കോഴിക്കോട് :അധ്യാപകനും ഗവേഷകനുമായ ഡോ.അസീസ് തരുവണക്ക് ‘പാട്ടുകൂട്ടം കോഴിക്കോട് ‘ഏര്‍പ്പെടുത്തിയ ആറാമത് കലാഭവന്‍ മണി പുരസ്‌കാരം ലഭിച്ചു.ഗവേഷണഗ്രന്ഥം , നാടന്‍പാട്ട്, നാട്ടുവൈദ്യം , നാടോടിനൃത്തം , കലാ സംഘാടനം , ശാസ്ത്രീയസംഗീതം , ഫോക് ലോര്‍ പ്രചാരണം എന്നീ മേഖലകളില്‍ പ്രാവീണ്യം തെളിയിച്ച എട്ട് പ്രതിഭകള്‍ക്ക് നല്‍കുന്ന അവാര്‍ഡുകളില്‍ മികച്ച ഗവേഷണ ഗ്രന്ഥത്തിനുള്ള അംഗീകാരമാണ് അസീസ് തരുവണക്ക് ലഭിച്ചത്.ഡോ.അസീസ് തരുവണ രചിച്ച് വെസ്റ്റ്‌ലാന്റ് പബ്ലിക്കേഷന്‍സ് ഇംഗ്ലീഷില്‍ പ്രസിദ്ധീകരിച്ച ‘ലിവിംഗ് രാമായണാസ്: ദ പ്ലൂറാലിറ്റി ഓഫ് ദ എപ്പിക് ഇന്‍ വയനാട് ആന്റ് ദ വേള്‍ഡ് എന്ന ഗവേഷണ ഗ്രന്ഥത്തിനാണ് അവാര്‍ഡ്. വയനാടു ജില്ലയിലും മറ്റും നിലനില്‍ക്കുന്ന വാമൊഴി, വരമൊഴി രാമായണ പാഠങ്ങളെ ദേശീയ, അന്തര്‍ദേശീയ തലത്തില്‍ എത്തിക്കുവാന്‍ ഈ കൃതിയിലൂടെ സാധിച്ചുവെന്നാണ് ജൂറി വിലയിരുത്തി. രാമായണത്തിന്റെ വാമൊഴി പാരമ്പര്യത്തേയും ബഹുസ്വരതയയും ആഴമാര്‍ന്ന പഠനത്തിന് വിധേയമാക്കുന്നതാണ് ഈ കൃതി.സംഗീത സംവിധായകനും നാടക പ്രവര്‍ത്തകനുമായ വില്‍സണ്‍ സാമുവല്‍ ചെയര്‍മാനും ചലച്ചിത്ര ഗാനരചയിതാവ് കാനേഷ് പൂനൂര്‍ കണ്‍വീനറുമായുള്ള അഞ്ചംഗ സമിതിയാണ് പുരസ്‌കാര ജേതാക്കളെ തിരഞ്ഞെടുത്തത് .
2022 മാര്‍ച്ച് ആറിന് നാലു മണിക്ക് കോഴിക്കോട് മാനാഞ്ചിറ സ്‌ക്വയര്‍ ഓണ്‍ സ്റ്റേജില്‍ നടക്കുന്ന ”പണിമുഴക്കം 2022 ‘ പരിപാടിയില്‍ വെച്ച് പുരസ്‌കാര വിതരണം നടക്കും.വയനാടു ജില്ലയിലെ തരുവണ സ്വദേശിയായ അസീസ്, ഫാറൂഖ് കോളേജ് മലയാള വിഭാഗം തലവനാണ്. ലിവിംഗ് രാമായണാസ് ഉള്‍പ്പെടെ പതിനെട്ടോളം കൃതികളുടെ കര്‍ത്താവാണ്.അംബേദ്ക്കര്‍ നാഷനല്‍ എക്‌സലന്‍സി അവാര്‍ഡ് വയനാടന്‍ രാമായണം എന്ന ഗ്രന്ഥത്തിന് ലഭിച്ചിരുന്നു.