന്നു മംഗലശ്ശേരിക്ക് ആഭിമുഖ്യം.കുടംബ പശ്ചാത്തലവും സാമൂഹ്യ സാഹചര്യങ്ങളും അത്തരമൊരു രാഷ്ടീയ പക്ഷനിർണ്ണയത്തിനു നിമിത്തമായിരിക്കാം.
കാലാന്തരത്തിൽ അധ്യാപനത്തിനൊപ്പം രാഷ്ട്രീയ പ്രവർത്തനവും അധ്യാപക ഘടനാ പ്രവർത്തനനങ്ങളിലും അദ്ദേഹം വ്യാപൃതനായി.പ്രഭാഷകനെന്ന നിലയിൽ വൈകാതെയദ്ദേഹം കേൾവിക്കാരുടെ ആദ്യ പരിഗണനകളിലിടം നേടി.
അധ്യാപനത്തിന് അറിവിന്റെ ആഴവും പരപപ്പും നൽകിയഇദ്ദേഹത്തിന്റെ ക്ലാസ്സുകൾ ആയിരക്കണക്കായ ശിഷ്യഗണങ്ങളുടെ കാതുകളിൽഗൃഹാതുര സ്മൃതിയായിന്നുമുണ്ടെന്നു തീർച്ച. ഇന്ന് രാഷ്ടീയ സാംസ്കാരിക രംഗങ്ങളിൽ സജീവ സാന്നിദ്ധ്യമായ പലരുടേയും വളർച്ചയിലും അഭ്യു ന്നതിയിയും അന്നത്തെ അദ്ദേഹത്തിന്റെ സാമൂഹ്യ പാഠം ക്ലാസുകൾ നിമിത്തമായി എന്നത് അവരവർ തന്നെ ഓർത്തു പറയുന്ന വസ്തുതയാണ്.കാസർഗോഡും വയനാടുമുൾപ്പെട്ട അഭിഭക്ക്തD.C.C. യുടെ നേതൃ നിരയിലുണ്ടായിരുന്ന ശ്രീ.മംഗലശ്ശേരിയോളം സീനിയറായ മറ്റാരും കോൺഗ്രസ്സ് രാഷ്ട്രീയത്തിൽ ജില്ലയിൽ ഇന്നില്ല. ഔദ്യോഗിക അംഗീകാരങ്ങളെന്ന നിലയിൽ അധ്യാപകർക്കുള്ള രാഷ്ട്രപതിയുടെ ദേശീയ അധ്യാപക ബൊഹുമതി 1990 ൽ ശ്രീ:മംഗലശ്ശേരിയെത്തേടിയെത്തി. ബഹുമതി നൽകിയ സ്ഥാപനം അതേറ്റു വാങ്ങിയ വ്യക്തിയാൽ ബഹുമാനിതമായ നിമിഷമാണ് അതെന്നു നിസംശയം പറയാം.
രാഷ്ടീയത്തിന്റെ ചതുരംഗക്കളം മംഗല്ലരിക്ക് ചേർച്ചയുള്ള പ്രവർത്തന മണ്ഡലമായിരുന്നില്ലെന്ന തോന്നൽ എന്നുമു തലോ മനസ്സിലുണ്ട്. കുതികാൽ വെട്ടിന്റെയും ഒളിയസ്ത്ര പ്രയോഗത്തിന്റെയും കളരിയലഭ്യസിച്ചിട്ടില്ലാത്ത മംഗലശ്ശേരിക്ക് രാഷ്ട്രീയത്തിന്റെ നിലവിലെ വഴുവഴുപ്പിൽ നിലനിന്നുപോകാനുള്ള ശരീരിക ക്ഷമത നന്നേ കുറവാണ്..
വ്യാജ ഗാന്ധിസത്തിന്റെ
ഉജാല മുക്കി അലക്കിത്തേച്ച കോൺഗ്രസ്സ് രാഷ്ട്രീയത്തിന്റെ സ്റ്റിഫ് ആൻറ് ഷയിൻ പളപളപ്പ് മംഗലശ്ശേരിയിലില്ല. മലയാളി നേടിയെന്ന് അഹങ്കരിച്ച് മേനി പറയുന്ന നവോത്ഥാന പരിശ്രമങ്ങളുടെ വില്ലുവണ്ടികൾ നമ്മുടെ പുത്തൻ സിന്തറ്റിക്ക് റോഡുകൾക്ക് ചേരില്ല. ശ്രീനാരായണനും അയ്യങ്കാളിയും മുഹമ്മദബ്ദുറഹിമാനുമൊക്കെ കേവലം വഴിപോക്കർ. നാം ദൈവങ്ങളെപ്പോലും പുതുക്കിപ്പണിത സൂത്രശാലികൾ.ബ്രഹ്മാണ്ഡ മഹാസങ്കല്പവും, സൃഷ്ടി സ്ഥിതി സംഹാര മൂർത്തിയുമായ ദൈവത്തെപ്പോലും വെട്ടിച്ചുരുക്കി കൈക്കൂലി ഇരന്നു വാങ്ങുന്ന കോർപ്പറേറ്റ് മുതലാളിയാക്കി മാറ്റിയവർ.
