മാനന്തവാടി: 1973 ൽ സ്ഥാപിതമായ മാനന്തവാടി സെൻ്റ് ജോർജ് യാക്കോബായ സുറിയാനി പള്ളി സുവർണ്ണ ജൂബിലി നിറവിൽ. ഇതിൻ്റെ ഭാഗമായി ഒരു വർഷം നീണ്ടു നിൽക്കുന്ന പരിപാടികൾ സംഘടിപ്പിക്കും. 12 ന് രാവിലെ 9.30ന് ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം ഒ.ആർ. കേളു എംഎൽഎ നിർവഹിക്കും. സൗജന്യ ആയുർവേദ മെഡിക്കൽ ക്യാംപ് നഗരസഭാ അധ്യക്ഷ സി.കെ. രക്തവല്ലി ഉദ്ഘാടനം ചെയ്യും. സുവർണ്ണ ജൂബിലി ലോഗോ രൂപകൽപന ചെയ്ത അനീസ് മാനന്തവാടിയെ നഗരസഭാ സ്ഥിരം സമിതി അധ്യക്ഷ അഡ്വ. സിന്ധു സെബാസ്റ്റ്യൻ ഉപഹാരം നൽകി ആദരിക്കും. ആദ്യം റജിസ്റ്റർ ചെയ്യുന്ന 100 പേർക്കാണ് ഭാരതീയ ചികിത്സാ വകുപ്പിൻ്റെയും നാഷണൽ ആയുഷ് മിഷൻ്റെയും ആഭിമുഖ്യത്തിൽ നടക്കുന്ന സൗജന്യ മെഡിക്കൽ ക്യാംപിൽ പങ്കെടുക്കാൻ കഴിയുക. ഫോൺ – 9495526338. 12 ന് രാവിലെ മഞ്ഞനിക്കര ബാവായുടെ പ്രതിമാസ ഓർമ്മപ്പെരുന്നാളും നടക്കും. മാർച്ച് 16, 17, 18 തിയതികളിൽ സുവിശേഷ യോഗവും ഗാനശുശ്രൂഷയും നടക്കും. എംജെഎസ്എസ്എ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 20 ന് ഉണർവ് – വിദ്യാർത്ഥി ക്യാംപ് നടക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജസ്റ്റിൻ ബേബി ഉദ്ഘാടനം ചെയ്യും. ഏപ്രിൽ 9ന് ജ്യോതിർഗമയ പദ്ധതിയുടെ ഭാഗമായി നടക്കുന്ന രക്തദാന ക്യാംപ് ദേശീയ ക്രിക്കറ്റ് താരം സജ്ന സജീവൻ ഉദ്ഘാടനം ചെയ്യും. ജൂബിലിയുടെ ഭാഗമായി കാൻസർ രോഗികൾക്കായി കരുതൽ പദ്ധതി, കർഷകർക്കായി പരിശീലന പരിപാടികൾ, മെഡിക്കൽ ക്യാംപുകൾ, ജീവ കാരുണ്യ പ്രവർത്തനങ്ങൾ എന്നിവയും നടത്തുമെന്ന് വികാരി ഫാ. ഡോ. കുര്യാക്കോസ് വെള്ളച്ചാലിൽ, സഹവികാരി ഫാ. എൽ ദൊ മനയത്ത്, ട്രസ്റ്റി ഷാജി മൂത്താശ്ശേരി, സെക്രട്ടറി കുര്യാക്കോസ് വലിയപറമ്പിൽ, സഭാ മാനേജിങ് കമ്മിറ്റി അംഗം കെ.എം. ഷിനോജ്, ജോ. സെക്രട്ടറി റോയ് പടിക്കാട്ട്, സൺഡേ സ്കൂൾ എച്ച്എം റെനിൽ മറ്റത്തിൽ എന്നിവർ അറിയിച്ചു.