ബീജിംഗ്: ചൈനയിൽ വീണ്ടും കൊവിഡ് കേസുകളിൽ വൻ വർധന. കഴിഞ്ഞ ദിവസം മാത്രം 3400 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. രണ്ട് വർഷത്തിനിടെ റിപ്പോർട്ട് ചെയ്ത ഏറ്റവും വലിയ പ്രതിദിന വർദ്ധനയാണിത്. വടക്കു പടിഞ്ഞാറൻ പ്രവിശ്യകളിലെ നഗരങ്ങളിൽ ചൈന വീണ്ടും ലോക്ക് ഡൗൺ പ്രഖ്യാപിച്ചു.
രണ്ട് വർഷത്തിനിടെ ചൈനയിലെ ഏറ്റവും ഉയർന്ന കൊവിഡ് പ്രതിദിന കണക്കാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. ഗ്രാമ, നഗര മേഖലകളിൽ ഒരു പോലെ വൈറസ് പടർന്നതോടെ നിയന്ത്രണങ്ങൾ വീണ്ടും ശക്തമാക്കി. ഷാങ്ഹായ് പ്രവിശ്യയിലെ സ്കൂളുകൾ അടച്ചു പൂട്ടി. ജിലിൻ അടക്കം നിരവധി നഗരങ്ങളിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. വടക്ക് പടിഞ്ഞാറൻ മേഖലകളിലാണ് കൊവിഡ് കൂടുതലായി പടരുന്നത്. 19 പ്രവിശ്യകളിലാണ് നിയന്ത്രണങ്ങൾ. ഷെൻഹെൻ പ്രവിശ്യയിലെ 9 ജില്ലകളിൽ നിയന്ത്രണങ്ങളുണ്ട്. ഒരു ലക്ഷത്തോളം പേർ താമസിക്കുന്ന യാൻജി പ്രാദേശിക നഗരം പൂർണ്ണമായും പൂട്ടി. വടക്ക് കൊറിയയുമായി അതിർത്തി പങ്കിടുന്ന പ്രദേശമാണിത്.