കേവമനുഷ്യനോളംചെറുതാക്കി ദൈവ സങ്കല്പം തന്നെതിരുത്തിക്കുറിച്ചു നമ്മൾ.
എത്രയെത്ര ആൺ പെൺ ആണ്ടാളുകൾ ! മതനിരപേക്ഷ സ്വഭാവമാർന്ന സ്ത്രീവിരുദ്ധ പൗരോഹിത്യ രാഷ്ട്രീയ പക്ഷം പോലും ആധുനിക കേരളത്തിൽ കൊടി പിടിച്ചു മുന്നേറുന്നു.!
പിഴുതെറിഞ്ഞ നവോത്ഥാനത്തിന്റെ കുഴിയിൽ നാം മധ്യകാലത്തിന്റെ തൈ നട്ടുനനക്കുന്നു.
ഇവിടെയാണ്
ശ്രീ: ‘മംഗലശ്ശേരിയെപ്പോലുള്ളൊരു
നിസ്വാർത്ഥനായ രാഷ്ട്രീയ പ്രവർത്തകന്റെ രാഷ്ട്രീയ ജീവിതം ദുരന്ത സമാനമായി പര്യവസായിക്കുന്നത്.
രാഷ്ട്രീയ പ്രവർത്തകന്റെ ജീവിതം പറയുമ്പോൾ രാഷ്ട്രീയം പറയാതിരിക്കുക വയ്യ. പൊറുക്കുക.
ചരിത്രവും വർത്തമാനവും തിരുത്തി ഇടുങ്ങിയ ദേശീയ വാദത്തിന്റെയും വംശവെറിയുടെയും അധമ രാഷ്ടീയം കൊടിയടയാളമാക്കിയവർക്കൊപ്പം പോകാൻ ദേശീയ തലത്തിലും പ്രാദേശികമായും കോൺഗ്രസ് നേതാക്കൾ വരി നിൽക്കുന്ന കാലം. സ്വയം വില്പനക്ക് വെച്ചിരിക്കുന്ന ജനപ്രതിനിധികൾ. ആദായ വിലക്ക്ആർക്കും വാങ്ങാവുന്ന നില വന്നു ചേർന്നിരിക്കുന്നു കോൺഗ്രസ് രാഷ്ട്രീയത്തിനു്.
മംഗലശ്ശേരിയെ തട്ടിമാറ്റി മുന്നേറിയവരും ഇന്ന് പക്ഷേ ദുഃഖിതരാണ്. ജന്മം കേരളത്തിലായി എന്ന ഗതികേടിനെ പഴിക്കുകയാണവർ. യു .പി യിലോ മധ്യ പ്രദേശത്തോ ജനിച്ചിരുന്നെങ്കിലിവർ താമരയിലയിൽ മലർന്നു കിടന്ന് പെരുവിരലുണ്ണൂവായിരുന്നുവല്ലോ എന്ന ചിന്തയിലാണവർ.
ഒന്ന് തീർച്ച മംഗലശ്ശേരിയെ പ്പോലൊരാൾ ഈ യുദ്ധത്തിൽ പരാജയപ്പെട്ടു എന്നതാണ് അദ്ദേഹത്തിന്റെ നിലപാടുകൾക്കുള്ള അംഗീകാരമായ് നാം കാണേണ്ടത്.
അധർമ്മം വിജയരഥമേറുന്നിടത്ത് ശ്രീ:മംഗലശ്ശേരി ക്കെന്ത് കാര്യം? അയാൾ പരാജയപ്പെട്ടെപറ്റൂ.
