പരിസ്ഥിതി പ്രവർത്തകനും ആലപ്പുഴ താമരക്കുളം വി വി ഹയർസെക്കണ്ടറി സ്കൂളിലെ അദ്ധ്യാപകനും ശാസ്താംകോട്ട പൗർണമിയിൽ എൽ.സുഗതന് 2021ലെ ഗ്ലോബൽ ടീച്ചർ അവാർഡ് ലഭിച്ചു. വിവര സാങ്കേതിക വിദ്യയുടെയും വിദ്യാഭ്യാസ മാനേജ്മെന്റിന്റെയും അത്യാധുനിക പരിശീലന കേന്ദ്രമായ AKS വേൾഡ് വൈഡ് എഡ്യുകേഷൻ സെന്ററാണ് അവാർഡ് നൽകുന്നത്. പാഠ്യ പാഠ്യേതര വിഷയങ്ങളിൽ വിദ്യാർത്ഥികളുടെ കഴിവുകൾ വർധിപ്പിക്കുന്നതിനും രക്ഷിതാക്കളും പൊതുസമൂഹവുമായും പങ്കാളിത്തം സൃഷ്ടിക്കുന്നതിനുമുള്ള സംരംഭങ്ങൾക്ക് നേതൃത്വം നൽകിയവർക്ക് നൽകി വരുന്ന ലോകോത്തര അവാർഡാണിത്. ലോകത്തെല്ലായിടത്തുമുള്ള അദ്ധ്യാപകരിൽ തൊഴിൽ മികവിന്റെ അടിസ്ഥാനത്തിൽ മികച്ച സംഭാവന നൽകിയ ഒരസാധാരണ അദ്ധ്യാപകനെ തിരിച്ചറിയാനും കൂടി ഈ അവാർഡ് ലക്ഷ്യമിടുന്നു.കോവിഡ് കാരണം വെർച്യുൽ പ്ലാറ്റ്ഫോമിലാണ് അവാർഡ് വിതരണം നടന്നത്.
ഇദ്ദേഹത്തിന്റെ സ്കൂളിലെ പ്രവർത്തനങ്ങൾക്ക് സ്കൂൾ മാനേജ്മെന്റ്, സ്കൂൾ ഹെഡ്മാസ്റ്റർ, പ്രിൻസിപ്പൽ, ഉൾപ്പെടെയുള്ള എല്ലാ സഹപ്രവർത്തകരുടെയും പിതുണ ലഭിച്ചു വരുന്നു. സമൂഹത്തിലെ പ്രതിഭകളായ കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി സുഗതവനം ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാന തലത്തിൽ നടപ്പാക്കി വരുന്ന പ്രതിഭാമരപ്പട്ടം അവാർഡ് പദ്ധതി വളരെ ശ്രദ്ധ ആകർഷിച്ചു വരുന്ന ഒരു പരിപാടിയാണ്.
പ്രശസ്ത പരിസ്ഥിതി പ്രവർത്തകയും കവയിത്രിയും കൂടിയായ സുഗതകുമാരിയുടെ സ്മരണാർത്ഥം പ്രവർത്തിച്ചു വരുന്ന സുഗതവനം ചാരിറ്റബിൾ ട്രസ്റ്റിന്റെ ചെയർമാൻ കൂടിയായ സുഗതൻ മാഷിന് മികച്ച അധ്യാപകനുള്ള സംസ്ഥാന അവാർഡും,മികച്ച പരിസ്ഥിതി പ്രവർത്തകനുള്ള സംസ്ഥാന വനമിത്ര അവാർഡും ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.