നിങ്ങൾ വാട്സാപ്പിൽ അറിഞ്ഞ ആ വാർത്തയുടെ സത്യം ഇതാണ്..

General

10000 രൂപ മുതൽ 50000 രൂപ വരെ സഹകരണ സ്ഥാപനങ്ങളിൽ നിന്നും നൽകുന്നു തിരിച്ചടവില്ല… എന്ന് തുടങ്ങുന്ന വാർത്ത.വാർത്ത വായിച്ചാൽ ഒരപേക്ഷയും കൊണ്ട് സഹകരണ ബാങ്കിൽ ചെന്ന്‌ കഴിഞ്ഞാൽ ഉടനടി 50000 രൂപ ലഭിക്കും എന്നാണ് കരുതുക. അതുകൂടാതെ കോവിഡ് സഹായമാണ് എന്നും പറയുന്നുണ്ട്. തെറ്റിദ്ധരിപ്പിക്കുന്നതാണിത്. എന്താണ് വസ്തുത ? ഇത് കേരള സഹകരണ അംഗ സമാശ്വാസ പദ്ധതിയാണ് അതായത് മെമ്പർ റിലീഫ് ഫണ്ട് എന്ന് പറയും .2013 ൽ യു.ഡി.എഫ്. സർക്കാർ ആരംഭിച്ച പദ്ധതിയാണിത്. ലാഭത്തിലുള്ള എല്ലാ സഹകരസ്ഥാപനങ്ങളും അറ്റലാഭത്തിൽ നിന്നും10% മോ അല്ലെങ്കിൽ പരമാവധി 100000 രൂപയോ ഇതിനായി നീക്കിവെക്കണം. പദ്ധതിയുടെ അർഹത വാർത്തയിൽ ഉള്ള പോലെ തന്നെ മാരക രോഗം ഉൾപ്പെടെ ഉള്ളവർക്കാണ്. സഹകരസംഘത്തിൽ മെമ്പറായിരിക്കണം, വാർഷിക വരുമാനം 3 ലക്ഷത്തിൽ കുറവായിരിക്കണം എന്നിങ്ങനെ തുടങ്ങിയ നിബന്ധനകളുണ്ട്. ബന്ധപ്പെട്ട സ്ഥാപനം അപേക്ഷ സ്വീകരിച്ച് സർക്കാറിലേക്ക് സമർപ്പിക്കും. സഹകരണ വകുപ്പ് മന്ത്രി ഉൾപ്പെട്ട ഉന്നതതല കമിറ്റിയാണ് ധനസഹായം അനുവദിക്കന്നത് 50000* രൂപ വരെ ഇത്തരത്തിൽ അനുവദിക്കും. ഒരു പ്രത്യേക കട്ട് ഓഫ് ഡേറ്റ് പദ്ധതിക്കില്ല എപ്പോൾ വേണമെങ്കില്ലും അപേക്ഷ നൽകാം. 2013 ൽ പദ്ധതി ആരംഭിച്ചെങ്കില്ലും വ്യക്തമായ മാർഗ്ഗ നിർദ്ദേശങ്ങൾ സർക്കാർ പുറപ്പെടുവിച്ചിരുന്നില്ല. അതു കൊണ്ടു തന്നെ എല്ലാ സ്ഥാപനങ്ങളും ലാഭത്തിൽ നിന്ന് തുക മാറ്റിവെച്ച് സർക്കാറിലേക്ക് അടയ്ക്കുകയല്ലാതെ മറ്റ് കാര്യങ്ങളൊന്നും തന്നെ ചെയ്തിരുന്നില്ല. 2020 ജുലൈ മാസമാണ് മാർഗ്ഗ നിർദ്ദേശങ്ങൾ അടങ്ങിയ സർക്കുലർ സംസ്ഥാന സഹകരണ രജിസ്ട്രാർ പുറത്തിറക്കിയത്.