ഇന്നും കേരളത്തിൽ സർവ്യാപിയായ വൈദ്യുതിയും ഇന്റർനെറ്റു മെഴിച്ചാൽ ഇദ്ദേഹത്തിന്റെ ജന്മഗ്രാമം കുഗ്രാമമാണ്. അമ്പതുകളിൽ യശശ്ശരീരനായ കെ.ഗോവിന്ദക്കുറുപ്പിന്റെയും മംഗലശ്ശേരിയുടെയും മറ്റും നേതൃത്വത്തിലാരംഭിച്ച റിനൈസ്സൻസ് ലൈബ്രറി യാണ് ആ കൊച്ചു പ്രദേശത്തിന്റെ സാംസ്കാരിക ജീവിതത്തിന് വെളിച്ചവും അടിത്തറയുമായത്.
വയനാട്ടിലെ ഏറ്റവും വലിയ പുസ്തകശേഖര മടങ്ങിയ റഫറൻസ് ഗ്രന്ഥാലയയമാണ് റിനൈസ്സൻസ് ലൈബ്രറി. അത് വയനാട്ടിലെ ഗ്രന്ഥശാലാ, യുക്തിവാദ പ്രസ്ഥാനങ്ങളുൾപ്പെടെ പുരോഗമന പക്ഷത്ത് ഒരു ജീവിതം സക്രിയമായുപയുക്തമാക്കിയ കെ. ഗോവിന്ദനുള്ള മരണാനന്തരസ്മാരകവും
ശീ: മംഗലശ്ശേരി ഭാരവാഹിത്വം കൊണ്ടും സാന്നിദ്ധ്യം കൊണ്ടും കർമ്മനിരതമാക്കുന്ന പ്രചോദന കേന്ദ്രവുമാണിന്നും.
ഒരിക്കൽ കേരളത്തിലെഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ ജീവാമാത്മാ യിരുന്ന
പി.എൻ.പണിക്കർ പറഞ്ഞു.
ഗോവിന്ദൻ അഞ്ഞൂറു വർഷവും മാധവൻ മുന്നൂറു വർഷവും ജീവിക്കട്ടെയെന്ന്
ഒരു പ്രാർത്ഥന പോലെ.
മുഗലശ്ശേരിയുടെ ബഹുമുഖ കർമ്മ മേഖലകളിൽ ഒന്നാണ് സഹകരണ പ്രസ്ഥാനം. കേരളത്തിന്റെ വിവിധ സംസ്ഥാന-ജില്ല -പ്രാദേശിക സൗകരണ സംഘങ്ങളിൽ ഭയണ സാരഥ്യം വഹിച്ചിരുന്ന ഇദ്ദേഹം.,ഇന്നും തരുവണ സഹകരണ ബാങ്ക് അധ്യക്ഷനായി തുടരുന്നു.
വ്യക്തിജീവിതത്തിലും ദുരന്തങ്ങളും ദു:ഖങ്ങളും അദ്ദേഹത്തെ വേട്ടയാടി. അതിലൊന്ന് മുട്ടിൽ WMOഅട്സ് ആന്റ് സയ്സ് കോളേജിലെ അധ്യാപികയും ആക്ടിവിസ്റ്റും എഴുത്തുകാരിയുമായിരുന്നമൂത്ത മകൾ | ശ്രീലത മംഗലശ്ശേരി യുടെ അകാല
വിയോഗമാണ്. മറ്റു രണ്ട് പെൺകുട്ടികൾ അച്ഛന്റെയും അമ്മയുടെയും പാത സ്വീകരിച്ച് അധ്യാപനം തൊഴിലായി സ്വീകരിച്ച് സകുടുംബം ജീവിക്കുന്നു. .ഭാര്യ ചന്ദ്രമതി ടീച്ചർക്കൊപ്പം ചെറുകരയിലെ വീട്ടിൽ എൺപതാം വയസ്സിലും ദാമ്പത്യ ജീവിതത്തിന്റെ കൂടി മധുരോദാത്ത മാതൃകയായി,
കർമ്മനിരതനും കലുഷമായ കാലത്തിന്റെ സാക്ഷിയുമായി അദ്ദേഹമുണ്ട്.
മംഗലശ്ശേരി വർത്തമാനകാല രാഷട്രീയത്തിന്റെ പൊതു ഇടത്തിൽ ചേർച്ച ഒട്ടുമില്ലാത്ത വ്യക്തിയാണ്.
ആ വ്യക്തി വിശുദ്ധിയാണ് അദ്ദേഹത്തെ സ്വീകാര്യനും സ്മരണീയനമാക്കുന്നത്.
( എഴുതിയത്ഃ സാംസ്‌കാരിക പ്രവർത്തകനും എഴുത്തുകാരനുമായ ടി.കെ. ഇബ്രാഹിം)