ഇതിൻ്റെ മറ്റ് നടപടികളിലേക്ക് സഹകരണ വകുപ്പും സ്ഥാപനങ്ങളും കടക്കുന്നതിനിടയ്ക്കാണ് ഇത്തരത്തിലൊരു വാർത്ത വ്യാപകമായി പ്രചരിക്കാൻ തുടങ്ങിയത്. ആരംഭിക്കാൻ പോകുന്ന ഒരു പദ്ധതിയെ തുടക്കത്തിലെ അനാവശ്യ പ്രചരണം നടത്തി ജന വികാരം സ്ഥാപനങ്ങൾക്കെതിരാക്കി മാറ്റാനുള്ള ശ്രമമാണ് ഉണ്ടായിരിക്കുന്നത് എന്ന് സഹകരണ രംഗത്തുള്ളവർ പറയുന്നു. ഓരോ പ്രദേശത്തും പല രാഷ്ട്രീയ പാർട്ടികൾ നേതൃത്ത്വം കൊടുക്കുന്ന ഭരണ സമിതികളാണ് സഹകരണസ്ഥാപനങ്ങൾക്കുള്ളത്. ജനകീയ വിഷയങ്ങളിൽ തീരുമാനമെടുക്കുന്നതിൽ ഈ ഭരണ സമിതികളൊന്നും തന്നെ അമാന്തിച്ചു നിന്നിട്ടില്ല. അത് പ്രളയമാവട്ടെ ,നിപ്പാകാലമാകട്ടെ, മറ്റ് പ്രകൃതി ദുരന്തങ്ങളാകട്ടെ, ഇപ്പോൾ കോറോണ കാലത്തും അങ്ങിനെ എല്ലാ ദുരിതത്തിലും മുന്നിൽ നിന്ന് സഹായിക്കാൻ കേരളത്തിലെ സഹകരണ പ്രസ്ഥാനങ്ങൾ ഉണ്ടായിരുന്നു.ഇത്തരത്തിലൊരു വ്യാജ പ്രചരണത്തിൽ തകർന്നു പോകുന്നതല്ല കേരളത്തിലെ സഹകരണ പ്രസ്ഥാനം എന്ന് ഇത് ഇറക്കിയവരെ ഓർമ്മിപ്പിക്കട്ടെ. പദ്ധതിയുടെ സർക്കുലർ ഇറങ്ങിയെങ്കില്ലും ചില കാര്യങ്ങളിൽ കൂടി വ്യക്തത ഉണ്ടാവേണ്ടതുണ്ട് എന്നതുകൊണ്ടു മാത്രമാണ് അപേക്ഷ സ്വീ കരിക്കാൻ വൈകുന്നത്.നിർദ്ദേശങ്ങൾ തരേണ്ട സർക്കാർ ഓഫീസ് നിൽക്കുന്ന പല സ്ഥലങ്ങൾ കണ്ടെയ്ൻമെൻ്റ് സോണുകളാണ്.ജീവനക്കാർ കുറച്ച് പേരെ ഓഫീസുകളിൽ എത്തുന്നുള്ളൂ. എന്നിരുന്നാലും എല്ലാ വ്യക്തതയും വരുത്തി ഒന്ന് രണ്ട് ദിവസത്തിനകം തന്നെ ബന്ധപ്പെട്ട സ്ഥാപനങ്ങൾ അപേക്ഷ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട അറിയിപ്പുകൾ നൽകുന്നതാണ്.ഒരാശങ്കയ്ക്കും അടിസ്ഥാനമില്ല.അർഹതയുള്ള ആനുകൂല്യം അതിൻ്റെ അംഗങ്ങൾക്ക് വാങ്ങി നൽകാൻ ഓരോ സഹകരണ സ്ഥാപനവും മുന്നിൽ തന്നെയുണ്ടാവുമെന്ന് സഹകരണ ബാങ്കുമായി ബന്ധപ്പെട്ടവർ അറിയിക്കുന്നു. വാട്സാപ് സന്ദേശത്തിന്റെ സത്യാവസ്ഥ ഇതാണെന്നിരിക്കെ പലരും ഇതിനകം തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *